ആന്തൂര്‍ നഗരസഭ അധികൃതരുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സതീശന്‍ പാച്ചേനിയുടെ പദയാത്ര
Kerala News
ആന്തൂര്‍ നഗരസഭ അധികൃതരുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സതീശന്‍ പാച്ചേനിയുടെ പദയാത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th July 2019, 3:54 pm

കണ്ണൂര്‍: ആന്തൂര്‍ നഗരസഭ അധികൃതരുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ പദയാത്ര. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ ബക്കളത്ത് ആരംഭിച്ച പദയാത്ര ധര്‍മ്മശാലയില്‍ സമാപിക്കും.

ആന്തൂര്‍ നഗരസഭാ അധികൃതരുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും പ്രവാസി വ്യവസായി സാജനെ ആത്മഹത്യയിലേക്ക് നയിച്ച
നഗരസഭാ ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കുന്ന സി.പി.ഐ.എമ്മിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും ജനാധിപത്യവിരുദ്ധ നടപടികള്‍ എന്നിവ ചൂണ്ടികാട്ടിയാണ് പദയാത്ര.

വൈകുന്നേരം ധര്‍മ്മശാലയില്‍ നടക്കുന്ന പൊതുയോഗം കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
എന്നാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് നഗരസഭാ സെക്രട്ടറി പരിശോധിച്ച് ഉറപ്പുവരുത്തിയതോടെ സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു.

അതേസമയം സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥരുടെ മൊഴികള്‍ രേഖപ്പെടുത്തിയെങ്കിലും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താവുന്ന തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.

ജൂണ്‍ 18 നാണ് ബക്കളത്തെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍ (48) ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭാ പരിധിയില്‍ 15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ.

നൈജീരിയയില്‍ ജോലി ചെയ്തിരുന്ന സാജന്‍ മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു.