കണ്ണൂര്‍: വിദൂഷക വേഷം കെട്ടുന്ന പാര്‍ലമെന്ററി വ്യാമോഹിയാണ് എ.പി അബ്ദുള്ളക്കുട്ടിയെന്ന് കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി. പാര്‍ലമെന്ററി വ്യാമോഹിയായ ഒരാളെ കൊണ്ടു നടക്കാന്‍ സാധിക്കില്ലെന്നും പാച്ചേനി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുമോദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് പാച്ചേനിയുടെ വിമര്‍ശനം. കണ്ണൂര്‍ സീറ്റില്‍ തന്നെ തോല്‍പ്പിക്കാന്‍ അബ്ദുള്ളക്കുട്ടി ശ്രമിച്ചു. കച്ചവടം ഉറപ്പിച്ച ശേഷമാണ് അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നും പാച്ചേനി പറഞ്ഞു. അബ്ദുള്ളക്കുട്ടിയെ പുറത്താക്കണമെന്നതായിരുന്നു ജില്ലാ നേതൃത്വത്തിന്റേയും താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലേക്ക് വന്നതും ഇപ്പോള്‍ പോകുന്നതും ഒറ്റക്കാണെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.
പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടും മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത്. ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായും കൃത്യമായ ബോധ്യത്തോടെ എഴുതിയ കുറിപ്പ് തന്നെയാണ് ഇതെന്നുമായിരുന്നു അബ്ദുള്ളക്കുട്ടി കെ.പി.സി.ക്ക് നല്‍കിയ വിശദീകരണം. അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം പരിഹാസ പൂര്‍ണമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബി.ജെ.പിക്ക് മഹാവിജയം നേടിക്കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ടെന്നുമായിരുന്നു അബ്ദുള്ളക്കുട്ടി പോസ്റ്റില്‍ പറഞ്ഞത്.
ഗാന്ധിയുടെ നാട്ടുകാരന്‍ മോദി, തന്റെ ഭരണത്തില്‍ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ ഒരു നയം ആവിഷ്‌ക്കരിക്കുമ്പോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിര്‍വ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു.
മോദിയെ പുകഴ്ത്തിയ എ.പി അബ്ദുള്ളക്കുട്ടിയുടെ നടപടിക്കയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കോണ്‍ഗ്രസില്‍ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ലെന്നും കോണ്‍ഗ്രസുകാരുടെ മനസില്‍ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ലെന്നും വി എം സുധീരന്‍ കുറ്റപ്പെടുത്തിയിരുന്നു.