|

രാഹുല്‍ മാങ്കൂട്ടത്തില്‍ വളര്‍ന്നുവരുന്ന കുട്ടി സതീശന്‍: പി.സരിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെയും വിമര്‍ശിച്ച് പി.സരിന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ വളര്‍ന്നു വരുന്ന കുട്ടി സതീശനാണെന്നായിരുന്നു സരിന്റെ ആരോപണം.

ധാര്‍ഷ്ട്യവും അപക്വമായ പെരുമാറ്റങ്ങളും കൊണ്ടുനടക്കുന്ന ആളാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും ഔചിത്യമില്ലാതെ പെരുമാറുന്ന സമീപനമാണ് രാഹുലിനെന്നും സരിന്‍ പറഞ്ഞു.

പ്രതിപക്ഷനേതാവ് വി.ഡി.സതീശന് ധാര്‍ഷ്ട്യമാണെന്നും താന്‍കോയ്മയാണെന്നും സതീശന്‍ ഏകാധിപതിയാണെന്നും സരിന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

സതീശന് ‘ഐ.ആം.ദി പാര്‍ട്ടി’ എന്ന ചിന്താഗതിയാണെന്നും താന്‍കോയ്മ, ധാര്‍ഷ്ട്യം, ധിക്കാരം എന്നിവ കൊണ്ടുനടക്കുന്ന ആളാണ് സതീശനെന്നും സരിന്‍ പറഞ്ഞു.

സതീശന്റെ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചാല്‍ 2026ല്‍ കോണ്‍ഗ്രസിന് പച്ച തൊടാന്‍ കഴിയില്ലെന്ന ആശങ്ക നിരവധി കോണ്‍ഗ്രസുകാര്‍ക്കുമുണ്ടെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.

വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വന്നത് അട്ടിമറി നീക്കമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ഒരു ഏകാധിപതിയാണെന്നും ഇക്കാര്യങ്ങള്‍ പറ്റുമെങ്കില്‍ പൊടിതട്ടിയെടുക്കണമെന്നും മാധ്യമങ്ങളോട് സരിന്‍ ചൂണ്ടിക്കാട്ടി.

സി.പി.ഐ.എമ്മിനെ എതിര്‍ക്കണമെന്ന് പറഞ്ഞ് ബി.ജെ.പി അനുകൂല നിലപാടെടുക്കുകയാണ് കോണ്‍ഗ്രസ് എന്നും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ജീര്‍ണതകള്‍ കുഴിച്ചുമൂടാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും സരിന്‍ പറഞ്ഞു.

ബി.ജെ.പിയോട് മൃദു സമീപനമുള്ള സതീശന്‍ ഷാഫി പറമ്പിലിനെ വടകരയിലേക്ക് വിട്ടത് ബി.ജെ.പിയെ സഹായിക്കാനാണെന്നും പാലക്കാട് ബി.ജെ.പിയെ വിജയിപ്പിക്കാനാണ് സതീശന്റെ നീക്കമെന്നും സരിന്‍ വിമര്‍ശിച്ചു.

Content Highlight: Satheesan, a child growing up in Rahul Mangkoot: P. Sarin

Video Stories