| Wednesday, 15th June 2022, 5:59 pm

എ പ്ലസ് നേടിയവര്‍ കുറഞ്ഞത് സ്വാഭാവികമോ, യാദൃശ്ചികമോ അല്ല; ഇതിലെ മറിമായം പുറത്തുവരണം: സത്താര്‍ പന്തല്ലൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയവരുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയതിനെതിരെ എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍.

എ പ്ലസ് നേടിയവര്‍ കുറഞ്ഞത് സ്വാഭാവികമോ, യാദൃശ്ചികമോ അല്ലെന്നും ഇതിലെ മറിമായം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു
സത്താര്‍ പന്തല്ലൂരിന്റെ പ്രതികരണം.

‘എസ്.എസ്.എല്‍.സി പരീക്ഷാഫലം വന്നു, വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. എല്ലാ വിഷയത്തിലും ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. ഏറ്റവും കൂടുതല്‍ പേര്‍ നാളെ മുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ക്ക് വേണ്ടി അലയേണ്ടതും മലപ്പുറത്ത് തന്നെ.

കഴിഞ്ഞ വര്‍ഷം മുഴുവന്‍ എ പ്ലസ് നേടിയവര്‍ 1,25,509. ഈ വര്‍ഷം 44363. ഇത് സ്വാഭാവികമോ യാദൃശ്ചികമോ അല്ല. ഇതിലെ മറിമായം പുറത്തുവരണം. ഒരു തലമുറയെ ഇങ്ങിനെ പരീക്ഷണ വസ്തുക്കളാക്കരുത്,’ സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയിട്ടും പ്ലസ് വണിന് സീറ്റുകള്‍ നല്‍കാന്‍ കഴിയുന്നില്ലെന്ന വിദ്യാര്‍ത്ഥികളുടെ പരാതി സര്‍ക്കാറിനെ കഴിഞ്ഞ വര്‍ഷം പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യം ഒഴിവാക്കാന്‍ ഫുള്‍ എ പ്ലസ് കുറച്ചതാണെന്ന ആരോപണമാണിപ്പോള്‍ ഉയര്‍ന്നുവരുന്നത്.

99.26 ശതമാനമാണ് ഇത്തവണത്തെ വിജയ ശതമാനം. 4,23303 വിദ്യാര്‍ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത്. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരാണ്. 99.76 ആണ് കണ്ണൂരിലെ വിജയം. കുറവ് വയനാട് ജില്ലയിലാണ്. ഫുള്‍ എ പ്ലസ് ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 3024 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു.

4,26,999 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തിലും 408 പേര്‍ പ്രൈവറ്റ് വിഭാഗത്തിലുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടന്നത്. പരീക്ഷകള്‍ പൂര്‍ത്തിയായി ഒന്നരമാസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിച്ചത്.

CONTENT HIGHLIGHTS: Sathar PanthalOOr against the reduction of the number of candidates who secured Full A Plus in the SSLC examination

We use cookies to give you the best possible experience. Learn more