കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി- ആര്‍.എസ്.എസ് ചര്‍ച്ച സമുദായത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണെന്ന് സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍. വലിയ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം പറയുന്നുവെന്ന് അവകാശപ്പെടുന്ന ജമാഅത്തെ ഇസ്‌ലാമിയാണ് ഈ ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം പരിഹസിച്ചു. മാതൃഭൂമി ന്യൂസിനോടായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ പ്രതികരണം.
മുസ്‌ലിം സമുദായത്തിനോ മറ്റ് ന്യൂനപക്ഷത്തിനോ ഗുണകരമായ ഒരു സമീപനവും ഈ ചര്‍ച്ചയില്‍ ഉണ്ടായിട്ടില്ലെന്നും ആര്‍.എസ്.എസിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുക മാത്രമാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്ത് ഒരു ഭാഗത്ത് മതേതര കക്ഷികള്‍ ഒന്നിച്ച് നില്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പഴയ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു മുന്നേറ്റം ശക്തിപ്പെടുന്നു. മറ്റ് മതേതര കക്ഷികളില്‍ നിന്നും ഇത്തരം ഏകീകരണത്തിനായുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
ഈ സമയത്ത് അതിനെയെല്ലാം നിറം കെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം സമുദായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് മോശം രീതിയാണ്.
ജമാഅത്തെ ഇസ്‌ലാമി ഇവിടുത്തെ പല ഫാസിസ്റ്റ് വിരുദ്ധപോരാട്ടങ്ങള്‍ക്കും മറ്റ് മുസ്‌ലിം സംഘടനകള്‍ക്ക് തീവ്രത പോര എന്ന് പറഞ്ഞ് മുസ്‌ലിം നേതാക്കളെ ഉപദേശിക്കുന്നവരാണ്. അവരാണ് ആര്‍.എസ്.എസുമായി രഹസ്യ ചര്‍ച്ച നടത്തിയിട്ടുള്ളത്.
മുസ്‌ലിം സമുദായത്തിനോ മറ്റ് ന്യൂനപക്ഷത്തിനോ ഗുണകരമായ ഒരു സമീപനവും ഈ ചര്‍ച്ചയില്‍ ഉണ്ടായിട്ടില്ല, അതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള തന്ത്രം മാത്രമാണ്,’ സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി – ആര്‍.എസ്.എസ് കൂടിക്കാഴ്ച അനാവശ്യമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.എല്‍.എയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മതേതരശക്തികള്‍ ബി.ജെ.പിയുമായി പൊരുതുകയാണ് വേണ്ടതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ വിവരം ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി ടി. ആരീഫ് അലിയാണ് കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
ജനുവരി 14ന് ന്യൂദല്‍ഹിയില്‍ വെച്ചാണ് ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. മുന്‍ ഇലക്ഷന്‍ കമ്മിഷണര്‍ എസ്.വൈ. ഖുറേഷിയാണ് ചര്‍ച്ചക്ക് മുന്‍കൈ എടുത്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
Content Highlight: Sathar Panthalloor says Jamaat-e-Islami-RSS talk is tantamount to betrayal of Muslim community