| Tuesday, 20th September 2022, 3:26 pm

കര്‍ണാടകയിലെ ഹിജാബ് പ്രസംഗം നന്നായിരുന്നു; കോഴിക്കോട്ടുകാരുടെയും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയല്ലേ: സത്താര്‍ പന്തല്ലൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹിജാബ് വിഷയത്തില്‍ സി.പി.ഐ.എം നിലപാട് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലും നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിജാബ് വിലക്ക് സംബന്ധിച്ചായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ പ്രതികരണം.

‘കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കര്‍ണാടകയില്‍ പോയി ഹിജാബ് വിഷയത്തില്‍ അവിടെ നടന്ന വര്‍ഗീയ രാഷ്ട്രീയ മുതലെടുപ്പിനെ കുറിച്ച് പ്രസംഗിച്ചത് നന്നായിരുന്നു. അവിടെ അതിലപ്പുറം അദ്ദേഹത്തിനൊന്നും ചെയ്യാനുമില്ല. പക്ഷെ കോഴിക്കോട് അങ്ങിനെയല്ലല്ലൊ. കോഴിക്കോട്ട്കാരുടെയും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണല്ലോ.

ഇവിടെ പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനാല്‍ ഒരു പെണ്‍കുട്ടിക്ക് ടി.സി വാങ്ങി സ്‌കൂളിന്റെ പടി ഇറങ്ങേണ്ടി വന്നു. കുട്ടിയുടെ രക്ഷിതാവുമായി ഇന്ന് രാവിലെ സംസാരിച്ചു.

വിദ്യാഭ്യാസ മന്ത്രിക്ക് അദ്ദേഹം പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് പറയുന്നു. സ്‌കൂള്‍ ഗേറ്റ് വരെ തല മറച്ച് വന്ന് കാംപസിനകത്തേക്ക് പ്രവേശിക്കും മുമ്പ് തട്ടം ബാഗില്‍ വെക്കേണ്ടി വരുന്നത് ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ നിന്നും കേട്ടിരുന്നു. എന്നാല്‍ ഇത് കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ മുമ്പിലെ നിത്യ കാഴ്ചയായിരിക്കുന്നു.
ഇവിടെ പെണ്‍കുട്ടികളുടെ അന്തസ്, സ്വകാര്യത, വിദ്യാഭ്യാസം തുടങ്ങിയ മൗലികാവകാശം നിഷേധിക്കപ്പെടുകയാണ്,’ സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

കര്‍ണാടക സര്‍ക്കാറിന്റെ ഹിജാബ് വിരുദ്ധ നിലപാടിനെതിരെ സുപ്രീം കോടതി വാദം കേള്‍ക്കുന്ന ഈ സമയത്ത് പ്രത്യേകിച്ച് ഇക്കാര്യത്തില്‍ കേരള സര്‍ക്കാറിന്റെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എന്ത് പറയുന്നു? സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൊടുക്കുന്ന പ്രൊവിഡന്‍സ് സ്‌കൂളില്‍ നടക്കുന്ന ഈ തോന്നിവാസത്തെ കുറിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് എന്തെങ്കിലും ന്യായീകരണമുണ്ടോയെന്നും സത്താര്‍ പന്തല്ലൂര്‍ ചോദിച്ചു.

CONTENT HIGHLIGHTS:  Sathar Pantalloor wants Chief Minister Pinarayi Vajayan to be ready to implement ‘s position on Hijab issue in Left-ruled Kerala as well

We use cookies to give you the best possible experience. Learn more