D Kerala | 'ബ്രിട്ടീഷ് സൈന്യം തൂക്കിലേറ്റിയത് ആലി മുസ്ലിയാരുടെ മൃതദേഹം'; പുതിയ അന്വേഷണങ്ങളും ചരിത്രവും| Ali Musliyar
ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മലബാര്‍ സമരനായകനില്‍ ഒരാളും സ്വതന്ത്ര്യ സമര സേനാനിയുമായ ആലി മുസ്‌ലിയാരെ ബ്രിട്ടീഷ് പട്ടാളം തൂക്കിലേറ്റിയത് മരണപ്പെട്ടതിന് ശേഷമെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. അന്ന് ജയിലിലെ
ഉദ്യോഗസ്ഥനായിരുന്ന കണ്ണപ്പന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും സത്താര്‍ പന്തല്ലൂര്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ പ്രതികരണം.

സൈന്യം തൂക്കിലേറ്റുന്നതിന് മുമ്പേ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയത് ആലി മുസ്‌ലിരുടെ മൃതദേഹമാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മംഗലം ഗോപിനാഥാണ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ താനുമായി പങ്കുവെച്ചതെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

‘സ്വാതന്ത്ര്യ സമര നായകന്‍ ആലി മുസ്‌ലിയാരെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയെന്നാണ് ചരിത്രം. തൂക്കിലേറ്റുന്നതിന് മുമ്പേ മരണപ്പെട്ടിരുവെന്നും പലരും പറയാറുണ്ട്. ഇതിനെ കുറിച്ചുള്ള അന്വേഷണ യാത്രയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മംഗലം ഗോപിനാഥിനെ കണ്ടുമുട്ടിയത്.

ആലി മുസ്‌ലിയാര്‍ ജയിലില്‍ കിടക്കുമ്പോള്‍ അവിടത്തെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന കണ്ണപ്പന്‍ ജോലിയില്‍ നിന്നും വിരമിച്ച് വര്‍ഷങ്ങള്‍ പിന്നിട്ട സമയത്താണ് കോയമ്പത്തൂരില്‍ വെച്ച് മംഗലം ഗോപിനാഥ് അദ്ദേഹത്തെ കണ്ടുമുട്ടുന്നത്. ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഇങ്ങിനെയായിരുന്നു:

ആലി മുസ്‌ലിയാരെ തൂക്കിലേറ്റാന്‍ നിശ്ചയിച്ച ദിവസം അവസാന ആഗ്രഹം ചോദിച്ചപ്പോള്‍ തന്റെ സഹതടവുകാരോടൊപ്പം സുബ്ഹി ജമാഅത്തായി നിസ്‌കരിക്കാനുള്ള താത്പര്യം അറിയിച്ചു. സഹതടവുകാരെ അതിന് അനുവദിക്കുന്നത് നിയമ വിരുദ്ധമാണെങ്കിലും ആലി മുസ്‌ലിയാരോടുള്ള ആദരവ് കൊണ്ട് അവര്‍ അതിന് സമ്മതിച്ചു.

അപ്രതീക്ഷിതമായി നിസ്‌കാരത്തിനിടെ സുജൂദില്‍ കിടന്ന് ആലി മുസ്‌ലിയാര്‍ മരണപ്പെട്ടു. പക്ഷെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ഈ വിവരം പുറത്തറിയിക്കരുതെന്നും അദ്ദേഹത്തെ തൂക്കിലേറ്റണമെന്നും കര്‍ശന നിര്‍ദേശം നല്‍കി. മരണപ്പെട്ട ആലി മുസ്‌ലിയാരെ അവര്‍ ‘തൂക്കിലേറ്റി’ ശിക്ഷ നടപ്പാക്കി. ബ്രീട്ടീഷുകാരാല്‍ താന്‍ വധിക്കപ്പെടരുതെന്നായിരുന്നു ജയിലില്‍ വന്നതുമുതല്‍ ആലി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയെന്ന് സഹതടവുകാര്‍ പറയാറുണ്ടെന്ന് ഉദ്യോഗസ്ഥാനായ കണ്ണപ്പന്‍ പറഞ്ഞതായി മംഗലം ഗോപിനാഥ് ഓര്‍ക്കുന്നു,’ സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ എഴുതി.