national news
തൂത്തുകുടി കസ്റ്റഡി മരണം; പൊലീസ് മര്‍ദ്ദിച്ചത് ആറ് മണിക്കൂര്‍; അടിവസ്ത്രം കൊണ്ട് രക്ത കറ തുടപ്പിച്ചു; സി.ബി.ഐ ചാര്‍ജ് ഷീറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 27, 03:47 pm
Tuesday, 27th October 2020, 9:17 pm

ചെന്നൈ: തമിഴ്‌നാട് തൂത്തുകുടിയില്‍ അച്ഛനെയും മകനെയും പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തു.

കൊല്ലപ്പെട്ട് ജയരാജിനെയും മകന്‍ ബെന്നിക്‌സിനെയും രാത്രി 7.45 മുതല്‍ പുലര്‍ച്ചെ മൂന്നുവരെ പൊലീസ് സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയെന്നും ഇവര്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ കെട്ടിച്ചമച്ചതാണെന്നും സി.ബി.ഐ ചാര്‍ജ് ഷീറ്റില്‍ പറയുന്നു.

മര്‍ദ്ദനത്തിനിടെ ചിന്തിയ രക്തം ബെന്നിക്‌സിനെക്കൊണ്ട് അയാളുടെ തന്നെ അടിവസ്ത്രം ഉപയോഗിച്ചു തുടപ്പിച്ചെന്നും രക്തം പുരണ്ട വസ്ത്രങ്ങള്‍ ആശുപത്രിയിലെ ചവറ്റുകൊട്ടയില്‍ തള്ളുകയായിരുന്നെന്നും ചാര്‍ജ് ഷീറ്റില്‍ പറഞ്ഞു.

തൂത്തുകുടി ജില്ലയിലെ സാത്താന്‍കുളത്തെ മരവ്യാപാരിയായ ജയരാജനെയും, മകന്‍ ഫെനിക്‌സിനെയും ലോക്ഡൗണ്‍ ലംഘിച്ചു കട തുറന്നെന്ന് ആരോപിച്ചായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചതിനുശേഷമായിരുന്നു പൊലീസ് അറസ്റ്റ് രേഖപെടുത്തിയത്.

തുടര്‍ന്ന് ഇവരെ കോവില്‍പെട്ടി സബ് ജയിലിലേക്ക് അയക്കുകയായിരുന്നു. ഉച്ചയോടെ ഫെനിക്‌സിന് നെഞ്ചുവേദന ഉണ്ടാവുകയും തൊട്ടടുത്തുള്ള കോവില്‍പെട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിന്നീട് ജയരാജന്റെ ആരോഗ്യ നിലയും വഷളാവുകയും മരിക്കുകയും ചെയ്തു.

ഇരുവരെയും റിമാന്‍ഡ് ചെയ്യുന്നതിന് മുമ്പ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നേരിട്ടു കണ്ടിരുന്നില്ലെന്നും വീടിന് മുകളില്‍ നിന്ന് കൈവീശി കാണിക്കുകയായിരുന്നെന്നുമാണ് ആരോപണം. ഇരുവരെയും വാനിലിരുത്തിയിരിക്കുകയായിരുന്നെന്നുമാണ് പുറത്തു വന്ന വിവരങ്ങള്‍.

കേസില്‍ പൊലീസിനെ ബെനിക്സ് മര്‍ദ്ദിച്ചെന്നായിരുന്നു പൊലീസ് എഫ്.ഐ.ആര്‍. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ബെനിക്സിന്റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്പതുമണിക്ക് വന്‍ ജനകൂട്ടം ആയിരുന്നെവന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ചുവെന്നുമായിരുന്നു പൊലീസ് എഫ്.ഐ.ആര്‍. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമായിരുന്നു വാദം എന്നാല്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഇത്തരത്തിലുള്ള ഒരു സൂചനയും ഉണ്ടായിരുന്നില്ല.

കടയ്ക്ക് മുന്നില്‍ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു. പൊലീസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച് കടയടക്കാന്‍ ബെനിക്സ് തിരിച്ചെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sathankulam custodial death: CBI  Charge sheet reveals father-son