മോസ്‌കോ: ഉക്രൈന് സമീപം റഷ്യ സൈനിക വിന്യാസം വര്‍ധിപ്പിക്കുന്നതായി തെളിയിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നു.
സ്വകാര്യ യു.എസ് കമ്പനിയാണ് കൊമേഴ്‌സ്യല്‍ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഉക്രൈന് സമീപം നിരവധി പ്രദേശങ്ങളില്‍ റഷ്യ പുതിയ സൈനിക വിന്യാസങ്ങള്‍ ആരംഭിച്ചതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
ഉക്രൈന്‍-റഷ്യ സംഘര്‍ഷ വിഷയത്തില്‍ കാര്യങ്ങള്‍ സമാധാനപരമായി കൈകാര്യം ചെയ്യുന്നതിന് വേണ്ടി നയതന്ത്ര തലത്തില്‍ വിവിധ ഇടപെടലുകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ റഷ്യയുടെ അതിക്രമത്തിന്റെ പുതിയ തെളിവുകള്‍ പുറത്ത് വന്നിരിക്കുന്നത്.
അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാക്‌സര്‍ ടെക്‌നോളജീസ് ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. റഷ്യന്‍ സേനയുടെ ബില്‍ഡ്അപ്പുകള്‍ ആഴ്ചകളോളം നിരീക്ഷിച്ച് വരികയാണ് മാക്‌സര്‍.
ക്രിമിയ, പടിഞ്ഞാറന്‍ റഷ്യ, ബെലാറസ് എന്നിവിടങ്ങളിലെ സേനാ വിന്യാസമാണ് ദൃശ്യങ്ങളിലുള്ളത്.
ബുധനാഴ്ചയും വ്യാഴാഴ്ചയുമായി എടുത്ത ഉപഗ്രഹ ദൃശ്യങ്ങളാണ് ഇവയെന്നാണ് മാക്‌സര്‍ ടെക്‌നോളജീസ് അവകാശപ്പെടുന്നത്.
മുന്‍ സോവിയറ്റ് രാജ്യമായ ബെലാറസില്‍ സംയുക്ത സൈനിക എക്‌സര്‍സൈസുകളും കരിങ്കടല്‍ പ്രദേശത്ത് നാവിക അഭ്യാസവും റഷ്യ നടത്തുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം ഉക്രൈനെ പിന്തുണക്കുന്ന വൊളണ്ടിയര്‍ ഗ്രൂപ്പുകളിലേക്കും എന്‍.ജി.ഒകളിലേക്കും ബിറ്റ്കോയിന്‍ രൂപത്തില്‍ സംഭാവനകള്‍ കുമിഞ്ഞുകൂടുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഉക്രൈന്‍ സര്‍ക്കാരിനും സേനക്കും വേണ്ട മറ്റ് ഉപകരണങ്ങളും ഇത്തരത്തില്‍ സംഭാവനകളായി വരുന്നതായാണ് റിപ്പോര്‍ട്ട്.
ഇത്തരത്തില്‍ ഉക്രൈന്‍ സര്‍ക്കാരിനെ പിന്താങ്ങിക്കൊണ്ടുള്ള സംഘടനകള്‍ക്ക് വേണ്ടി ക്രിപ്‌റ്റോകറന്‍സികളുടെ രൂപത്തിലാണ് ക്രൗഡ്ഫണ്ടിങ്ങ് എത്തുന്നത്.
2021ല്‍ 5,50,000 ഡോളര്‍ വിലമതിക്കുന്ന ക്രിപ്റ്റോകറന്‍സി ഇത്തരത്തിലുള്ള വൊളണ്ടിയര്‍ ഗ്രൂപ്പുകള്‍ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
Content Highlight: Satellite Images shows New Russian Military Deployments Near Ukraine