മോസ്‌കോ: ഉക്രൈന് സമീപം റഷ്യ സൈനിക വിന്യാസം വര്‍ധിപ്പിക്കുന്നതായി തെളിയിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നു.
സ്വകാര്യ യു.എസ് കമ്പനിയാണ് കൊമേഴ്‌സ്യല്‍ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഉക്രൈന് സമീപം നിരവധി പ്രദേശങ്ങളില്‍ റഷ്യ പുതിയ സൈനിക വിന്യാസങ്ങള്‍ ആരംഭിച്ചതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
ഉക്രൈന്‍-റഷ്യ സംഘര്‍ഷ വിഷയത്തില്‍ കാര്യങ്ങള്‍ സമാധാനപരമായി കൈകാര്യം ചെയ്യുന്നതിന് വേണ്ടി നയതന്ത്ര തലത്തില്‍ വിവിധ ഇടപെടലുകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ റഷ്യയുടെ അതിക്രമത്തിന്റെ പുതിയ തെളിവുകള്‍ പുറത്ത് വന്നിരിക്കുന്നത്.
അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാക്‌സര്‍ ടെക്‌നോളജീസ് ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. റഷ്യന്‍ സേനയുടെ ബില്‍ഡ്അപ്പുകള്‍ ആഴ്ചകളോളം നിരീക്ഷിച്ച് വരികയാണ് മാക്‌സര്‍.
ക്രിമിയ, പടിഞ്ഞാറന്‍ റഷ്യ, ബെലാറസ് എന്നിവിടങ്ങളിലെ സേനാ വിന്യാസമാണ് ദൃശ്യങ്ങളിലുള്ളത്.