ശ്രീനഗര്‍: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് ചുറ്റുമുള്ള പ്രദേശത്ത് ചൈനീസ് സൈന്യം ഭൂഗര്‍ഭ തുരങ്കം നിര്‍മിക്കുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. ഹിന്ദുസ്താന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനും ഇന്ധന സംഭരണത്തിനുമായുള്ള ഭൂഗര്‍ഭ ബങ്കറുകളാണ് ചൈനീസ് സൈന്യം നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന സിര്‍ജാപ്പിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) താവളം ചൈനീസ് സൈനികരുടെ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ഇന്ത്യയുടെ നിയന്ത്രണ രേഖയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ്.
2020 മെയ് മാസത്തില്‍ അതിര്‍ത്തിയിലെ തര്‍ക്കം ആരംഭിക്കുന്നതിന് മുമ്പ് ഈ പ്രദേശത്ത് ജനവാസം ഉണ്ടായിരുന്നില്ല.
റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. 2020 മെയ് വരെ ഇന്ത്യയുടെ കീഴിലായിരുന്ന പാംഗോങ് തടാകത്തിന് സമീപം ചൈനക്ക് എങ്ങനെയാണ് സൈനിക താവളം നിര്‍മിക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം ചോദിച്ചു. എക്‌സിലൂടെയായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.
ചൈനീസ് സൈനികര്‍ക്ക് പ്രധാനമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കി അഞ്ച് വര്‍ഷം ആകുമ്പോഴും നമ്മുടെ ധീര സൈനികര്‍ ജീവന്‍ ബലിയര്‍പ്പിച്ച ഗാല്‍വാനില്‍ ചൈന ഇപ്പോഴും നമ്മുടെ പ്രാദേശിക അഖണ്ഡതയെ തടസപ്പെടുത്തുന്നത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
2024 ഏപ്രില്‍ പത്തിന് വിദേശ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ നിലപാട് ശക്തമായി അവതരിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘2024 ഏപ്രില്‍ 13ന് ചൈന തങ്ങളുടെ ഭൂമിയൊന്നും കൈവശപ്പെടുത്തിയിട്ടില്ലെന്ന പ്രതിരോധ മന്ത്രിയുടെ പ്രസ്താവന ചൈനയോടുള്ള മോദി സര്‍ക്കാരിന്റെ സൗമ്യ നയത്തെ തുറന്നുകാട്ടുന്നതായിരുന്നു.
ജൂലൈ നാലിന് ചൈനയുടെ അധികാരികളെ കണ്ട് അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞിട്ടും ഇന്ത്യയുടെ പ്രദേശങ്ങള്‍ പിടിച്ചടക്കുന്നതും സൈനിക താവളം നിര്‍മിക്കുന്നതും ചൈന തുടരുകയാണ്. സിരിജാപ്പ് ഇന്ത്യയുടെ അധീനതയിലുള്ള ഭൂമിയാണെന്ന് റിപ്പോര്‍ട്ട്. മോദിയുടെ ചൈന ഗ്യാരന്റിയുടെ ഭാഗമായി 65ല്‍ 26 പട്രോളിങ് പോയിന്റുകളും ഇന്ത്യക്ക് നഷ്ടപ്പെട്ടു,’ ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.
യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്‌സ്‌കൈയാണ് ഉപഗ്രഹ ചിത്രങ്ങള്‍ പകര്‍ത്തിയത്. മെയ് 30നാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ ചിത്രങ്ങള്‍ ഒരു വലിയ ഭൂഗര്‍ഭ ബങ്കറിലേക്കുള്ള എട്ട് പ്രവേശന കവാടങ്ങളും അതിനടുത്തുള്ള അഞ്ച് പ്രവേശന കവാടങ്ങളുള്ള ഒരു ചെറിയ ബങ്കറും കാണിക്കുന്നു. ഈ ബങ്കളുകളിലാണ് ചൈനീസ് സൈന്യം ആയുധങ്ങള്‍ സൂക്ഷിക്കുന്നതെന്നും ചിത്രത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
കവചിത വാഹനങ്ങളെ വ്യോമാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള കഠിനമായ ഷെല്‍ട്ടറുകളും സാറ്റ്‌ലൈറ്റ് ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.
2020 ജൂണില്‍ 20 ഇന്ത്യന്‍ സൈനികരുടെയും നാല് ചൈനീസ് സൈനികരുടെയും മരണത്തിന് കാരണമായ ഏറ്റുമുട്ടല്‍ നടന്ന ഗാല്‍വന്‍ താഴ്‌വരയില്‍ നിന്ന് 120 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ഈ താവളം സ്ഥിതി ചെയ്യുന്നത്.
എന്നാല്‍ ചിത്രങ്ങളെക്കുറിച്ച് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനയുടെ ഭൂഗര്‍ഭ തുരങ്കങ്ങളുടെ നിര്‍മാണം അവരുടെ സൈനിക തന്ത്രമാണെന്ന് പാംഗോങ് തടാകത്തിന് ചുറ്റുമുള്ള മേഖലയില്‍ സേവനമനുഷ്ഠിച്ച മുന്‍ ഇന്ത്യന്‍ ആര്‍മി കമാന്‍ഡര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
Content Highlight: Satellite images show China digging in close to Pangong Lake in eastern Ladakh