ന്യൂദല്‍ഹി: മഹാത്മഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്‌ക്കരിച്ച ഹിന്ദുമഹാസഭയ്‌ക്കെതിരെ കവി സച്ചിദാനന്ദന്‍.
ദൈവമേ, ദൈവമേ… ഈ ക്രിമിനലുകളോട് ഒരിക്കലും പൊറുക്കരുതെ!” എന്ന് സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.
ഇന്ന് അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിലേക്ക് വെടിയുതിര്‍ത്തത്.
വെടിയേറ്റ ഗാന്ധിയുടെ കോലത്തില്‍ നിന്നും ചോര ഒഴുകുന്നതായും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ഹിന്ദു മഹാസഭ നേതാവും ഗാന്ധിയുടെ ഘാതകനുമായ നാഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. ഗാന്ധിവധത്തിന്റെ ഓര്‍മ്മ പുതുക്കി സന്തോഷ സൂചകമായി മധുര വിതരണവും നടത്തി.
മുമ്പും ഗാന്ധി രക്തസാക്ഷിത്വ ദിനം മധുരം നല്‍കിയും ഡ്രെം മുഴക്കിയും ഡാന്‍സ് കളിച്ചും ഹിന്ദു മഹാ സഭാ ആഘോഷിച്ചിരുന്നു.
നാഥുറാം ഗോഡ്‌സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ മഹാത്മാ ഗാന്ധിജിയെ സ്വന്തം കൈകൊണ്ട് വെടിവെച്ചു കൊല്ലുമായിരുന്നെന്ന പൂജ ശകുന്‍ പാണ്ഡെയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.
അലിഗഢില്‍ നടത്തിയ പ്രസംഗത്തിലാണ് ഗണിത പ്രൊഫസറും സംഘടനയുടെ നേതാവുമായ പൂജ വിദ്വേഷ പ്രസംഗം നടത്തിയത്. രാജ്യത്ത് ഇനി ആരെങ്കിലും മഹാത്മാഗാന്ധിയെ പോലെ ആവാന്‍ ശ്രമിക്കുകയാണെങ്കില്‍ അവരെ താന്‍ വെടിവെച്ചു കൊല്ലുമെന്നും പൂഡ പാണ്ഡെ പറഞ്ഞിരുന്നു.