| Saturday, 26th December 2015, 12:45 pm

ശാശ്വതീകാനന്ദയെ കൊന്ന് പുഴയില്‍ തള്ളിയതാകാം: സ്വാമി പ്രകാശാനന്ദ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശിവഗിരി മഠാധിപതി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയാകാമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ. ഇടിക്കട്ട കൊണ്ട് തലയില്‍ ഇടിച്ച ശേഷം പുഴയില്‍ തള്ളിയതാകാമെന്നും പ്രകാശാനന്ദ പറഞ്ഞു.

നെറ്റിയില്‍ ഇതിന് സമാനമായ മുറിവാണ് ഉണ്ടായിരുന്നത്. സ്വാമിയെ പുഴയില്‍ തിരയുന്ന സമയത്ത് ഒരാള്‍ മറുകരയിലേക്ക് നീന്തിപ്പോകുന്നത് ചിലര്‍ കണ്ടിരുന്നു. പുഴയോട് ചേര്‍ന്നുള്ള കല്‍ക്കെട്ടില്‍ മൃതദേഹം കണ്ടതിലും ദുരൂഹതയുണ്ട്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ പറയുമെന്നും പ്രകാശാനന്ദ പറഞ്ഞു.

ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് നേരത്തെയും സ്വാമി പ്രകാശാനന്ദ പറഞ്ഞിരുന്നു. ശാശ്വതീകാനന്ദയ്ക്ക് നീന്തല്‍ അറിയാമായിരുന്നുവെന്നും പിന്നെ എങ്ങനെയാണ് അദ്ദേഹം മുങ്ങിമരിക്കുന്നതെന്നും സ്വാമി പ്രകാശാനന്ദ ചോദിച്ചു. ശാശ്വതീകാനന്ദ മരിച്ചതിനു പിന്നാലെ ഇതെല്ലാം താന്‍ പറഞ്ഞതാണെന്നും തനിക്ക് ആരെയും പേടിയില്ലെന്നും സ്വാമി പ്രകാശാനന്ദ വ്യക്തമാക്കിയിരുന്നു

മൃതദേഹം കണ്ടപ്പോള്‍ സ്വാഭാവിക മരണമല്ലെന്ന് മനസ്സിലായിയിരുന്നു. ശാശ്വതീകാനന്ദയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മൃതദേഹം കമ്പുകൊണ്ട് കുത്തി കരയ്ക്കടുപ്പിച്ചപ്പോള്‍ ഉണ്ടായ മുറിവാണ് അതെന്നാണ് തന്നോട് പറഞ്ഞത്. എന്നാല്‍ മുറിവ് അങ്ങനെ ഉണ്ടായതല്ലെന്ന് ഉറപ്പുണ്ടെന്നും പ്രകാശാനന്ദ പറഞ്ഞിരുന്നു.

2002 ജൂലൈ 1ന് ആലുവാപ്പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ ശാശ്വതീകാനന്ദ കാണപ്പെടുകയായിരുന്നു. ആലുവ അദ്വൈതാശ്രമത്തിന്റെ കുളിക്കടവില്‍ അദ്ദേഹം മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് ശിവഗിരി മഠാധികൃതര്‍ വ്യാഖ്യാനിച്ചത്. അന്നുമുതല്‍ക്കിന്നോളവും ശാശ്വതീകാനന്ദയുടെ മരണം വിവാദമായി തന്നെ തുടരുരുകയാണ്‌.

സ്വാമി ശാശ്വതീകാനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട കുറിപ്പ് ഹാജരാക്കാന്‍ ഹൈകോടതി കഴിഞ്ഞ ദിവസമാണ് നിര്‍ദേശിച്ചത്.

പോസ്റ്റ്‌മോര്‍ട്ടം സമയത്ത് ഡോക്ടര്‍ കുറിക്കുന്ന നോട്ട് ഹാജരാക്കണമെന്നാണ് ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ ഉത്തരവ്. ഈ നോട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് റിപ്പോര്‍ട്ട് തയാറാക്കാറുള്ളത്. പോസ്റ്റ്‌മോര്‍ട്ടം പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാനും സര്‍ക്കാറിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് തലയോട്ടി തുറന്ന് പരിശോധന നടന്നിട്ടുണ്ടോയെന്ന് സര്‍ക്കാറിനോട് ആരാഞ്ഞ ശേഷമാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.

സ്വാമി ശാശ്വതീകാനന്ദകേസില്‍ തുടരന്വേഷണം വേണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശങ്ങളുണ്ടായത്.

നീന്തലറിയാവുന്ന ശിവഗിരി മഠാധിപതി സ്വാമി ശാശ്വതീകാനന്ദ മുങ്ങിമരിച്ചത് ദുരൂഹമാണെന്നാണ് പരാതികളിലെ ആരോപണം. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് ഇവരുടെ വാദം. ഈ സാഹചര്യത്തിലാണ് കേസ് പരിഗണിച്ചപ്പോള്‍ തലക്ക് അടിയേറ്റതുമായി ബന്ധപ്പെട്ട സംശയം കോടതി ഉന്നയിച്ചത്.

മസ്തിഷ്‌ക ക്ഷതം ഉണ്ടായതായി പോസ്റ്റ്‌മോര്‍ട്ടം വേളയില്‍ പരിശോധിച്ചിട്ടുണ്ടോയെന്നാണ് കോടതി അന്വേഷിച്ചത്. തലക്ക് പരിക്കേറ്റതായാണ് പരാതിക്കാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ തലയോട്ടി തുറന്ന് പരിശോധന അനിവാര്യമാണ്. അങ്ങനെ ചെയ്തിട്ടില്‌ളെങ്കില്‍ അത് ഗുരുതര അപാകതയാണെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.

ശാശ്വതീകാനന്ദകേസിലെ അന്വേഷണം പ്രഹസനമായിരുന്നെന്നാണ് തുടരന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിലെ വാദം. മജിസ്‌ട്രേറ്റിന് മുമ്പാകെ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെയാണ് അന്വേഷണം നടന്നത്.

We use cookies to give you the best possible experience. Learn more