| Tuesday, 20th March 2018, 11:52 pm

കീഴാറ്റൂരിലെ ബൈപ്പാസിനു പകരം സാധ്യമായ മറ്റുമാര്‍ഗങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്; പരിഷത്ത് ഈ നാട്ടിലെ ദൈവമാണോ എന്ന് പി.ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കേണ്ട ആവശ്യമില്ലെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്. നേരത്തേ പരിഷത്ത് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളില്‍ പരിഷത്ത് ഉറച്ചു നില്‍ക്കുന്നതായി പരിഷത്തിന്റെ എം.കെ ഗോവിന്ദന്‍ പറഞ്ഞു. മനോരമ ന്യൂസ് ചാനലിന്റെ കൗണ്ടര്‍ പോയന്റ് ചര്‍ച്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

“കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രസാഹിത്യപരിഷത്ത് നിലപാടുകള്‍ സ്വീകരിക്കുന്നത്. ഏറ്റെടുക്കേണ്ട വയലുകളുടെ കൃത്യമായ അളവും വയലിലൂടെയാണ് റോഡു പോകുന്നതെങ്കില്‍ അത് പരിസ്ഥിതിയ്ക്കുണ്ടാക്കുന്ന ആഘാതം സംബന്ധിച്ച പഠനവും ജനങ്ങളുടെ മുന്‍പാകെ വെയ്ക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട ഏജന്‍സി കാണിക്കണം.” -ഗോവിന്ദന്‍ പറഞ്ഞു.

“പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. അതുകൊണ്ട് ഇതിന്റെ പാരിസ്ഥിതിക ആഘാത പഠനം നടത്തി ജനങ്ങളുടെ മുന്‍പില്‍ വെക്കേണ്ടതാണ്. പരിഷത്ത് അതിന്റെ പരിമിതമായ കഴിവുപയോഗിച്ച് ചില പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. നിലവിലുള്ള അലൈന്‍മെന്റിനു മുന്‍പ് മറ്റൊരു അലൈന്‍മെന്റിനെ കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.

കീഴാറ്റൂര്‍ വയല്‍

അത് കരപ്രദേശത്തു കൂടെ തന്നെയായിരുന്നു. എന്നാല്‍ ഈ രണ്ടു നിര്‍ദ്ദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി നിലവിലുള്ള ദേശീയ പാത വികസിപ്പിക്കാമെന്ന നിര്‍ദ്ദേശമാണ് പരിഷത്ത് മുന്നോട്ടു വെയ്ക്കുന്നത്. ഒരു തുണ്ട് വയല്‍ പോലും നികത്തരുതെന്നോ ഒരു മരം പോലും മുറിക്കരുതെന്നോ അഭിപ്രായമുള്ള തീവ്രപരിസ്ഥിതി സംഘടനയല്ല പരിഷത്ത്.

അത്യാവശ്യമെങ്കില്‍ റോഡിനായി വയല്‍ നികത്തണം. എന്നാല്‍ വയലിലൂടെ തന്നെ റോഡ് പോകുന്നതാണ് ഏറ്റവും സൗകര്യപ്രദമെന്ന നിലപാടെടുക്കുന്നതിനോട് പരിഷത്ത് യോജിക്കുന്നില്ല.

വയല്‍ നികത്തുന്നത് എവിടെയായാലും അത് പരിസ്ഥിതിയെ ബാധിക്കും. അതുകൊണ്ടാണ് 2008-ല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവന്നത്.

നിലവിലുള്ള ദേശീയപാത വികസിപ്പിച്ചുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. തളിപ്പറമ്പ് ടൗണില്‍ ഇപ്പോള്‍ തന്നെ 30 മീറ്റര്‍ വരെ വീതി ദേശീയ പാതയ്ക്കുണ്ട്. കേവലം രണ്ടു കിലോമീറ്റര്‍ നീളത്തില്‍ പാലം നിര്‍മ്മിച്ചാല്‍ ഈ പ്രശ്‌നം സുഗമമായി പരിഹരിക്കാം. പറയത്തക്ക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇതിലൂടെ ഉണ്ടാകില്ല. ദൗര്‍ഭാഗ്യവശാല്‍ അത്തരം അലൈന്‍മെന്റിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ല.” -ഗോവിന്ദന്‍ പറഞ്ഞു.


Related News: കീഴാറ്റൂരിലെ സമരത്തില്‍ മാവോയിസ്റ്റുകള്‍ ഉണ്ടെന്ന് പേരെടുത്ത് പറഞ്ഞ് പി. ജയരാജന്‍; മാവോയിസ്റ്റുകളെ ദ്രോഹിക്കേണ്ട ആവശ്യമെന്തെന്നും ജയരാജന്‍ (Video)


അതേസമയം പരിഷത്ത് എന്താ ഈ നാട്ടിലെ ദൈവമാണോ എന്നാണ് ഇതിനോടുള്ള പ്രതികരണമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ചോദിച്ചത്. പരിഷത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന ബാക്കി ഭാഗങ്ങള്‍ വസ്തുതാപരമാണ്. എന്നാല്‍ ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച് പറയുന്നത് അതിശയോക്തിപരവും വസ്തുതാവിരുദ്ധവുമാണെന്നും പി. ജയരാജന്‍ പറഞ്ഞു. പരിഷത്തിന്റെ പഠന റിപ്പോര്‍ട്ട് സര്‍വ്വേയ്ക്കു മുന്‍പുള്ളതാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ജയരാജന്‍ പറഞ്ഞു.

വീഡിയോ:

We use cookies to give you the best possible experience. Learn more