| Thursday, 18th March 2021, 11:52 am

'കേരളത്തില്‍ മൃഗബലി തിരികെ കൊണ്ടുവരാനുള്ള സംഘടിത ശ്രമം'; കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കോഴിയെ വെട്ടിയതിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കോഴിയെ വെട്ടിയ നടപടിയില്‍ പ്രതിഷേധവുമായി ശാസത്ര സാഹിത്യ പരിഷത്ത്. മൃഗബലി തിരിച്ചു കൊണ്ടുവരാനുള്ള നടപടികള്‍ നടക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

പരിഷത്തിന്റെ കൊടുങ്ങല്ലൂര്‍ മേഖലാ പ്രസിഡണ്ട് പി.പി.ജനകനും സെക്രട്ടറി വി.മനോജുമാണ് നടപടി സ്വീകരിക്കണമെന്ന് സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്.

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും കോഴിവെട്ട് നടന്നിരുന്നു. കോഴിയെ വെട്ടിയവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ആചാരങ്ങള്‍ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബുധനാഴ്ച ആദിമാര്‍ഗി മഹാ ചണ്ഡാളബാബ മലവാരിയും സംഘവും കോഴിയെ വെട്ടിയത്. കോഴി വെട്ട് നടത്തുന്നതിനെ തടയാന്‍ ശ്രമിച്ച പൊലീസുകാരന് കയ്യില്‍ മുറിവേല്‍ക്കുകയും ചെയ്തിരുന്നു.

നിയമം മൂലം നിരോധിച്ച മൃഗബലി തിരികെ കൊണ്ടുവരാന്‍ സംഘടിതമായ ശ്രമം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മലബാറില്‍ ഗുരുനാഥന്‍ എന്ന് പൊതുവില്‍ അറിയപ്പെടുന്ന ആള്‍ദൈവം, കേരളത്തിലെ മൃഗബലി നിരോധന നിയമം ചോദ്യം ചെയ്തു കൊണ്ട് കോതിയെ സമീപിച്ചുതെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് പറയുന്നു.

ശാക്ത കളക്ടീവ് എന്ന ഹിന്ദു ഉപാസക കൂട്ടായ്മയും ഈ വിഷയത്തില്‍ തത്പരരാണ് എന്നും പരിഷത്ത് ചൂണ്ടിക്കാട്ടുന്നു.

ശാക്ത കലക്ടീവും, കുലാചാരസംരക്ഷണ സമിതി എന്ന പേരില്‍ പ്രവര്‍ത്തിച്ചിട്ടുന്ന സംഘടനയും സുപ്രീംകോടതിയില്‍ പോവാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയും, സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ഭാവിയില്‍ കോടതി കേസ് പരിഗണിക്കും. അനുകൂലമായോ പ്രതികൂലമായോ വിധി വന്നേക്കാം. ഇന്നത്തെ സാഹചര്യത്തില്‍ അനുകൂലമായ വിധി വരാനുള്ള സാധ്യതകള്‍ കൂടുതലാണെന്ന് വിലയിരുത്തുന്നു. ഭാവിയില്‍ സമൂഹ്യരംഗത്ത് വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള നടപടികളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

അതിനാല്‍ നൂറ്റാണ്ടുകള്‍ പുറകോട്ട് വലിക്കുന്നതിലേക്ക് സമൂഹത്തെ എത്തിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പരിഷത്ത് ആവശ്യപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sasthra Sahithya Parishath against animal killing at Kerala Hindu Religious institutions

Video Stories

We use cookies to give you the best possible experience. Learn more