വികലമായ പദ്ധതികളും അഴിമതിയും; കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകത്തെ കൊല്ലുന്ന വിധം
Environment
വികലമായ പദ്ധതികളും അഴിമതിയും; കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകത്തെ കൊല്ലുന്ന വിധം
അമേഷ് ലാല്‍
Thursday, 21st December 2017, 8:33 am

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണത്തിനെന്ന പേരില്‍ തുടങ്ങിയ പദ്ധതികളുടെ മറവില്‍ വ്യാപക ക്രമക്കേടുകള്‍. ഇതിനെ കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നും ആരോപണം ഉയരുന്നു. ” തടാകത്തിന്റെ സംരക്ഷണത്തിനെന്ന പേരില്‍ തുടങ്ങിയ പദ്ധതികള്‍ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും മികച്ച ഉദാഹരണങ്ങളാണ്. 14 കോടിയിലധികം രൂപ മുടക്കി തുടങ്ങിയ ഇന്‍ഫില്‍ട്രേഷന്‍ ഗാലറി നിര്‍മ്മാണം കുറച്ച് പൈപ്പുകള്‍ ഇട്ടതോടെ അവസാനിച്ചു. ഇതിനെ കുറിച്ചുള്ള വിജിലന്‍സ് അന്വേഷണവും ഇപ്പോള്‍ നിലച്ച മട്ടാണ്. തടാകത്തിന്റെ സ്ഥിതി വലിയ അനിശ്ചിതത്വത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്” ശാസ്താംകോട്ട തടാക സംരക്ഷണ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കരുണാകരന്‍പിള്ള പറയുന്നു.

തടാക സംരക്ഷണത്തിനായി ശുചിത്വമിഷന്‍ ചെലവഴിച്ച തുകയുടെ വിനിയോഗത്തിലും ക്രമക്കേട് നടന്നതായി വിവരാവകാശ രേഖകളില്‍ നിന്ന് വ്യക്തമാണ്. വലിയ ജനകീയ സമരങ്ങളെ തുടര്‍ന്ന് ആരംഭിച്ച തടാക സംരക്ഷണ പ്രവര്‍ത്തനങ്ങളൊന്നും ഇപ്പോള്‍ മുന്നോട്ട് പോകുന്നില്ല. അതിനായി ചെലവിട്ട കോടികളും വെള്ളത്തിലായെന്ന് തടാകസംരക്ഷണ ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു.

“ഇപ്പോള്‍ തടാകത്തിലെ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്. അത് കൊണ്ട് തന്നെ തടാകസംരക്ഷണ പ്രവര്‍ത്തനങ്ങളെ കുറിച്ച് എല്ലാവരും മറന്ന മട്ടാണ്. തടാകത്തില്‍ നിന്നുള്ള പമ്പിങ് അനുസ്യൂതം തുടരുന്നുമുണ്ട്. ഇനി ഇപ്പോള്‍ ഉള്ള വെള്ളമെല്ലാം ഊറ്റിയെടുത്ത് കഴിയുമ്പോളായിരിക്കും എല്ലാവരും കൂടി അടുത്ത സംരക്ഷണ പദ്ധതികളുമായി എത്തുന്നത്.” കെ.കരുണാകരന്‍ പിള്ള ചൂണ്ടിക്കാണിക്കുന്നു.

Image result for sasthamkotta lake

 

2013 ല്‍ നിരാഹാര സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം തടാകത്തില്‍ നിന്നുള്ള പമ്പിങ് കുറയ്ക്കുന്നതിന് വേണ്ടിയാണ് കല്ലടയാറില്‍, കടപുഴ ഭാഗത്ത് ഇന്‍ഫില്‍ട്രേഷന്‍ ഗാലറി സ്ഥാപിച്ച് വര്‍ഷകാലത്ത് അവിടെ നിന്ന് വെള്ളം കൊണ്ട് പോകാനുള്ള പദ്ധതിക്ക് രൂപം കൊടുത്തത്.

കല്ലടയാറില്‍ ജലം ഉള്ള സമയത്ത് വെള്ളത്തിന്റെ 30 ശതമാനം അവിടെ തടയണ കെട്ടി പൈപ്പുകള്‍ സ്ഥാപിച്ച് സ്ഥാപിച്ച് ശാസ്താംകോട്ടയില്‍ എത്തിച്ച് അവിടെ നിന്ന് കൊല്ലത്തേക്ക് കൊണ്ട് പോകാനായിരുന്നു 14.5 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിലക്ഷ്യം വെച്ചത്. ഇങ്ങനെ തടാകത്തില്‍ നിന്നുള്ള പമ്പിങ്ങില്‍ 40 ശതമാനത്തിന്റെ കുറവ് വരുത്താനാകും എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ തടാകത്തിന്റെ അരികിലൂടെ പൈപ്പുകള്‍ ഇട്ടതല്ലാതെ മറ്റൊരു പണിയും ഇത് വരെ നടന്നിട്ടില്ലെന്നും പദ്ധതി തന്നെ ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുകയാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു.

“കടപുഴയില്‍ ഇന്‍ഫില്‍ട്രേഷന്‍ ഗാലറി വന്നാല്‍ കല്ലടയാറ്റില്‍ താഴേക്ക് ഉള്ള വെള്ളത്തിന്റെ അളവില്‍ കുറവ് വരുമെന്നും, ഇത് മണ്‍ട്രോ തുരുത്തില്‍ കായലില്‍ നിന്നുള്ള ഉപ്പ്വെള്ളം കയറാന്‍ കാരണമാകുമെന്നും മണ്‍ട്രോ തുരുത്തുകാര്‍ പരാതിപ്പെടുന്നു എന്ന കാരണം പറഞ്ഞാണ് പദ്ധതി ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അതൊരു തെറ്റായ വാദമാണ്.

Image result for sasthamkotta lake

 

ഇപ്പോള്‍ തന്നെ മുങ്ങിക്കൊണ്ടിരിക്കുന്ന മണ്‍ട്രോ തുരുത്തില്‍ വെള്ളം കയറുന്നത് ആഗോള താപനവുമായി ഒക്കെ ബന്ധപ്പെട്ട കാരണങ്ങളാലാണ്. ഇതൊരു വ്യാജ പ്രചാരണമാണ്. അവരെ ആരോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഈ കാരണം പറഞ്ഞാണ് ഇത്രയും തുക മുടക്കിയ ശേഷം ഈ പദ്ധതി ഇപ്പോള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നത്. പമ്പിങ് കുറയ്ക്കുന്നതിലൂടെ ഈ തടാകം ഏതെങ്കിലും തരത്തില്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷയും ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്” ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ബാബുജി പറയുന്നു.

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്ന സമയത്ത് ഇത്തരം പദ്ധതികളെ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജേക്കബ് തോമസിന്റെ സമയത്ത് അദ്ദേഹം അധികാരം ഡീ സെന്‍ട്രലൈസ് ചെയ്തിരുന്നു. ജില്ലാ തലത്തില്‍ ഇത്തരം കേസുകള്‍ അന്വേഷിക്കാനുള്ള അധികാരം ഡി.വൈ.എസ്.പിമാര്‍ക്ക് വരെ ഉണ്ടായിരുന്നു. അത് പോലെ പരിസ്ഥിതി സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഒരു പ്രത്യേക വിങ്ങും ജില്ലാതലത്തില്‍ രുപീകരിച്ചിരുന്നു. ഇപ്പോള്‍ ഈ അന്വേഷണമെല്ലാം അവസാനിച്ച അവസ്ഥയാണുള്ളതെന്നും ബാബുജി കൂട്ടിച്ചേര്‍ത്തു.

ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.കരുണാകരന്‍പിള്ള ആവര്‍ത്തിച്ച് നല്‍കിയ വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടിയായി തടാകസംരക്ഷണത്തിനായി 1.72 കോടി രൂപ ചെലവഴിച്ചതായി ശുചിത്വ മിഷന്‍ ഡയറക്ടര്‍ വ്യക്തമാക്കി. എന്നാല്‍ ശുചിത്വമിഷന്‍ പറയുന്ന ഒരു പദ്ധതിയും നടപ്പിലായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. താലൂക്ക് ആശുപത്രിയില്‍ 40 ഘനമീറ്റര്‍ ശേഷിയുള്ള മനുഷ്യവിസര്‍ജ്ജ്യ സംസ്‌കരണ പ്ലാന്റിനായി 17,72000 രൂപ ആശുപത്രി മാനേജ്മെന്റിന് കൈമാറി. എന്നാല്‍ ഈ പരിപാടി തന്നെ നിലവില്‍ ഉപേക്ഷിച്ച അവസ്ഥയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാണിക്കുന്നു.

Image result for sasthamkotta lake

 

ഓടകള്‍ സംയോജിപ്പിച്ച് 35 ലക്ഷം രൂപ ചെലവില്‍ പട്ടന്‍കുഴിയില്‍ ഡിറ്റന്‍ഷന്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതി സ്ഥലം കണ്ടെത്തുന്നതില്‍ ഒതുങ്ങി. 1.72 കോടി ചെലവഴിച്ചതില്‍ ആകെ നടന്നു എന്ന് പറയാവുന്നത് തടാക ജലത്തിന്റെ ശുദ്ധത പരിശോധിക്കുന്നതിനായി ഗവ.എച്ച്.എസ്.എസിലെ ലാബ് നവീകരിച്ചതും കുറച്ച് ബോധവല്‍ക്കരണ ക്ളാസ്സുകളും മാത്രമാണ്. പക്ഷേ സ്‌കൂളില്‍ ജലപരിശോധന മാത്രം നടക്കുന്നില്ല. തടാകപരിസരത്തെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി ചെലവഴിച്ചു എന്ന് പറയുന്ന 1.72 കോടി രൂപയുടെ വിനിയോഗത്തില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു.

താലൂക്ക് ആശുപത്രിയിലെ ദ്രവമാലിന്യ സംസ്‌കരണത്തിന് 25 ലക്ഷം, പൊതുസ്ഥലങ്ങളിലെ ശുചിത്വസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് 21.72 ലക്ഷം, മാര്‍ക്കറ്റുകളില്‍ ഖരമാലിന്യ സംസ്‌കരണത്തിന് 4.5 ലക്ഷം, ശുചിമുറി യൂണിറ്റുകള്‍ക്കായി 4.5 ലക്ഷം,ആറു സ്‌കൂളുകളിലെ സ്ത്രീ സൗഹൃദ ശുചിമുറികള്‍ക്ക് 3.3 ലക്ഷം, ശാസ്താംകോട്ട ഗവ.എച്ച്.എസ്.എസ് ലാബ് വികസനത്തിന് 7.7 ലക്ഷം, ഗാര്‍ഹിക ശുചിത്വം 32.2 ലക്ഷം, ഡിറ്റന്‍ഷന്‍ പോണ്ട് 35 ലക്ഷം, ബയോഗ്യാസ് പ്ലാന്റ് ഒന്നിന് 10000 രൂപ വീതം ഇങ്ങനെയാണ് ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നല്‍കിയിട്ടുള്ള പദ്ധതി വിശദീകരണം.

കഴിഞ്ഞ വര്‍ഷം തടാകത്തിലെ ജലനിരപ്പ് രണ്ടര മീറ്ററോളം താഴേക്ക് പോയപ്പോള്‍ അന്നത്തെ ഗവണ്‍മെന്റ്് ഒന്നേകാല്‍ കോടി രൂപ മുടക്കി 60 എച്ച്.പി യുടെ മോട്ടോര്‍ സ്ഥാപിച്ച് കല്ലടയാറ്റില്‍ നിന്ന് വെള്ളം കൊണ്ട് പോകാനുള്ള പദ്ധതി നടപ്പാക്കി. എന്നാല്‍ മഴ പെയ്തതോടെ ആ പമ്പിങ് അവസാനിപ്പിച്ചു. ആ മോട്ടോര്‍ ഇപ്പോള്‍ തുരുമ്പെടുത്ത് നശിക്കുന്ന സ്ഥിതിയാണ്. ആ പദ്ധതി തുടര്‍ന്നിരുന്നെങ്കില്‍ ഇപ്പോള്‍ താടകത്തില്‍ ഉള്ള വെള്ളമെങ്കിലും അവിടെ സംഭരിക്കപ്പെടുമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊല്ലം നഗരസഭയ്ക്കും, ചവറ, നീണ്ടകര അടക്കം ഏഴു പഞ്ചായത്തുകള്‍ക്കും കുടിവെള്ളം നല്‍കുന്ന ശാസ്താംകോട്ട തടാകത്തോടുള്ള അവഗണനയാണിത് കാണിക്കുന്നതെന്നും ആരോപണമുയരുന്നു.

Image result for sasthamkotta lake

 

2015 ല്‍ കേരള വെറ്റ്ലാന്‍ഡ് കണ്‍സര്‍വേഷന്‍ അതോറിറ്റി രൂപീകരിച്ചിരുന്നു. ശാസ്താംകോട്ട തടാകസംരക്ഷണമായിരുന്നു അതിന്റെ മുഖ്യലക്ഷ്യമായി പറഞ്ഞിരുന്നത്. ഒരു വിദഗ്ധ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. ആ അതോറിറ്റിയും പിന്നെ ഒരു കാര്യവും ചെയ്തിട്ടില്ലെന്നും, 2013 ല്‍ പ്രഖ്യാപിച്ച മാനേജ്മെന്റ് ആക്ഷന്‍ പ്ലാന്‍ അട്ടിമറിക്കപ്പെട്ടുവെന്ന് മാത്രമല്ല, അതിന് ശേഷമുണ്ടായ ചെറിയ ചെറിയ സംരക്ഷണ ശ്രമങ്ങള്‍ പോലും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയാണെന്നും തടാക സംരക്ഷണ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.കരുണാകരന്‍പിള്ള പറയുന്നു.

ശാസ്താംകോട്ട തടാകത്തില്‍ നിന്ന് പുറത്തേയ്ക്ക് പോകുന്ന വെളളത്തിന്റെ അളവ് വര്‍ദ്ധിച്ചു വരികയാണ്. ദിനവും 55 ദശലക്ഷം ലിറ്ററിന് മുകളില്‍ വെള്ളമാണ് പമ്പിങ്ങ് നടത്തുന്നത്. അതേ സമയം വെള്ളത്തിന്റെ വരവ് കുറഞ്ഞു. തടാകത്തിന്റെ തെക്ക് കിഴക്കുഭാഗത്തെ കുന്നുകളും മരങ്ങളും ഇല്ലാതായി. അവയിലൂടെ കിനിഞ്ഞിറങ്ങുന്ന വെള്ളം ഉറവകളായി എത്തിയിരുന്നു. പടിഞ്ഞാറു ഭാഗത്തായുള്ള പടിഞ്ഞാറെ കല്ലട ഗ്രാമം മുഴുവന്‍ മണലൂറ്റല്‍ മൂലം ഇല്ലാതായിരിക്കുന്നു.

സര്‍ക്കാര്‍ കണക്ക് പ്രകാരം 32 ഹെക്ടര്‍ നെല്‍ വയലുകളാണ് മണലൂറ്റലിന് വേണ്ടി കുഴിച്ച് അഗാധഗര്‍ത്തങ്ങളാക്കിയിട്ടുള്ളത്. കല്ലടയാറ്റില്‍ മണലൂറ്റല്‍ മൂലം തടാകത്തിന്റെ അടിത്തട്ടിനെക്കാള്‍ ജലനിരപ്പ് താഴുകയും തടാകത്തിലെ വെള്ളം തിരിച്ച് ഒഴുകുകയും ചെയ്യുന്ന അവസ്ഥയാണ്. ഇങ്ങനെ തടാകത്തിലേക്ക് വെള്ളം എത്താനുള്ള എല്ലാ സ്രോതസ്സുകളും ഇല്ലാതായി പൂര്‍ണ്ണമായും മഴവെള്ളത്തെ ആശ്രയിച്ചാണ് തടാകം ഇപ്പോള്‍ നില നില്ക്കുന്നത്.

Image result for ശാസ്താംകോട്ട തടാകം

 

തടാകത്തിലേക്ക് എത്തുന്ന വെള്ളത്തേക്കാള്‍ കൂടുതല്‍ വെള്ളമാണ് പുറത്തേയ്ക്ക് പമ്പ് ചെയ്യുന്നത്. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് മാനേജ്മെന്റ് 2013 ല്‍ തയ്യാറാക്കിയ മാനേജ്മെന്റ് ആക്ഷന്‍ പ്ലാന്‍ പറയുന്നത് ഓരോ വര്‍ഷവും തടാകത്തില്‍ 20 സി.എം.സി വെള്ളം വീതം കുറയുന്നു എന്നാണ്. തടാകത്തില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവില്‍ 40 ശതമാനത്തിന്റെയെങ്കിലും കുറവ് വരുത്തുകയും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ തടാകത്തെ സമ്പൂര്‍ണ്ണ നാശത്തില്‍ നിന്ന് രക്ഷിക്കാനാകൂ എന്നാണ് തടാകസംരക്ഷണ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.

പമ്പിങ് കുറയ്ക്കുന്നതിനായി ആരംഭിച്ച പദ്ധതികള്‍ പോലും അട്ടിമറിക്കപ്പെടുകയാണ്. മഴ പെയ്തപ്പോള്‍ തടാകത്തിലെ ജലനിരപ്പ് വര്‍ദ്ധിച്ചിട്ടുണ്ട് എന്നതിനാല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങളെല്ലാം അവസാനിപ്പിച്ച് പരമാവധി വെള്ളം ഊറ്റാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്.

മലിനീകരണവും കയ്യേറ്റവും മൂലം അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള റാംസാര്‍ സൈറ്റ് കൂടിയായ ശാസ്താംകോട്ട ശുദ്ധജല തടാകം മരണശയ്യയിലാണ്. ഇതിനെതിരെ അതിശക്തമായ ജനകീയ സമരങ്ങളാണ് ശാസ്താംകോട്ടയില്‍ നടന്നത്. നിരന്തരമായ സമരത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികള്‍ പോലും അട്ടിമറിക്കപ്പെടുമ്പോള്‍ തടാകസംരക്ഷണം എന്ന വാഗ്ദാനം ജലരേഖയായി മാറുന്നു എന്നതാണ് സത്യം.