ഏപ്രില്‍ വരെയെ കേരളത്തിന്റെ ഒരേയൊരു ശുദ്ധജല തടാകമായ ശാസ്താം കോട്ട കായലില്‍ വെള്ളമുണ്ടാകൂ എന്നാണ് ആശങ്ക. മെയ് ആകുമ്പോഴേയ്ക്കും വെള്ളം എടുക്കാന്‍ പറ്റാത്ത അവസ്ഥയാകും. 50.5 ദശലക്ഷം ലിറ്റര്‍ വെള്ളം ഓരോ ദിവസവും ശാസ്താംകോട്ട കായലില്‍ നിന്ന് പമ്പ് ചെയ്ത് എടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ താടാകത്തിലെ ശുദ്ധജലത്തിന്റെ അളവ് ദിനംപ്രതിഗണ്യമായ തോതിൽ കുറയുകയാണെന്നും ശാസ്താംകോട്ട തടാകത്തിലെ ജലത്തിന്റെ സ്വഭാവത്തെ കുറിച്ച് പഠിക്കുന്ന ദിവ്യരാജ് പറയുന്നു. യു.കെ.എഫ് കോളേജില്‍ ഗവേഷകയാണ് ദിവ്യ.
മഴ കിട്ടിയില്ലെങ്കില്‍ ഈ മാസം കൂടിയേ തടാകത്തില്‍ നിന്ന് വെള്ളം എടുക്കാന്‍ പറ്റുകയുള്ളു എന്നാണ് സേവ് കന്നിമല വാലി ഫേസ്ബുക് പേജ് അഡ്മിനും സാമൂഹ്യപ്രവര്‍ത്തകനുമായ അവിനാഷ് പറയുന്നത്. കൊല്ലം കോര്‍പ്പറേഷന്‍, സമീപ പഞ്ചായത്തുകള്‍, ചവറ-പന്മന കുടിവെള്ള പദ്ധതി എന്നിവിടങ്ങളിലേയ്ക്കായി ഒരു ദിവസം 55.5 ദശലക്ഷം ലിറ്റര്‍ ജലം ഈ തടാകത്തില്‍ നിന്നു പമ്പു ചെയ്യുന്നുണ്ട്.
തടാകത്തിലേയ്ക്ക് ജലം ഒഴുകി എത്താത്തത് മൂലവും, സമീപപ്രദേശങ്ങളിലെ ഉപരിതല മണല്‍ നീക്കം ചെയ്തതിന്റെ ഫലമായി ഉണ്ടായ മണ്ണൊലിപ്പ് മൂലവും, പടിഞ്ഞാറെ കല്ലടയിലെ മണല്‍ ഖനനം സൃഷ്ടിച്ച ഗര്‍ത്തങ്ങള്‍ തടാകത്തിലെ ജലത്തെ വലിച്ചെടുത്തതു മൂലവും തടാകം ഭീതി ജനകമായ രീതിയില്‍ വറ്റിപോയിരുന്നു.
വലിയ തോതില്‍ ഇവിടെ മാലിന്യം തള്ളുന്ന ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വെള്ളത്തില്‍ ടോട്ടല്‍ കോളിഫോം എന്ന ബാക്റ്റീരിയയുടെ സാന്നിധ്യം കൂടുതലായിട്ടുണ്ടെന്നാണ് ദിവ്യയുടെ ഗവേഷണത്തില്‍ കാണാന്‍ സാധിച്ചത്.
ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ടൈഫോയ്ഡ്, ഡയേറിയ പോലെയുള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാകാം. തടാകത്തിലെ വെള്ളത്തിന്റെ ഗുണം കുറയുന്നതിനനുസരിച്ച് അതിലെ ബാക്റ്റീരിയയുടെ അളവ് കൂടിക്കൊണ്ടേയിരിക്കും.
തടാകത്തിന്റെ ചുറ്റും കുന്നുകളാണ്. കുന്നിന്റെ മുകളിലുള്ള കിണറുകളെല്ലാം ഇപ്പോള്‍ തന്നെ വറ്റി തുടങ്ങി. തടാകത്തിലെ വെള്ളത്തിന്റെ അളവ് കുറയുമ്പോള്‍ ചുറ്റുമുള്ള വീടുകളിലെ കിണറുകളെല്ലാം പെട്ടെന്ന് വറ്റിപ്പോകും. ഇതോടെ ഇവര്‍ക്ക് കുടിവെള്ള പദ്ധതികളെ ആശ്രയിക്കേണ്ടി വരും.
അങ്ങനെ വരുമ്പോള്‍ ആളുകള്‍ പ്രാഥമികൃത്യങ്ങള്‍ക്കടക്കം നേരിട്ട് കായലിലേക്കിറങ്ങി വെള്ളം ഉപയോഗിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് കോളിഫോം ബാക്റ്റീരിയ കൂടുന്നതിന് ഇടയാക്കുമെന്ന് ദിവ്യ സൂചിപിക്കുന്നു.
മഴ പെയ്യുന്ന സമയത്ത് തടാകത്തിന്റെ വശങ്ങളില്‍ കെട്ടികിടക്കുന്ന മാലിന്യം കായലിലേക്കിറങ്ങും. മഴക്കാലത്ത് മണ്ണൊലിപ്പ് ഉണ്ടാവുന്നതോടെ തടാകത്തിലെ ജലം വളരെയധികം മലിനമാക്കുന്നു. ഓരോ വര്‍ഷവും മണ്ണൊലിപ്പ് കാരണം കായലിന്റെ ആഴം കുറഞ്ഞു വരുന്നുണ്ട്. അതിനനുസരിച്ച് അതില്‍ വെള്ളത്തിന്റെ അളവ് കുറയും. കൂടാതെ സമുദ്രതൃണം വളര്‍ന്നു വരുന്നുണ്ട്. മണ്ണൊലിപ്പിലൂടെ വരുന്ന മണ്ണിന്റെ മുകളിലും ഇത് അമിതമായി വളരും. മണ്ണ് കൂടിവന്നാല്‍ തടാകം കരയായി മാറുമെന്ന് ദിവ്യ ഓര്‍മിപ്പിക്കുന്നു.
കല്ലടയാര്‍ നദിക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ മുഴുവന്‍ കയ്യേറ്റവും മണ്ണെടുപ്പും കാരണം നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. മണല്‍ വാരിയാണ് കല്ലടയാര്‍ ഏറ്റവും അധികം കുഴിഞ്ഞത്. “കല്ലടയാറിന്റെ തീരത്തുള്ള ഒരു കിണറ്റില്‍ പോലും വെള്ളമില്ല, ജനുവരിയില്‍ തന്നെ ഇവിടെയുള്ള എല്ലാ കിണറുകളും വറ്റി. ഇപ്പോള്‍ പൈപ്ലൈന്‍ ആശ്രയിച്ചാണ് ഇവിടെയുള്ളവര്‍ ജീവിക്കുന്നത്,” അവിനാഷ് പറയുന്നു.
373 ഹെക്ടറില്‍ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലകായലാണ് ശാസ്താംകോട്ട കായല്‍. കുന്നത്തൂര്‍ താലൂക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മൈനാഗപ്പള്ളി, ശാസ്താംകോട്ട, കുന്നത്തൂര്‍, പോരുവഴി, പടിഞ്ഞാറെ കല്ലട, ശൂരനാട് തെക്ക് എന്നിങ്ങനെ തടാകത്തിനു ചുറ്റുമുള്ള പഞ്ചായത്തുകളിലും പ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നത് ഈ തടാകത്തില്‍ നിന്നാണ്.
അതിരൂക്ഷമായ മണല്‍ ഖനനം, കുന്നിടിക്കല്‍, വയല്‍ നികത്തല്‍ ഉള്‍പ്പെടെയുള്ള തെറ്റായ ഭൂവിനിയോഗ ക്രമം, കൂടെകൂടെ മണ്ണിളക്കേണ്ടി വരുന്ന കൃഷി സമ്പ്രദായം, തടാകത്തിലേക്കുള്ള മണ്ണൊലിപ്പ് എന്നിവ കാരണം ശുദ്ധജല തടാകം മൃതപ്രായമായി കഴിഞ്ഞിരിക്കുന്നു.