|

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച സൗഹാര്‍ദപരം; സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്ന് പന്തളം മുന്‍ രാജകുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നെന്ന് പന്തളം മുന്‍
രാജകുടുംബാഗം ശശികുമാര വര്‍മ. തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ നിവേദനമായി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന് പറയാനുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയും തങ്ങള്‍ക്ക് മുന്‍പില്‍ വെച്ചിട്ടുണ്ടെന്നും ശശികുമാര വര്‍മ പറഞ്ഞു.

യുവതീപ്രവേശനം അനുവദിക്കില്ലെന്ന നിലവിലെ നിലപാടില്‍ മാറ്റമില്ല. വിശ്വാസികളുടേയും ഭക്തജനങ്ങളുടേയും വികാരം കൂടി കണക്കിലെടുത്തു മാത്രമേ സുപ്രീം കോടതി നിര്‍ദേശം നടപ്പിലാക്കാന്‍ പാടുള്ളൂവെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. അവിശ്വാസികളായ ആരേയും പൊലീസ് സംരക്ഷണം നല്‍കി എത്തിക്കരുത് എന്ന ആവശ്യവും മുന്നോട്ടു വെച്ചു.


സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ ആക്രമണം; നെയിം ബോര്‍ഡ് നശിപ്പിച്ചു; വാതില്‍ വൃത്തികേടാക്കി


സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. അതില്‍ എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തും.

മുഖ്യമന്ത്രിയും ഞങ്ങള്‍ നല്‍കിയ കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വളരെ സ്‌നേഹപൂര്‍വമായ സൗഹാര്‍ദ്ദപരമായ ചര്‍ച്ചയാണ് നടത്തിയത്. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ കഴിയില്ല എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ പരിമിതിയെ കുറിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ട്.

ആചാര അനുഷ്ഠാനങ്ങളെ കുറിച്ച് പിറകോട്ട് പോകാന്‍ കഴിയില്ലെന്ന കാര്യം ഞങ്ങളും പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ നിര്‍ദേശം അവര്‍ കേട്ടിട്ടുണ്ട്. ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

യുവതീ പ്രവേശനത്തോട് യോജിക്കുന്നില്ല. അതില്‍ വ്യത്യാസമില്ല. വഴക്കുണ്ടാക്കി ഇറങ്ങിപ്പോയില്ല. ഞങ്ങളുടെ നിര്‍ദേശങ്ങള്‍ വെച്ചു. തിരിച്ച് സര്‍ക്കാരും വെച്ചു. സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ പറ്റില്ല. തന്ത്രിമാരുമായി ആലോചിക്കണമെന്നും ശശികുമാര വര്‍മ പറഞ്ഞു.