| Saturday, 12th August 2017, 7:32 pm

'ബി.ജെ.പി ഹിന്ദുയിസത്തിന് തന്നെ അപമാനമാണ്'; സംഘപരിവാര്‍ അജണ്ടയ്ക്ക് വളമിടുന്ന മാധ്യമങ്ങള്‍ സ്വന്തം കുഴി തോണ്ടുകയാണെന്ന് ശശികുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചില മാധ്യമങ്ങളുടെ നിലപാടുകള്‍ ആര്‍.എസ്.എസ്-ബി.ജെ.പി അജണ്ടയ്ക്ക് കരുത്തു പകരുന്നുവെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍. കേന്ദ്രസര്‍ക്കാരിന്റെ അജണ്ടകള്‍ക്കു നേരെ മൗനം പാലിക്കുന്നതും വാര്‍ത്തകള്‍ തമസ്‌കരിക്കുകയും ചെയ്യുന്നത് സംഘപരിവാര്‍ ആശയങ്ങള്‍ക്ക് വളമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂര്‍ണ്ണതയിലേക്ക് എത്തിയിട്ടില്ലെങ്കിലും ഫാഷിസം അതിന്റെ വേരുകള്‍ ഉറപ്പിക്കുന്ന ഘട്ടത്തിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയിലേയും ഇറ്റലിയിലേയും പോലുള്ള അവസ്ഥയിലേക്ക് ഇന്ത്യയില്‍ ഫാഷിസം വളര്‍ന്നിട്ടില്ല. പക്ഷെ അതിന്റെ പാതയിലാണെന്നും അത് തിരിച്ചറിയാന്‍ മാധ്യമങ്ങളടക്കം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

തീവ്രദേശീയതയും ഹിന്ദുത്വതയും അടയാളമായി കൊണ്ടു നടക്കുന്ന ആര്‍.എസ്.എസ് ഇന്ത്യയ്ക്ക് പുറത്തു നിന്നുള്ളതിനെയെല്ലാം ശത്രുവായി കാണുന്നു. സവര്‍ക്കറുടെ കാലം മുതല്‍ രൂപം കൊണ്ടുവന്നതും പിന്തുടരുന്നതുമായ ഐഡിയോളജിയാണത്. ഒരുകാലത്ത് സുഹൃത്തായിരുന്ന ചൈനപോലും ശത്രുവായി മാറിയതിന് പിന്നില്‍ ഈ ആശയമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ചില ചാനലുകള്‍, പ്രത്യേകിച്ചും മുഖധാരയില്‍ ഉള്ള ഇംഗ്ലീഷ് മാധ്യമങ്ങളടക്കം, ബി.ജെ.പിയുടെ വക്താക്കളായെന്നും ചാനല്‍ ചര്‍ച്ചയിലും മറ്റും ബി.ജെ.പി സര്‍ക്കാരിനും സംഘപരിവാറിനും എതിരെയുയരുന്ന ചോദ്യങ്ങളെ പ്രതിരോധിക്കുന്നത് ആ ചാനലുകളിലെ അവതാരകരാണെന്നും ശശികുമാര്‍ അഭിപ്രായപ്പെട്ടു. ഇത്തരക്കാര്‍ വേട്ടക്കാരന് ഇരയെ കാട്ടിക്കൊടുക്കുന്ന വേട്ടനായ്ക്കള്‍ക്ക് സമാനമാണെന്നു പറഞ്ഞ ശശികുമാര്‍ ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ ധര്‍മ്മം സത്യം പറയുകയാണെന്നും അല്ലാത ബി.ജെ.പിയുടെ പ്രചരണങ്ങള്‍ക്കുള്ള ഉപകരണമായി മാറലല്ലെന്നും ഓര്‍മ്മിപ്പിച്ചു.

മുഖ്യധാര മാധ്യമങ്ങളില്‍ പലതും വാര്‍ത്തകളെ ബാലന്‍സ്ഡ് ആക്കാനായി പല വാര്‍ത്തകളും ഒഴിവാക്കുകയും ചിലതിന് വേണ്ട പ്രാധാന്യം നല്‍കാതെ പ്രസിദ്ധപ്പെടുത്തുകയുമാണ്. സ്ഥാനം ഒഴിയുന്ന വേളയില്‍ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി രാജ്യത്തെ ന്യൂനപക്ഷം അരക്ഷിതാവസ്ഥയിലാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനോട് പ്രതികരിച്ചത്. അന്‍സാരി തന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് മാത്രമാണ് സംസാരിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. എന്നാല്‍ പ്രധാനമന്ത്രി മുന്‍ ഉപരാഷ്ട്രപതിയെ അപമാനിച്ചത് പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്തായാക്കാന്‍ തയ്യാറായില്ല. പകരം വാര്‍ത്താ പ്രാധാന്യം കുറഞ്ഞ ഭാഗങ്ങള്‍ മാത്രമാണ് വാര്‍ത്തയാക്കിയതെന്നും ശശികുമാര്‍ ചൂണ്ടിക്കാണിച്ചു.


Also Read:  ‘ആ 30 കുട്ടികള്‍ക്കുപകരം മരിച്ചത് ഒരു മുസ്‌ലിം കച്ചവടക്കാരന്റെ പത്തുപശുക്കളായിരുന്നെങ്കിലോ?’ സംഭവിക്കുക ഇതാണ്: രൂക്ഷവിമര്‍ശനവുമായി സഞ്ജീവ് ഭട്ട്


ബി.ജെ.പി നേതൃത്വം നല്‍കുന്ന സംഘപരിവാറിന്റെ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് പ്രതിപക്ഷത്തിന്റെ സ്വരം വാര്‍ത്തയാക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യത്തിന് പകരം നിശബ്ദത പാലിക്കുമ്പോള്‍ ആ നിശബ്ദതയും നുണയാണ്. ക്രേന്ദത്തേയും ബി.ജെ.പിയേയും പ്രീണിപ്പിക്കാനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. എന്നാല്‍ അവരുടെ നിശബ്ദത വലിയ തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ മാധ്യമങ്ങള്‍ ഭൂരിപക്ഷവും ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തുന്നതിനെ എതിര്‍ത്തുന്നവരാണ്. എന്നാല്‍ ട്രംപ് അധികാരത്തിലെത്തി. പക്ഷെ അപ്പോഴും ട്രംപിന്റെ ആശയങ്ങളെ എതിര്‍ക്കുന്നത് അവര്‍ തുടര്‍ന്നു. എന്നാല്‍ ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങള്‍ സര്‍ക്കാരിനെ എതിര്‍ക്കാന്‍ തയ്യാറാകാതെ അനാവശ്യമായി പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തില്‍ വാര്‍ത്തകളെ ഫില്‍റ്റര്‍ ചെയ്യാന്‍ ഉത്തരവാദിത്വപ്പെട്ടവരായ മാധ്യമങ്ങള്‍ ബി.ജെ.പിയുടെ ഹിന്ദുത്വ സര്‍ക്കാരിന്റെ പ്രചാരകരാകരുതെന്നും ശാസ്ത്രീയ അവബോധം വളര്‍ത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ ശബ്ദമായി ആള്‍ദൈവങ്ങളും സിനിമാതാരങ്ങളും മാറുന്നത് അസംബന്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, ബി.ജെ.പിയ്‌ക്കോ സംഘപരിവാറിനോ യഥാര്‍ത്ഥ ഹിന്ദുയിസമെന്താണെന്നോ ഹിന്ദു ഫിലോസഫിയെന്താണെന്നോ യാതൊരു അറിവുമില്ലെന്നും ശശികുമാര്‍ അഭിപ്രായപ്പെട്ടു.

ബി.ജെ.പി സര്‍ക്കാര്‍ ഹിന്ദുയിസത്തിന് തന്നെ അപമാനമാണെന്നു പറഞ്ഞ അദ്ദേഹം “ആറു ദിവസത്തിനുള്ളില്‍ ഹിന്ദുവാകാം” എന്ന തരത്തിലുള്ള പുസ്തകങ്ങളിലേത് പോലെ ഹിന്ദുയിസത്തിന്റെ മഹിമയെ സാമാന്യവല്‍ക്കരിച്ചുവെന്നും പറഞ്ഞു. കേരളത്തിനെതിരായ് സംഘപരിവാര്‍ ദേശീയ തലത്തില്‍ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ കേരളീയര്‍ ഒരുമിക്കണമെന്നും ശക്തമായ മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിനെതിരായ പ്രചരണങ്ങള്‍ക്കു പിന്നില്‍ ബി.ജെ.പിയുടെ കാലങ്ങളായി നടപ്പിലായികൊണ്ടിരിക്കുന്ന അജണ്ടയാണെന്നും അതിന് സഹായിക്കുന്ന മാധ്യമങ്ങള്‍ സ്വന്തം കുഴിതോണ്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more