തിരുവനന്തപുരം: ജനങ്ങളെ രസിപ്പിക്കുന്നതെന്തും അതേപടി കൊടുക്കുന്നതല്ല മാധ്യമപ്രവര്‍ത്തനമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസത്തിന്റെ ചെയര്‍മാനുമായ ശശികുമാര്‍.
സമകാലീന മാധ്യമങ്ങളില്‍ സെക്ഷ്വല്‍ എലമെന്റ്‌സിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ മാധ്യമപ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജേര്‍ണലിസ്റ്റുകള്‍ക്ക് ഒരു സെല്‍ഫ് റഗുലേഷന്‍ ബോഡി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സമകാലീന മാധ്യമങ്ങളില്‍ ജേര്‍ണലിസത്തേക്കാളുപരി വോയറിസം അല്ലെങ്കില്‍ കീ ഹോള്‍ ജേര്‍ണലിസമാണ് കാണുന്നത്. സെക്ഷ്വല്‍ എലമെന്റ്‌സ് ഉണ്ടെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് മാധ്യമപ്രവര്‍ത്തനം ഇപ്പോള്‍ കൂടുതലായുള്ളത്. ഇങ്ങനെ നടക്കുന്നത് മാധ്യമപ്രവര്‍ത്തനം അല്ല. തുറന്നുപറയുന്ന ആളും അത് കേള്‍ക്കുന്ന മാധ്യമപ്രവര്‍ത്തകനും തമ്മില്‍ ഇവിടെ വലിയ വ്യത്യാസമില്ല,’ ശശികുമാര്‍ പറഞ്ഞു.
ജനങ്ങളെ രസിപ്പിക്കുന്നതെന്തും അതേ പടി കൊടുക്കുന്നതല്ല മാധ്യമപ്രവര്‍ത്തനം. ആ പണി ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരുടെ ആവശ്യമില്ലല്ലോ. ഓണ്‍ലൈന്‍ സൈറ്റില്‍ പോയി പോണോഗ്രഫി കണ്ടാല്‍ പോരെ.
ജനങ്ങള്‍ക്ക് മയക്കുമരുന്നാണ് ആവശ്യമങ്കില്‍ സെക്സ് ആണ് വേണ്ടതെങ്കില്‍ അത് നല്‍കുന്നതല്ല ജേണലിസ്റ്റുകള്‍ ചെയ്യേണ്ടതെന്നും ശശികുമാര്‍ പറഞ്ഞു.
‘കള്ളന്‍ മണിയന്‍ പിള്ളയുമായി ഒരു യുട്യൂബ് ചാനല്‍ നടത്തിയ അഭിമുഖത്തില്‍ അയാളോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുന്ന ചോദ്യമുണ്ട്. നിങ്ങള്‍ മോഷ്ടിക്കാനായി വീട്ടില്‍ കടന്നപ്പോള്‍ അവിടെ നഗ്നരായ സ്ത്രീകളെ കണ്ടിട്ട് എന്തെങ്കിലും തോന്നിയിരുന്നോ എന്ന്.താന്‍ ചെയ്ത കുറ്റകൃത്യത്തെ ഗ്ലോറിഫൈ ചെയ്ത് ഒരാള്‍ സംസാരിക്കുമ്പോള്‍ അതില്‍ ഒരിടപെടലും നടത്താതെ അതിലെ ഹിംസ രസിച്ച് കേള്‍ക്കുന്നതരത്തിലുള്ള ജേര്‍ണലിസം എത്രത്തോളം അപകടകരമാണെന്നാണ് താങ്കള്‍ കരുതുന്നത്?,’ എന്ന ചോദ്യത്തോടായിരുന്നു ശശികുമാറിന്റെ പ്രതികരണം.