ആ സിനിമയില്‍ വില്ലനായി വിജയ് സേതുപതി വേണ്ട എന്ന് ഞാന്‍ പറഞ്ഞു, അതിനൊരു കാരണമുണ്ടായിരുന്നു: ശശികുമാര്‍
Entertainment
ആ സിനിമയില്‍ വില്ലനായി വിജയ് സേതുപതി വേണ്ട എന്ന് ഞാന്‍ പറഞ്ഞു, അതിനൊരു കാരണമുണ്ടായിരുന്നു: ശശികുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st October 2024, 9:07 am

തമിഴ് സിനിമയുടെ ഗതിമാറ്റിയ ചിത്രങ്ങളിലൊന്നായിരുന്നു 2008ല്‍ റിലീസായ സുബ്രഹ്‌മണ്യപുരം. അതുവരെ കാണാത്ത തരത്തിലുള്ള സിനിമാനുഭവം സമ്മാനിച്ച ചിത്രം ഒരുക്കിയ സംവിധായകനാണ് ശശികുമാര്‍. സംവിധാനത്തോടൊപ്പം അഭിനയവും തനിക്ക് ചേരുമെന്ന് ശശികുമാര്‍ തെളിയിച്ചു. നാടോടികള്‍, സുന്ദരപാണ്ഡ്യന്‍, അയോതി എന്നീ സിനിമകളില്‍ മികച്ച പ്രകടനമാണ് ശശികുമാര്‍ കാഴ്ചവെച്ചത്.

എസ്.ആര്‍ പ്രഭാകരന്‍ സംവിധാനം ചെയ്ത് ശശികുമാര്‍ നായകനായി 2012ല്‍ റിലീസായ ചിത്രമായിരുന്നു സുന്ദരപാണ്ഡ്യന്‍. ചിത്രം തമിഴ്‌നാട്ടില്‍ വന്‍ വിജയമായി മാറിയ ചിത്രം തെലുങ്കിലും കന്നഡയിലും റീമേക്ക് ചെയ്യപ്പെട്ടു. മലയാളി താരം ലക്ഷ്മി മേനോനായിരുന്നു ചിത്രത്തില്‍ നായിക. ചിത്രത്തില്‍ വില്ലനായെത്തിയത് വിജയ് സേതുപതിയായിരുന്നു. എന്നാല്‍ വിജയ് സേതുപതി ആ സിനിമയില്‍ വില്ലനായി വരുന്നതില്‍ തനിക്ക് ആദ്യം താത്പര്യമില്ലായിരുന്നെന്ന് പറയുകയാണ് ശശികുമാര്‍.

പിസ, നടുവുലെ കൊഞ്ചം പക്കത്തെ കാണോം എന്നീ സിനിമകളില്‍ നായകനായി നില്‍ക്കുന്ന വിജയ് സേതുപതിയെ വില്ലനാക്കണ്ട എന്ന് താന്‍ പറഞ്ഞെന്നും അത് അയാളുടെ കരിയറിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് തനിക്ക് തോന്നിയെന്നും ശശികുമാര്‍ പറഞ്ഞു. എന്നാല്‍ എല്ലാതരം കഥാപാത്രങ്ങളും ചെയ്യുന്നതാണ് ഒരു നടന്റെ ക്വാളിറ്റി എന്ന് വിജയ് സേതുപതി പറഞ്ഞെന്നും ആ മറുപടി തന്നെ ഞെട്ടിച്ചെന്നും ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സുന്ദരപാണ്ഡ്യനിലേക്ക് വിജയ് സേതുപതിയെ റെക്കമെന്‍ഡ് ചെയ്തത് ക്യാമറാമാന്‍ പ്രേം കുമാര്‍ ആയിരുന്നു. 96 സംവിധാനം ചെയ്ത അതേ പ്രേം കുമാര്‍ തന്നെയാണ് നടുവുലെ കൊഞ്ചം പക്കത്തെ കാണോം എന്ന സിനിമയുടെ ക്യാമറ ചെയ്തത്. സുന്ദരപാണ്ഡ്യനില്‍ വില്ലന്‍ വേഷമായിരുന്നു വിജയ് സേതുപതിക്ക്. ആ സമയത്ത് പിസയില്‍ നായകനായി നില്‍ക്കുകയായിരുന്നു വിജയ്.

നായകനായി തുടങ്ങിയ ഒരാളെ വില്ലനാക്കണ്ട, അത് അയാളുടെ കരിയറിനെ ബാധിക്കും എന്ന് ഞാന്‍ അവരോട് പറഞ്ഞു. ഇക്കാര്യം പ്രേം, സേതുവിനോട് പറയുകയും ചെയ്തു. അതിന് സേതു പറഞ്ഞത് ‘ഏത് തരം ക്യാരക്ടറും ചെയ്യുന്നതാണ് ഒരു നല്ല നടന്റെ ക്വാളിറ്റി. ഞാന്‍ രണ്ട് സിനിമയില്‍ ഹീറോയായി, ഇനി ഹീറോയായി മാത്രമേ അഭിനയിക്കുള്ളൂ എന്നൊന്നും പറയാന്‍ പാടില്ല’ എന്നായിരുന്നു. എന്നെ വല്ലാതെ ഞെട്ടിച്ച മറുപടിയായിരുന്നു അത്,’ ശശികുമാര്‍ പറഞ്ഞു.

Content Highlight: Sasikumar about Vijay Sethupathi and Sundarapandian movie