തിരുവനന്തപുരം: കേരളത്തില്‍ അപ്രഖ്യാപിത വിമോചനസമരത്തിന്റെ ഒരുക്കമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍. കൈരളി ന്യൂസിന്റെ ന്യൂസ് ആന്റ് വ്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ന് ഇന്ത്യയില്‍ ഒരു പ്രശ്‌നവല്‍കൃതമായ സാഹചര്യമാണ്. കാരണം നമുക്ക് തുറന്ന് കാര്യങ്ങള്‍ പറയാന്‍ പറ്റുമോ എന്നത് വളരെ ഒരു ചോദ്യചിഹ്നം തന്നെയാണ്.
മാധ്യമങ്ങള്‍ സെല്‍ഫ് സെന്‍സര്‍ഷിപ്പ് തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പല കാര്യങ്ങളും അവര്‍ ചര്‍ച്ച ചെയ്യാന്‍ മടിക്കുന്നു.
അതിന്റെ ഭവിഷ്യത്ത് അവര്‍ക്കറിയാം. അതുകൊണ്ട് ആ ഭാഗത്തേക്ക് ചിന്തിക്കാതിരിക്കുകയാണ് ബുദ്ധി. അതൊക്കെ തന്നെയാണ് നമ്മളിപ്പോള്‍ കാണുന്നതെന്നും ശശികുമാര്‍ പറഞ്ഞു.
‘ദേശമൊട്ടാകെ പല കാര്യങ്ങളും നടക്കുന്നു. അതെല്ലാം അവഗണിച്ച് അല്ലെങ്കില്‍ അതിന് ശ്രദ്ധ കൊടുക്കാതെ ചില കാര്യങ്ങള്‍ക്ക് മാത്രം ശ്രദ്ധ കൊടുത്ത് അത് വലിയ കാര്യമാക്കി ചര്‍ച്ച ചെയ്യുക. ഇന്ത്യയിലെ അപ്രഖ്യാപിത അടിയന്താരാവസ്ഥ എന്നത് പോലെ തന്നെ കേരളത്തിലെ മാധ്യമങ്ങളെ കാണുമ്പോള്‍ അപ്രഖ്യാപിത വിമോചനസമരത്തിന്റെ ഒരുക്കം ആണെന്നപോലെ തോന്നുന്നു’
മാധ്യമങ്ങള്‍ക്ക് എന്നും അധികാരി വര്‍ഗത്തെ ചോദ്യം ചെയ്യാനുള്ള അധികാരമുണ്ട്. എന്നാല്‍ അത് വ്യക്തിഹത്യയിലേക്ക് അധഃപതിക്കാന്‍ പാടില്ലെന്നും ശശികുമാര്‍ പറഞ്ഞു. മാധ്യമങ്ങള്‍ വ്യക്തിഹത്യയിലേക്ക് കേന്ദ്രീകരിക്കുമ്പോള്‍ ഇല്ലാതാവുന്നത് സ്വന്തം വിശ്വാസ്യതയാണെന്ന് സ്വയം ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.