| Thursday, 24th September 2020, 2:54 pm

ഞാന്‍ പുറത്തിറങ്ങുന്നത് ആരും അറിയരുത്; ജയില്‍ അധികൃതര്‍ക്ക് ശശികലയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: താന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതിന്റെ വിശദാംശങ്ങള്‍ ആര്‍ക്കും നല്‍കരുതെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല അധികൃതര്‍ക്ക് കത്ത് നല്‍കി. വിവരാവകാശ നിയമപ്രകാരം മൂന്നാമതൊരു കക്ഷി താന്‍ റിലീസാകുന്നതിന്റെ തിയതിയോ സമയമോ അറിയാന്‍ പാടില്ലെന്നാണ് പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ക്ക് നല്‍കിയ കത്തില്‍ ശശികല ആവശ്യപ്പെട്ടിരിക്കുന്നത്.

‘രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കും ജനശ്രദ്ധ തേടുന്നതിനും വേണ്ടി ചിലര്‍ എന്റെ റിലീസിംഗ് സമയം അറിയാനായി അപേക്ഷ സമര്‍പ്പിക്കുന്നുണ്ട്. ഇത് എന്റെ മോചനത്തെ സങ്കീര്‍ണ്ണമാക്കുമെന്ന് കരുതുന്നു’, കത്തില്‍ ശശികല പറഞ്ഞു.

വിചാരണ കാത്തിരിക്കുന്ന തടവുകാരുടെയും പ്രതികളുടെയും വിവരങ്ങള്‍ നല്‍കരുതെന്ന വേദ് പ്രകാശ് ആര്യവ്‌സ് കേസ് ശശികല ചൂണ്ടിക്കാണിച്ചു.

അനധികൃത സ്വത്ത് സമ്പാദനകേസില്‍ നാല് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് ശശികല. പത്ത് കോടി രൂപ പിഴയടക്കുകയാണെങ്കില്‍ 2021 ജനുവരി 27 നാണ് ശശികല ജയില്‍മോചിതയാകാന്‍ സാധ്യത.

അതേസമയം ശശികല പുറത്തിറങ്ങുന്ന പക്ഷം ഒന്നിച്ചുനീങ്ങുന്നതിനെ കുറിച്ച് ബി.ജെ.പി ആലോചിക്കുന്നുണ്ട്. ശശികലയുടെ നേതൃത്വത്തിലുള്ള വിഭാഗം എ.ഐ.എ.ഡി.എം.കെയുമായി ലയിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.

നിലവില്‍ ശശികല വിഭാഗം അമ്മ മക്കള്‍ മുന്നേറ്റ കഴഗം എന്ന പാര്‍ട്ടിയായാണ് അറിയപ്പെടുന്നത്. ശശികല ജയിലിലായതിനാല്‍ പാര്‍ട്ടിയെ നയിക്കുന്നത് ടി.ടി.വി ദിനകരനാണ്. ഇദ്ദേഹം രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് ദല്‍ഹിയിലെത്തി ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജയലളിതയുടെ വിശ്വസ്തനായ ഒ.പനീര്‍ശെല്‍വത്തെ മാറ്റി എടപ്പാടി പളനിസാമിയെ മുഖ്യമന്ത്രിയാക്കിയ നീക്കത്തിന് പിന്നില്‍ ബി.ജെ.പിയുടെ കരങ്ങളുണ്ടെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ ശശികല അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിലാവുകയും ചെയ്തു.

ലയിച്ച് ഒന്നാകുന്ന പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ശശികലയ്ക്ക് നല്‍കണമെന്നതാകും ഇവരുടെ പ്രധാന ആവശ്യം. നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും ഉപമുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വത്തിനും അധികാരത്തില്‍ തുടരാം. ടി.ടി.വി ദിനകരന് പാര്‍ട്ടിയിലെ സുപ്രധാന ചുമതല ലഭിക്കണം. എന്നിങ്ങനെയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍.

ലയിക്കുന്നതില്‍ ഇരുവിഭാഗത്തിനും തത്വത്തില്‍ യോജിപ്പാണെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sasikala writes to Bengaluru prison officials, requests not to reveal details of her release

We use cookies to give you the best possible experience. Learn more