ബംഗലൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ 10 കോടിരൂപ പിഴയടച്ചില്ലെങ്കില്‍ എ.ഐ.എ.ഡി.എം.കെ നേതാവ് ശശികലയ്ക്ക് 13മാസം കൂടി ജയിലില്‍ കിടയ്‌ക്കേണ്ടി വരും. പരപ്പന അഗ്രഹാര ജയില്‍ സൂപ്രണ്ട് കൃഷ്ണ കുമാറാണ് ഇക്കാര്യം പുറത്തു വിട്ടത്.
നാലു വര്‍ഷത്തെ ജയില്‍ശിക്ഷയും 10കോടിരൂപയുമാണ് ശശികലയ്ക്ക് കോടതി വിധിച്ചിരുന്നത്. വിചാരണ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 21 ദിവസം ശശികല ജയിലില്‍ കിടന്നതിനാല്‍ മൂന്ന് വര്‍ഷവും 11 മാസവുമാണ് അവര്‍ക്ക് അവശേഷിക്കുന്നത്.
വി.കെ ഇളവരശി, സുധാകരന്‍ എന്നിവരാണ് അനധികൃത സ്വത്ത് സമ്പാദന കേസിലെ മറ്റ് പ്രതികള്‍. ഇവര്‍ക്ക് ജയിലിലെ മറ്റുപ്രതികള്‍ക്ക് നല്‍കുന്ന അതേ പരിഗണനയാണ് നല്‍കുന്നതെന്നും പ്രത്യേക പരിഗണനകളൊന്നും നല്‍കുന്നില്ലെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു.
ബംഗളൂരുവില്‍ നിന്നും ചെന്നൈയിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ശശികല ജയില്‍ സുപ്രണ്ട് മുഖേന കര്‍ണാടക സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. വീട്ടില്‍ നിന്നുള്ള ഭക്ഷണം വേണമെന്നും ചൂടുവെള്ളം വേണമെന്നും ശശികല ആവശ്യപ്പെട്ടിരുന്നു.
ഫെബ്രുവരി 14നാണ് ശശികലയ്‌ക്കെതിരെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ അപ്പീലിലായിരുന്നു സുപ്രീംകോടതിയുടെ ശിക്ഷാവിധി.