എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോകായുക്തയ്ക്കും ബാലാവകാശ കമ്മിഷനും പരാതി നല്‍കുമെന്ന് കെ.പി ശശികല
Kerala News
എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോകായുക്തയ്ക്കും ബാലാവകാശ കമ്മിഷനും പരാതി നല്‍കുമെന്ന് കെ.പി ശശികല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd November 2018, 8:53 am

തിരുവനന്തപുരം: ശബരിമലയിലെത്തിയപ്പോള്‍ തന്നെ തടഞ്ഞ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോകായുക്തയ്ക്കും ബാലാവകാശ കമ്മിഷനും പരാതി നല്‍കുമെന്നും ശശികല വ്യക്തമാക്കി.

നിയമവിദഗ്ധരുമായി ഇക്കാര്യങ്ങള്‍ ആലോചിക്കുകയാണെന്നും ശശികല പറഞ്ഞു. ശബരിമലയിലേക്ക് പോയ തന്നെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മിഷന് ശശികല നേരത്തെ പരാതി നല്‍കിയിരുന്നു.


ശബരിമലയിലേക്ക് പോകരുതെന്ന പൊലീസ് നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് ശശികലയെ മരക്കൂട്ടത്ത് വച്ച് കരുതല്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പുലര്‍ച്ചെ രണ്ടു മണിക്ക് അറസ്റ്റു ചെയ്യുന്നതായി പൊലീസ് ശശികലയെ അറിയിക്കുകയായിരുന്നു.

അതേസമയം, ശശികലയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശശികലക്ക് നിബന്ധനകളോടെ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് പേരക്കുട്ടികളുമായി ശശികല വീണ്ടും ശബരിമല സന്ദര്‍ശിക്കാനെത്തിയത്.

പമ്പയിലേക്ക് പോകാന്‍ നിലയ്ക്കലില്‍നിന്ന് ശശികല ബസില്‍ കയറിയപ്പോള്‍ എസ്.പി യതീഷ്ചന്ദ്ര സ്ഥലത്തെത്തി, നിശ്ചിത സമയത്തിനുള്ളില്‍ സന്നിധാനത്തുനിന്ന് മടങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇതു വാക്കു തര്‍ക്കത്തിന് ഇടയാക്കി.


നിശ്ചിത സമയത്തിനുള്ളില്‍ മടങ്ങാമെന്ന് എഴുതി നല്‍കിയ ശേഷമാണ് ശശികലയെ പൊലീസ് സന്നിധാനത്തേക്ക് കടത്തിവിട്ടത്. ക്രിമിനലിനെപോലെയാണ് തന്നോട് യതീഷ് ചന്ദ്ര പെരുമാറിയതെന്നു ശബരിമല സന്ദര്‍ശനത്തിനുശേഷം ശശികല വ്യക്തമാക്കിയിരുന്നു.