| Thursday, 9th February 2017, 9:56 am

അമ്മയുടെ ചികിത്സ ഒരു തുറന്ന പുസ്തകമാണ്: അവര്‍ ആശുപത്രിയിലിരുന്ന് ഹനുമാന്‍ സീരിയല്‍ വരെ കാണുമായിരുന്നു: വെളിപ്പെടുത്തലുമായി ശശികല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് വരുന്ന ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് ശശികല. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ജയലളിതയുടെ ആശുപത്രി വാസത്തേയും മരണത്തെയും കുറിച്ച് ശശികല തുറന്ന് പറഞ്ഞത്.

അമ്മയോടൊപ്പം 33 വര്‍ഷം ഞാന്‍ ചിലവഴിച്ചിട്ടുണ്ട്. ഞാനെങ്ങനെയാണ് അവരോട് പെരുമാറിയിരുന്നതെന്ന് അവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കറിയാം.

അമ്മ ആശുപത്രിയിലുണ്ടായിരുന്ന 75 ദിവസവും ഞാന്‍ കൂടെയുണ്ടായിരുന്നു. അവിടുത്തെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമറിയാം ഞാനെങ്ങനെയാണ് അവരോട് പെരുമാറിയിരുന്നതെന്ന്.

ഇപ്പോള്‍ എനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെല്ലാം ചിലര്‍ പ്രത്യേകതാത്പര്യം മുന്‍നിര്‍ത്തി കെട്ടിച്ചമച്ചത് മാത്രമാണ്. എനിക്കെതിരായ വരുന്ന ഒരു അന്വേഷണത്തേയും ഭയപ്പെടുന്നില്ല. എനിക്കെതിരെ ആര് വേണെങ്കിലും എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. എന്റെ മനസാക്ഷി ശുദ്ധമാണ്്- ശശികല പറയുന്നു.

അമ്മയുടെ ചികിത്സയെന്നത് ഒരു തുറന്ന പുസ്തകമാണ്. അവിടെ എനിക്ക് ഒന്നും ഒളിക്കാനാവില്ല. എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ അവരെ ചികിത്സിക്കാനെത്തി. ലണ്ടനില്‍ നിന്ന് ഡോക്ടറെത്തി. സിംഗപ്പൂരില്‍ നിന്ന് ഫിസിയോതെറാപ്പിസ്റ്റുകള്‍ വന്നു. മരിക്കുന്ന അന്ന് ഉച്ചയ്ക്ക് ശേഷവും ഫിസിയോ ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ എല്ലാ ദിവസവും അവരോട് സംസാരിക്കുമായിരുന്നു.

അവര്‍ ടിവിയില്‍ ഹനുമാന്‍ സീരിയല്‍ സ്ഥിരമായി കാണാറുണ്ടായിരുന്നു. ആശുപത്രിയിലായപ്പോള്‍ ഞാനത് റെക്കോര്‍ഡ് ചെയ്ത് എത്തിക്കുമായിരുന്നു. ദിവസം രണ്ടു മൂന്ന് എപ്പിസോഡുകള്‍ അവര്‍ കാണുമായിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലെ പാട്ടുകളും ഇഷ്ടമായിരുന്നു. അതും കാണും.


Dont Miss എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും പ്രസക്തി നഷ്ടമായ സംഘടനകള്‍, വിദ്യാര്‍ത്ഥികളെ വഞ്ചിച്ചു ; പിരിച്ചു വിടണമെന്ന് കെ.സുരേന്ദ്രന്‍ 


അമ്മയെ ഓരോ നിമിഷവും എങ്ങനെ പരിചരിച്ചിരുന്നുവെന്ന് എപ്പോഴും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കെതിരെ ഡി.എം.കെ എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമല്ല. എന്നാല്‍ ഇത്രയും നാളും ഞങ്ങളോടൊപ്പമുണ്ടായിരുന്ന പനീര്‍ശെല്‍വം പറയുമ്പോള്‍ അത് സഹിക്കാനാവുന്നില്ല- ശശികല പറയുന്നു.

ചികിത്സയ്ക്ക് ശേഷം നവംബര്‍ 29 ന് അവരെ വീട്ടിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിട്ടിരുന്നു. അങ്ങനെയൊക്കയുള്ളപ്പോളാണ് പനീര്‍ശെല്‍വം ഇതൊക്കെ പറയുന്നത്. എത്ര അന്വേഷണ കമ്മീഷന്‍ വന്നാലും എനിക്ക് പ്രശ്നമല്ല.

ഈ പാര്‍ട്ടിയുള്ളതു കൊണ്ടാണ് പനീര്‍ശെല്‍വം ഇന്നത്തെ സ്ഥിതിയിലെത്തിയത്. ആ പാര്‍ട്ടിയെയാണ് അയാള്‍ ഇന്ന് തള്ളിപ്പറയുന്നത്. അത് അമ്മയെ വഞ്ചിക്കുന്നത് പോലെ തന്നെയല്ലേ. അതാണ് എന്നെ വേദനിപ്പിക്കുന്നത്. ശശികല പറഞ്ഞു.

ഡി.എം.കെ ഞങ്ങളുടെ ശത്രു പാളയത്തിലുള്ള പാര്‍ട്ടിയാണ്. എം.കെ സ്്റ്റാലിന്‍ പറയുന്നതിന് പിന്നിലെ കാര്യങ്ങളെല്ലാം നിങ്ങള്‍ മനസിലാക്കണം. പനീര്‍ശെല്‍വം അധികാരത്തിലെത്തണമെന്നാണ് അദ്ദേഹം പറയുന്നത്. അമ്മ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അവര്‍ എങ്ങനെയായിരുന്നു അസംബ്ലിയില്‍ പെരുമാറിയിരുന്നതെന്ന് നിങ്ങള്‍ക്ക് അറിയാം. എന്നാല്‍ ഞാന്‍ അധികാരത്തില്‍ എത്തുംഎന്നറിഞ്ഞതോടെ ഡി. എം.കെയ്ക്ക് വിറളി പിടിച്ചു. എ.ഐ.ഡി.എം.കെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും ശശികല പറയുന്നു.

We use cookies to give you the best possible experience. Learn more