| Sunday, 10th October 2021, 3:20 pm

പാര്‍ട്ടിയെ നേര്‍വഴിക്ക് നടത്താന്‍ ഉടനെ ഞാനെത്തും; പുതിയ പ്രഖ്യാപനവുമായി ശശികല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പ്രകമ്പനങ്ങളുണ്ടാക്കാനൊരുങ്ങി വി.കെ. ശശികല. എ.ഐ.എ.ഡി.എം.കെയുടെ പതനം തനിക്ക് കണ്ടുനില്‍ക്കാനാവില്ലെന്ന് അവര്‍ പറഞ്ഞതോടെ ശശികലയുടെ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചുള്ള സൂചനകളാണ് തമിഴ്‌നാട്ടില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്.

‘പാര്‍ട്ടിയെ നേര്‍വഴിക്ക് നടത്താന്‍ ഉടനെ ഞാനെത്തും. പാര്‍ട്ടിയുടെ അധഃപതനം എനിക്ക് കണ്ടുനില്‍ക്കാനാവില്ല. എല്ലാവരേയും ഒരുമിച്ചു നിര്‍ത്തലാണ് പാര്‍ട്ടിയുടെ നയം, നമുക്കൊരുമിക്കാം;’ ശശികല പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് മുന്‍പ് തന്നെ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല എന്ന് ശശികല പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം കാരണമാണ് താന്‍ ഇപ്പോള്‍ നിലപാട് മാറ്റിയതെന്നും ശശികല പറയുന്നു.

എടപ്പാടി പളനിസാമി, ഒ. പനീര്‍സെല്‍വം എന്നീ നേതാക്കളെ പേരെടുത്ത് പറയാതെയാണ് നേതൃത്വത്തില്‍ തന്നെ അഭിപ്രായഭിന്നതകളുണ്ടെന്ന് ശശികല ചൂണ്ടിക്കാട്ടിയത്.

പി.ടി.ഐയ്ക്ക് നല്‍കിയ പ്രതികരണത്തിന് പിന്നാലെയാണ് ശശികലയുടെ തിരിച്ചു വരവ് വീണ്ടും ചര്‍ച്ചയാവുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പെട്ടാണ് ശശികല അറസ്റ്റ് ചെയ്യപ്പെടുന്നത്. തന്റെ വിശ്വസ്ഥനായ എടപ്പാടി പളനിസാമിയെ അധികാരമേല്‍പ്പിച്ചാണ് ശശികല ജയിലിലേക്ക് പോയിരുന്നത്.

എന്നാല്‍ വിമതനും ജയലളിതയുടെ വിശ്വസ്ഥനുമായ ഒ.പി.എസ്സുമായി പളനിസാമി കൈകോര്‍ക്കുകയും ശശികല ചിത്രത്തില്‍ നിന്നും തന്നെ പുറത്താവുകയുമായിരുന്നു. ഇരുപക്ഷവും പാര്‍ട്ടിയൂടെ അധികാര സിരാകേന്ദ്രങ്ങളിലെത്തുകയും ശശികല പക്ഷത്തെ പൂര്‍ണമായും തഴയുകയുമായിരുന്നു.

ഇതോടെ 2018ല്‍, ശശികല പക്ഷത്തെ പ്രധാനിയും ശശികലയുടെ അനന്തരവനുമായ ദിനകരന്‍ ‘അമ്മ മക്കള്‍ മുന്നേറ്റ കഴകം’ (എ.എം.എം.കെ) എന്ന പുതിയ പാര്‍ട്ടി രൂപികരിക്കുകയും, എ.ഐ.എ.ഡി.എം.കെയുടെ പുനരുദ്ധാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ജയില്‍മോചിതയായ ശേഷം, മാര്‍ച്ചില്‍, താനിനി രാഷ്ട്രീയത്തിലേക്കില്ലെന്നും, ജയലളിതയുടെ സുവര്‍ണകാലം തിരിച്ചു വരാനായി പ്രാര്‍ത്ഥിക്കുമെന്നുമാണ് ശശികല പറഞ്ഞിരുന്നത്.

2021 ഫെബ്രുവരിയില്‍ നാല് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം, നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായാണ് ശശികല തമിഴ്‌നാട്ടില്‍ തിരിച്ചെത്തുന്നത്. ഏറെ രാഷ്ട്രീയ ചലനങ്ങള്‍ക്ക് കാരണമാവുമെന്ന് കരുതിയെങ്കിലും, തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കുകയാണ് ശശികല ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Sasikala Says Coming Soon to Set Party on ‘Right Track’, gives hint about her comeback

We use cookies to give you the best possible experience. Learn more