India
ജയിലാണെന്ന് കരുതി സ്റ്റാറ്റസ് വിടാന്‍ പറ്റുമോ? ടേബിള്‍ ഫാന്‍, കിടക്ക, അറ്റാച്ച്ഡ് ബാത്ത് റൂം; ആവശ്യങ്ങളുടെ ലിസ്റ്റുമായി വീണ്ടും ശശികല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Feb 23, 06:58 am
Thursday, 23rd February 2017, 12:28 pm

ബംഗലൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. പ്രായവും മോശം ആരോഗ്യസ്ഥിതിയും ചൂണ്ടിക്കാണിച്ചാണ് ശശികല ആവശ്യങ്ങളുടെ നീണ്ട ലിസ്റ്റ് ജയില്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

ടേബിള്‍ ഫാന്‍, കിടക്ക, അറ്റാച്ച്ഡ് ബാത്ത് റൂം, കട്ടില്‍ തുടങ്ങിയ സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് ശശികല അധികൃതരെ സമീപിച്ചതായാണ് പ്രമുഖ ദേശീയ മാധ്യമമായ എന്‍.ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമാനമായ രീതിയില്‍ ആവശ്യങ്ങളുമായി ശശികല നേരത്തേയും ജയില്‍ മേധാവികളെ സമീപിച്ചിരുന്നു. ഫോണ്‍ ആവശ്യപ്പെടുന്ന സമയത്ത് ഡോക്ടറുടെ സന്ദര്‍ശനം, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം, മിനറല്‍ വാട്ടര്‍ തുടങ്ങിയ ആവശ്യങ്ങളായിരുന്നു അന്ന് ആവശ്യപ്പെട്ടത്. എന്നാലവ ജയില്‍ അധികൃതര്‍ നിരസിക്കുകയായിരുന്നു.


Also Read: ‘ മൂന്നോ നാലോ ഡ്രൈവര്‍മാര്‍ വിചാരിച്ചാല്‍ നടക്കുന്നതല്ല കൊച്ചിയില്‍ നടന്നത് ‘ ; നടിക്കെതിരായ ആക്രമണത്തിലെ ഗൂഢാലോചന തെളിയിക്കണമെന്നും കാനം


തമിഴ്‌നാട്ടിലെ ജയിലിലേക്ക് മാറ്റണമെന്നും ശശികല ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും നിരസിക്കപ്പെട്ടിരുന്നു. ബന്ധുക്കളായ ഇളവരസിക്കും വി.കെ സുധാകരനുമൊപ്പം നാല് വര്‍ഷത്തേക്കാണ് ശശികലയെ ശിക്ഷിച്ചിരിക്കുന്നത്. ശശികലയേയും ഇളവരസിയേയും തൊട്ടടുത്ത സെല്ലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും ഇരുവര്‍ക്കും സാധാരണ തടവുകാര്‍ക്ക് നല്‍കുന്ന എല്ലാ സൗകര്യങ്ങളും നല്‍കുന്നുണ്ടെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

ഇതേ കേസില്‍ കഴിഞ്ഞ വര്‍ഷം 21 ശശികല ജയില്‍വാസം അനുഭവിച്ചിരുന്നു. നാല് വര്‍ഷത്തെ തടവിനെ കൂടാതെ 10 കോടിയുടെ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഇത് അടച്ചല്ലില്ലെങ്കില്‍ 13 വര്‍ഷം കൂടി ശിക്ഷയനുഭവിക്കേണ്ടി വരും.