| Sunday, 18th November 2018, 8:52 am

സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ച ശബരിമല താത്കാലിക ഇടത്താവളം ഉദ്ഘാടനം ചെയ്തത് കെ.പി ശശികല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവല്ല: സര്‍ക്കാര്‍ സഹായത്തോടെ തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന ശബരിമല താത്കാലിക ഇടത്താവളം ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തില്‍. തിരുവല്ല സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റില്‍ നിന്ന് ജാമ്യം കിട്ടിയ ശേഷം ഭക്ഷണം കഴിക്കാനായി ഇടത്താവളത്തിലെത്തിയ ശേഷമാണ് ശശികല ഇടത്താവളത്തിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നാളെ മുനിസിപ്പാലിറ്റിയിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. മുനിസിപ്പാലിറ്റിയുടെ ധനസഹായമുണ്ടെങ്കിലും ശബരിമല ധര്‍മ്മ സേവാ പരിഷത്തിനാണ് ഇടത്താവളത്തിന്റെ നടത്തിപ്പ് ചുമതലയെന്നാണ് നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറക്കലിന്റെ വിശദീകരണം.

എന്നാല്‍, ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ശ്രീകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിര്‍വിണാനന്ദയാണ് ശശികലയെ താത്കാലിക ഇടത്താവളത്തിന്റെ ഉദ്ഘാടനത്തിനായി ക്ഷണിച്ചതെന്ന് ധര്‍മ്മസേവാ പരിഷത്ത് ഭാരവാഹികള്‍ വ്യക്തമാക്കി.


കെ.സുരേന്ദ്രന്‍ റിമാന്റില്‍; സബ്ബ് ജയിലിലേക്ക് മാറ്റി, ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍


വിലക്ക് ലംഘിച്ചു മല കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയ്ക്ക് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. ഇന്നലെ പുലര്‍ച്ചെ മരക്കൂട്ടത്ത് വെച്ച് അറസ്റ്റിലായ ശശികലയെ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റു കൂടിയായ തിരുവല്ല ആര്‍.ഡി.ഒയ്ക്കു മുന്നില്‍ ഉച്ചയോടെ ഹാജരാക്കിയിരുന്നു. ഇവിടെ നിന്നാണ് ജാമ്യം നേടിയത്.

തിരികെ ശബരിമലയിലേക്കു പോകുമെന്നും അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെതിരെ കോടതിയെ സമീപിക്കുമെന്നും ശശികല അറിയിച്ചിട്ടുണ്ട്.

മല കയറാനെത്തിയ ശശികലയെയും പ്രവര്‍ത്തകരെയും പൊലീസ് ആദ്യം തടയുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് പൊലീസ് വിശദീകരിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ സമിതിയും സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിരുന്നു.

We use cookies to give you the best possible experience. Learn more