പാലക്കാട്: ഹാദിയയെ ഹോമിയോ മരുന്ന് കൊടുത്ത് മതം മാറ്റിയതാണെന്ന വാദവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. നിഷ്‌കളങ്ക ആയതുകൊണ്ടാണ് ഹാദിയയെ കുടുക്കാന്‍ പറ്റിയതെന്നും അത് മാതാപിതാക്കളുടെ തകരാറാണെന്നും ശശികല പ്രതികരിച്ചതായി നാരദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കോട്ടയത്തു നടന്ന ശ്രീകൃഷ്ണ ജയന്തി പരിപാടിക്ക് ശേഷം താന്‍ ഹാദിയയുടെ നാട്ടില്‍ പോയിരുന്നെന്നും എന്നാല്‍ ഹാദിയയെ കാണാന്‍ കഴിഞ്ഞില്ലെന്നും അവരുടെ മാതാപിതാക്കളുമായി സംസാരിച്ചെന്നും ശശികല പറയുന്നു.
ഹാദിയയുടെ അച്ഛന്റെ സഹോദരിയുടെ വീട്ടില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ഹാദിയയുടെ കാര്യങ്ങള്‍ സംസാരിച്ചെന്നും ഇത്തരം കാര്യങ്ങള്‍ ഇനി നടക്കാതിരിക്കാന്‍ ഇതില്‍ എന്തു ചതിയാണെന്ന് നടന്നതെന്ന് അറിയലായിരുന്നു തന്റെ ഉദ്ദേശമെന്നും ശശികല പറയുന്നു.
അത്തരമൊരു വിവരശേഖരണത്തിന്റെ ഭാഗമായാണ് പോയത്. അവര്‍ പറഞ്ഞ പല കാര്യങ്ങളും നേരത്തെ മാധ്യമങ്ങളില്‍ വന്നതാണ്. എന്നാല്‍ വരാത്ത ഒരു കാര്യമുണ്ട്. ഇവരെ കാണാന്‍ പോകുന്നതിനു മുമ്പായി തന്നോട് ഒരു ഹോമിയോ ഡോക്ടര്‍ ഒരു കാര്യം പറഞ്ഞിരുന്നുവെന്നും അത് ഹോമിയോ മെഡിക്കല്‍ കോളേജുകളുമായി ബന്ധപ്പെട്ട് ധാരാളം അന്വേഷണം നടക്കുന്നുണ്ടെന്നതായിരുന്നുവെന്നും ശശികല പറയുന്നു.
അത് കേരളത്തിലാണെങ്കിലും തമിഴ്നാട്ടിലാണെങ്കിലും നടക്കുന്നുണ്ട്. ഹോമിയോ അല്ലെങ്കില്‍ മറ്റു വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട കുട്ടികളാണ് ഈ കെണിയില്‍ അധികവും പെടുന്നത്.
“ഹോമിയോയില്‍ ഒരു മരുന്നുണ്ട്. താന്‍ വിശ്വസിച്ചതു കൊണ്ടല്ല പറയുന്നത്. മൈന്‍ഡ് അവരുടേത് അല്ലാത്ത വിധത്തില്‍ മാറ്റാന്‍ ചിലപ്പോഴൊക്കെ ചില രോഗികള്‍ക്കൊക്കെ, ആശുപത്രിയില്‍ പോകാന്‍ സമ്മതിക്കാത്ത രോഗിക്കൊക്കെ കൊടുക്കാറുണ്ട്. ഈ വിവരം ആ ഹോമിയോ ഡോക്ടര്‍ പറഞ്ഞിരുന്നു”വെന്നാണ് ശശികല പറയുന്നത്.
മൂന്ന് വര്‍ഷം ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും അതിന് ശേഷമാണ് മകള്‍ മരുന്ന് കഴിക്കാന്‍ തുടങ്ങിയതെന്നും ഹാദിയയുടെ അമ്മ പറഞ്ഞതായി ശശികല പറയുന്നു.
ഇങ്ങനെയൊരു മരുന്നുണ്ടെങ്കില്‍ വൈദ്യരംഗത്തുള്ളവര്‍ ഇതേപ്പറ്റി ചിന്തിക്കണമെന്നും ഇങ്ങനെ പോകുന്ന കുട്ടികള്‍ യുക്തിക്ക് നിരക്കാത്ത വിധത്തിലാണ് സംസാരിക്കുകയെന്നും ശശികല പറയുന്നു.
ഹാദിയ ഹിന്ദുമതത്തിലേക്കാണോ ഇസ്‌ലാം മതത്തിലേക്കാണോ വരിക എന്നുള്ളതില്‍ കവിഞ്ഞ് ഇതിന്റെ പിന്നില്‍ നടക്കുന്ന കളികളാണ് വെളിയില്‍ കൊണ്ടുവരേണ്ടതെന്നും ശശികല പറയുന്നു. “അഖിലയുടെ വിഷയത്തില്‍ മുസ്‌ലീം ലീഗീന്റെ പങ്ക് അന്വേഷണിക്കണം. ലീഗിന്റെ ഒരു വക്കീലാണ് അവരുടെ കല്യാണം പാണക്കാട് തങ്ങളുടെ കാര്‍മികത്വത്തില്‍ നടത്തിക്കൊടുത്ത്. തങ്ങളുടെ ആശിര്‍വാദവും അനുഗ്രഹവും ഉണ്ടായിരുന്നു. മനുഷ്യവകാശ കമ്മീഷനില്‍ പരാതിയുമായി പോയതും മുനവറലി തങ്ങളാണെന്നും ശശികല ആരോപിക്കുന്നു.