ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി അധികാരത്തിലേറിയാല്‍ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ കാഞ്ച ഐലയ്യ. ആര്‍.എസ്.എസിന്റെ സമാനമായ മനോനിലയാണ് തരൂരിനും ഉള്ളതെന്ന് കാഞ്ച ഐലയ്യ കൂട്ടിച്ചേര്‍ത്തു.
“ഞാന്‍ എന്തുകൊണ്ട് ഹിന്ദു” എന്ന തന്റെ ഏറ്റവും പുതിയ പുസ്തകത്തില്‍ തരൂര്‍ അതിനുള്ള സ്ഥലം ഒഴിച്ചിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“പുസ്തകത്തില്‍ തരൂര്‍ തന്റെ ജാതി ഏതെന്ന് വായനക്കാരെ അറിയാന്‍ അനുവദിക്കുന്നില്ല. തന്റെ കുടുംബത്തിന്റെ സാമൂഹികനിലയെ കുറിച്ചോ ഹിന്ദുമതത്തിലെ ജാതി സമ്പ്രദായത്തെ കുറിച്ചോ അതില്‍ പ്രതിപാദിക്കുന്നില്ല. ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയിലാണ് തരൂര്‍ എഴുതിയിരിക്കുന്നത്.”
ഹിന്ദുവായി ജനിച്ച തനിക്ക് താന്‍ പിന്തുടരുന്ന ഹിന്ദുത്വം നല്‍കിയത് അച്ഛന്റെ പൂര്‍വകാല പൂജകളും അമ്മയും അമ്മൂമ്മയും പറഞ്ഞുതന്ന കഥകളും മറ്റുമാണെന്നാണ് പറയുന്നത്. ആ മതജീവിതത്തില്‍ ജാതി കേന്ദ്രീകൃതമായ നിയന്ത്രണങ്ങള്‍ ഇല്ലായിരുന്നോ എന്നും കാഞ്ച ഐലയ്യ ചോദിക്കുന്നു.
വേദങ്ങള്‍, ഉപനിഷത്തുകള്‍, ആദിശങ്കരന്‍ എന്നിവരെ ഉദ്ധരിച്ച് തരൂര്‍ വാഴ്ത്തുന്ന ഹിന്ദുത്വവും ആര്‍.എസ്.എസ് അവകാശപ്പെടുന്ന ഹിന്ദുത്വവും തമ്മില്‍ സമാനതകളുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“വിദ്യാഭ്യാസത്താല്‍ ഇംഗ്ലീഷുകാരനും നിലപാടുകളില്‍ ഒരു അന്താരാഷ്ട്രവാദിയും സംസ്‌കാരത്തില്‍ ഒരു മുസ്‌ലിമും ജനനത്താല്‍ മാത്രം ഹിന്ദുവും ആയ വ്യക്തിയാണ് താനെന്നാണ് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞിരിക്കുന്നത്. വേദങ്ങള്‍ രചിച്ചവരെന്ന് പറയപ്പെടുന്നവരുടെ പിന്മുറക്കാരായ കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍പ്പെട്ടയാളാണ് നെഹ്റു. അപ്പോള്‍ കേരളത്തിലെ നായര്‍ കുടുംബത്തില്‍ ജനിച്ച തരൂര്‍ എങ്ങനെ ജനനത്താല്‍ നെഹ്റുവിനേക്കാള്‍ വലിയ ഹിന്ദു ആകും.”- കാഞ്ച ഐലയ്യ ചോദിക്കുന്നു.
ഹിന്ദുത്വത്തെ വിമര്‍ശിക്കുന്നവരെയും അഹിന്ദുക്കളെയും കായികമായി നേരിടുന്നതിന് ഇപ്പോള്‍ത്തന്നെ ശൂദ്രന്‍മാര്‍ ആര്‍.എസ്.എസിന് സഹായം നല്‍കുന്നുണ്ടെന്നും തരൂര്‍ അവര്‍ക്ക് സൈദ്ധാന്തികമായ ഒരു ആയുധം കൂടി നല്‍കിയിരിക്കുകയാണെന്നും കാഞ്ച ഐലയ്യ വ്യക്തമാക്കി.
2002 ല്‍ മോദി താനൊരു ഒ.ബി.സിക്കാരനാണെന്ന് അവകാശപ്പെട്ടിരുന്നു. മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് അന്ന് ഞാന്‍ എഴുതിയിരുന്നെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
Watch This Video: