ന്യൂദല്‍ഹി: ഇന്നലെ രാജ്യത്തെ അഭിസംബേധന ചെയ്ത് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വാഗ്ദാനമാണ് 2019 മാര്‍ച്ചിനുള്ളില്‍ എല്ലാ വീടുകളും വൈദ്യുതികരിക്കുമെന്ന്. എന്നാല്‍ കേരളം സമ്പൂര്‍ണ്ണ വൈദ്യൂതീകരണം കേന്ദ്രത്തിന്റെ പദ്ധതിക്ക് മുന്നേ നടപ്പാക്കിയ സംസ്ഥാനമാണ്.
പാര്‍ലമെന്റില്‍ മോദി സര്‍ക്കാരിന്റെ പല അവകാശവാദങ്ങളെയും പൊളിച്ചടുക്കുന്ന കോണ്‍ഗ്രസ് നേതാവാണ് ശശീ തരൂര്‍. ശ്രദ്ധേയമായ ഇടപെടലുകളോടെ മോദിയുടെയും സര്‍ക്കാരിന്റെയും പ്രശംസയും ഈ നേതാവിനെ തേടിയെത്തിയിട്ടുണ്ട്. ഇന്നലെ മോദി രാജ്യത്തിന് പുതിയ വാഗ്ദാനം നല്‍കിയപ്പോള്‍ ഇത് കേരളം നേരത്തെ നടപ്പിലാക്കിയതാണെന്ന് പറയുകയാണ് ശശി തരൂര്‍.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും വൈദ്യൂതികരണ പട്ടിക പുറത്ത വിട്ടാണ് തരൂര്‍ മോദിയ്ക്ക് മുന്നില്‍ കേരളത്തിന്റെ നേട്ടം അവതരിപ്പിച്ചത്. “ഇന്ത്യയിലെ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വൈദ്യുതീകരണത്തിന്റെ പട്ടിക നോക്കൂ. കേരളം വീണ്ടും ഒന്നാമതാണ്. വെറുതെ പറഞ്ഞെന്ന് മാത്രം”. എന്ന തലക്കെട്ടോടെയാണ് തരൂര്‍ പട്ടിക പോസ്റ്റ് ചെയ്തിരിക്കുന്നത്.
രാജ്യത്തെ വൈദ്യുതികരിക്കുന്നതിന് 16,320 കോടി രൂപ ചെലവുവരുമെന്നും ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീടുകളിലും ഈ വര്‍ഷം അവസാനത്തോടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കുമെന്നുമായിരുന്നു മോദി ഇന്നലെ പറഞ്ഞിരുന്നത്.
Interesting list of the reach of electricity to each household in India”s states/UTs. Kerala tops again. #JustSaying pic.twitter.com/eYnwkrGiSD
— Shashi Tharoor (@ShashiTharoor) September 26, 2017