തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ശശി തരൂര്‍ എം.പിയെ സന്ദര്‍ശിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു ശ്രീശാന്ത് തരൂരിന്റെ വസതിയിലെത്തിയത്.
വിലക്ക് നീക്കിയതിന് ശേഷം താന്‍ ആദ്യമായി കാണുന്നയാളാണ് തരൂരെന്ന് ശ്രീശാന്ത് പറഞ്ഞു. വിലക്ക് ഏര്‍പ്പെടുത്തിയ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും വിലക്ക് നീക്കാന്‍ ബി.സി.സിഐയോട് ആവശ്യപ്പെട്ടതും തരൂരാണെന്നും അതിന് നന്ദി പറയാനാണ് താന്‍ എത്തിയതെന്നും ശ്രീശാന്ത് പറഞ്ഞു.
വ്യക്തിയെന്ന നിലയിലും എം.പിയെന്ന നിലയിലും തരൂരിനോട് ഏറെ ആദരവും ബഹുമാനവും ഉണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കി. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായതുമായി ബന്ധപ്പെട്ട് തരൂര്‍ ചോദിച്ചപ്പോള്‍ ഇനി ബി.ജെ.പിയുമായി തനിക്ക് ഒരു ബന്ധവുമുണ്ടാകില്ലെന്നും രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശ്രീശാന്ത് തരൂരിനോട് പറഞ്ഞു.
ഇനി പൂര്‍ണമായും കളിയില്‍ ശ്രദ്ധിക്കാനാണ് താത്പര്യമെന്ന് പറഞ്ഞ ശ്രീശാന്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന തരൂരിന് വിജയാശംസകള്‍ നേരുകയും ചെയ്തു.