| Friday, 26th July 2019, 2:36 pm

വിവരാവകാശനിയമ ഭേദഗതി ബില്ലിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിച്ച് ശശി തരൂര്‍ ലോക്‌സഭയില്‍ നടത്തിയ പ്രസംഗം

ശശി തരൂര്‍

സര്‍,

അടുത്ത കാലത്ത് നമ്മുടെ ജനാധിപത്യ ഭരണനിര്‍വഹണം എത്തിപ്പിടിച്ച ഏറ്റവും മഹത്തരമായ നേട്ടമാണ് 2005 ലെ വിവരാവകാശ നിയമം. അധികാരത്തിന്റെ യാതൊരു മേലങ്കിയുമില്ലാത്ത ഒരു സാധാരണ പൗരന് അധികാരകേന്ദ്രങ്ങളിലുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള ഒരു നിയമം- നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യത്തിന്റെ അസാധാരണമായ വികാസത്തിന്റെ നേര്‍സാക്ഷ്യമാണ്. പൊതുജനങ്ങള്‍ക്ക് സര്‍ക്കാരിന് മേല്‍ നിതാന്ത ജാഗ്രത പാലിക്കാന്‍ കഴിയുന്ന സാഹചര്യം വിവരാവകാശനിയമങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നമ്മുടെ ജനാധിപത്യത്തിന്റെ സവിശേഷമായ ഒരു സ്വഭാവമായി അത് മാറിയിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയിലായിരുന്നപ്പോള്‍ ലോകത്തെല്ലായിടത്തമുള്ള വിവരാവകാശ സംവിധാനങ്ങളെക്കുറിച്ച് ഒരു സെമിനാര്‍ അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. അന്ന ഞാന്‍ ഇന്ത്യയിലില്ലായിരുന്നു, രാഷ്ട്രീയത്തിലും ഇല്ല. ലോകമെമ്പാടുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ നമ്മുടെ വിവരാവകാശനിയമത്തെ മാതൃകയാക്കി ആഗോളതലത്തില്‍ ആഘോഷിക്കുന്നുവെന്ന് മനസിലാക്കിയപ്പോള്‍ അഭിമാനം തോന്നിയിട്ടുണ്ട്.

ആ സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിവരാവകാശ നിയമത്തിന്റെ പ്രധാനപ്രവര്‍ത്തകരായ അരുണ റോയ്, നിഖില്‍ ഡേ, എന്റെ പഴയ അധ്യാപകന്‍ ശേഖര്‍ സിംഗ് എന്നിവരെ ഞാന്‍ സന്ദര്‍ശിച്ചു. വിവരാവകാശ നിയമത്തിന്റെ വിജയമെന്നത് സുതാര്യമായി പ്രവര്‍ത്തിക്കുകയും രഹസ്യ സ്വഭാവം പിന്തുടരുന്ന പരമ്പരാഗത സര്‍ക്കാര്‍ ശീലങ്ങളും ഘടനകളും മറികടക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്ന ഒരു സംവിധാനമായിരിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു. ആ സംവിധാനം നിയമപരവും സ്ഥാപനവല്‍ക്കരിക്കപ്പെട്ടതുമാണ്.

ബഹുമാനപ്പെട്ട സ്പീക്കര്‍, ഞങ്ങള്‍ ഭരിക്കുന്ന സമയത്തും അന്നത്തെ പ്രതിപക്ഷം ഇപ്പോള്‍ ഭരിക്കുമ്പോഴും വിവരാവകാശം എന്നത് അധികാരകേന്ദ്രങ്ങളുടെ അധികാരം പരിശോധിക്കുന്നതിനുള്ള ഒരു ഉപകരണമാണ്.

അതുകൊണ്ടാണ് സുപ്രീം കോടതി ജഡ്ജിമാരുടെ തലത്തില്‍ സ്ഥിരമായ കാലാവധിയും നിശ്ചിത ശമ്പളവുമുള്ള ആളുകളുടെ നേതൃത്വത്തില്‍, തെറ്റ് പറ്റുന്ന ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്താനുള്ള അധികാരമുള്ള, സര്‍ക്കാര്‍ വിവരങ്ങളുടെ പരമോന്നത അതോറിറ്റിയായി ഒരു സ്വതന്ത്ര വിവരാവകാശ കമ്മീഷനെ നല്‍കുന്നത്.

സ്വതന്ത്രമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്ന കേന്ദ്ര വിവരാവകാശകമ്മീഷണര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ തുല്യമായ പദവി വിഭാവനം ചെയ്യുന്ന സെക്ഷന്‍ 13, 16, 27 എന്നിവ വിവരാവകാശനിയമ ഭേദഗതി ബില്‍ 2019 വഴി മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുവഴി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വിവരാവകാശ കമ്മീഷണര്‍മാരുടെ കാലാവധി, ശമ്പളം, അലവന്‍സുകള്‍, മറ്റ് സേവന നിബന്ധനകള്‍ എന്നിവ ഏകപക്ഷീയമായി തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാരിനാകും.

വിവരാവകാശ കമ്മീഷണര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാനാകുമെന്നിരിക്കെ എങ്ങനെ വിവരാവകാശ കമ്മീഷണര്‍ക്ക് സുപ്രീംകോടതി ജഡ്ജിയ്ക്ക് തുല്യമായ പദവി നല്‍കാനാവുമെന്നാണ് ബില്‍ അവതരിപ്പിച്ചുകൊണ്ട് മന്ത്രിയും എന്റെ സുഹൃത്തുമായ ജിതേന്ദ്ര സിംഗ് ചോദിക്കുന്നത്. ഇതൊരു തെറ്റായ യുക്തിയാണ്. മിസ്റ്റര്‍ സ്പീക്കര്‍, താങ്കള്‍ക്കും എനിക്കും വേണമെങ്കില്‍ ഇന്ത്യന്‍ പ്രസിഡണ്ടിന്റേയും പ്രധാനമന്ത്രിയുടേയും തീരുമാനങ്ങളെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാം. അങ്ങനെയെങ്കില്‍ ഹൈക്കോടതി ജഡജിമാര്‍ക്ക് താഴെയായി അവരുടെ പദവി നിജപ്പെടുത്തുമോ?

വെറുമൊരു സാങ്കേതികമായ മാറ്റം എന്നതിലുപരി ഈ ഭേദഗതി വിവരാവകാശനിയമത്തിന്റെ അന്തസത്തയെ തന്നെ ചോര്‍ത്തിക്കളയുമെന്ന് ഞാന്‍ ഭയപ്പെടുന്നു. കാരണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വിവരാവകാശ നിയമപ്രകാരം നല്‍കേണ്ട രേഖകള്‍ സംസ്ഥാന, ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും ഒഴിവുകള്‍ നികത്താത്തത് വഴി നല്‍കാതിരുന്നിട്ടുണ്ട്.

2014 മുതല്‍ കേന്ദ്രവിവരാവകാശ കമ്മീഷനില്‍ നിയമനം നടന്നിട്ടില്ല. 2018 ല്‍ 11 കമ്മീഷണര്‍മാരില്‍ മൂന്ന് പേരെ മാത്രം വെച്ചാണ് കമ്മീഷന്‍ പ്രവര്‍ത്തിച്ചത്. ചില നിയമനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും നാല് സ്ഥാനങ്ങള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ഏകദേശം 32000 ഫയലുകള്‍ കെട്ടിക്കിടക്കുന്നു. അതില്‍ 9000 ഫയലുകള്‍ ഒരു വര്‍ഷത്തിലേറെയായി അനക്കമില്ലാതെ കിടക്കുന്നു. വിവരാവാകശനിയമത്തിലെ ഈ ഭേദഗതി മനുഷ്യാവകാശ കമ്മീഷനെ പല്ലില്ലാത്ത കടുവയാക്കിയത് പോലെ വിവരാവകാശ കമ്മീഷനേയും നിര്‍ജീവമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ്.

പൗരനെ തീരുമാനമെടുക്കുന്നതിന് പ്രാപ്തമാക്കുന്ന തരത്തില്‍ അടിസ്ഥാനപരമായ പരിവര്‍ത്തനം രാജ്യത്തെ പൗരന്‍മാരില്‍ വരുത്തുന്നത് കൊണ്ടാണ് ആര്‍.ടി.ഐ സര്‍ക്കാരിന് അപ്രിയമാകുന്നത്. പ്രാദേശികമായും സംസ്ഥാനതലത്തിലും ദേശീയതലത്തിലും 60 ലക്ഷത്തോളം പേര്‍ വിവരാവകാശ നിയമം ഉപയോഗിച്ചിട്ടുണ്ട്.

ഏത് തലത്തിലുള്ള ഭരണകൂടത്തിന്റെ സ്വഭാവത്തേയും അധികാരദുര്‍വിനിയോഗത്തേയും അഴിമതിയേയും ചോദ്യം ചെയ്യാം എന്നത് കൊണ്ടുതന്നെയാണ് ആര്‍.ടി.ഐ സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്ക് മുന്നില്‍ ഒരു വെല്ലുവിളിയായി നിലനില്‍ക്കുന്നത്. റേഷന്‍ കടയില്‍ നിന്നും റിസര്‍വ് ബാങ്കില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ജനങ്ങള്‍ക്ക് വിവരങ്ങള്‍ ആവശ്യപ്പെടാം, പ്രതിരോധമന്ത്രാലയത്തോട് ചോദ്യങ്ങള്‍ ചോദിക്കാം, നോട്ടുനിരോധനത്തെക്കുറിച്ച്, ഇലക്ട്രല്‍ ബാണ്ടുകളെക്കുറിച്ച്, തൊഴിലില്ലായ്മാ നിരക്കിനെക്കുറിച്ച്, തെരഞ്ഞെടുപ്പ് കമ്മീഷനിലെ നിയമനങ്ങളെക്കുറിച്ച്, ലോക്പാല്‍ സാധ്യമാകാത്തതിനെക്കുറിച്ച് എല്ലാം ചോദ്യങ്ങളുയര്‍ത്താം.

വിവരാവകാശ കമ്മീഷന്റെ സ്വാതന്ത്ര്യവും ഉയര്‍ന്ന പദവിയും കാരണം സര്‍ക്കാരിലെ ഉദ്യോഗസ്ഥരുടെ ചില ശക്തമായ ചെറുത്തുനില്‍പ്പുകള്‍ക്കിടയിലും ഉയര്‍ന്ന തലത്തില്‍ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ ഭേദഗതിക്കൊരുങ്ങുന്നത്.

എന്ത് തരം അപകടാവസ്ഥയാണ് ഇവിടെയുള്ളത്? സാധാരണമെന്ന് തോന്നുന്ന ഈ പ്രക്രിയ എത്രത്തോളം പ്രധാനമാണ്?

ആര്‍.ടി.ഐ ഉപയോഗിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. മിസ്റ്റര്‍ സ്പീക്കര്‍, അധികാരത്തിലിരിക്കുന്നവര്‍ ഒളിച്ചുവെക്കാന്‍ ശ്രമിച്ചത് ഈ നിയമത്തിലൂടെ പുറത്തുകൊണ്ടുവന്നതുകൊണ്ട് മാത്രം 80 ലധികം വിവരാവകാശപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍, ലോക്പാല്‍, വിവരാവകാശകമ്മീഷന്‍ എന്നിവയ്ക്ക് സ്വതന്ത്ര ഉത്തരവാദിത്വവും നിശ്ചിത ശമ്പളവും നല്‍കുന്നത് ലോകമൊട്ടുക്ക് അംഗീകരിക്കപ്പെട്ടതാണ്. ഒരു സ്ഥാപനത്തിന്റെ സ്വതന്ത്രമായ നടത്തിപ്പും അതിലെ ഉദ്യോഗസ്ഥരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളും തമ്മില്‍ കൃത്യമായ ബന്ധമുണ്ട്.  യൂണിയന്‍ ഓഫ് ഇന്ത്യയും ആര്‍. മദ്രാസ് ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ ഗാന്ധിയും തമ്മിലുള്ള കേസില്‍ നിശ്ചിത കാലാവധിയും സ്ഥിരമായ ശമ്പളവും സ്ഥാപന സ്വാതന്ത്ര്യത്തിന്റെ അനിവാര്യ ഘടകങ്ങളായി സുപ്രീംകോടതി അംഗീകരിച്ചിരുന്നു.

വിവരാവകാശനിയമത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍മാരെ അഞ്ച് വര്‍ഷത്തേക്കാണ് നിയമിക്കുന്നത്. പ്രായപരിധി 65. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് വിവരാവകാശ കമ്മീഷണര്‍മാര്‍ക്കും വിവരാവകാശ കമ്മീഷനും യഥാക്രമം തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടേയും തെരഞ്ഞെടുപ്പ് കമ്മീഷന്റേയും തുല്യമായ കാലാവധി, ശമ്പളം എന്നിവ നിശ്ചയിച്ചത്. ഇതെല്ലാം ഈ ഭേദഗതിയോടെ ഇല്ലാതാകുകയാണ്. സര്‍ക്കാരിന് തോന്നിയപോലെ വിവരാവകാശ കമ്മീഷണര്‍മാരെ നിയമിക്കാം, ഇഷ്ടത്തിനനുസരിച്ച് ശമ്പളം നിശ്ചയിക്കാം- ഇത് വിവരാവകാശ കമ്മീഷണറുടെ സ്വാതന്ത്ര്യത്തെയാണ് ഇല്ലാതാക്കുന്നത്. മിസ്റ്റര്‍ സ്പീക്കര്‍, അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഇത് വിവരാവകാശഭേദഗതി ബില്ലല്ല, വിവരാവകാശത്തെ ഇല്ലായ്മ ചെയ്യുന്ന ബില്ലാണ് എന്ന്.

ഭരണഘടനാസ്ഥാപനത്തിന് തത്തുല്യമായ ശമ്പളം നിയമാനുസൃതമായി രൂപീകരിച്ച സ്ഥാപനത്തിന് നല്‍കാനാവില്ലെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ തന്നെ ട്രിബ്യൂണല്‍, അപ്പലേറ്റ് ട്രൈബ്യൂണല്‍, മറ്റ് അതോറിറ്റികള്‍ എന്നിവ ചട്ടങ്ങള്‍ 2017 അനുസരിച്ച് രൂപീകരിച്ചിരുന്നു.

ഈ നിയമങ്ങള്‍ അനുസരിച്ച്, ട്രിബ്യൂണലുകളുടെ ചെയര്‍പേഴ്സണ്‍മാരുടെ ശമ്പളം 2,50,000 രൂപയാണ്. 1958 ലെ സുപ്രീം കോടതി ജഡ്ജിമാരുടെ (ശമ്പളവും സേവന വ്യവസ്ഥകളും) നിയമത്തിലെ സെക്ഷന്‍ 12 എ പ്രകാരം ഒരു സുപ്രീം കോടതി ജഡ്ജിയുടെ ശമ്പളം 2,50,000 രൂപയാണ്. അതായത് സര്‍ക്കാര്‍ തന്നെ നിയമപരമായി രൂപീകരിച്ച സ്ഥാപനങ്ങളുടെ ശമ്പളത്തെ ഭരണഘടനാസ്ഥാനങ്ങളുടേതിന് (തെരഞ്ഞെടുപ്പ് കമ്മീഷന്‍, സുപ്രീംകോടതി) തുല്യമാക്കിയിട്ടുണ്ട്.

സംസ്ഥാനങ്ങളില്‍ നിയമിക്കുന്ന വിവരാവകാശ കമ്മീഷണര്‍മാരെ നിശ്ചയിക്കാനായി സെക്ഷന്‍ 16 ഭേദഗതി ചെയ്യുന്നത് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള ഫെഡറല്‍ തത്വങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ്. സര്‍ക്കാര്‍ പറയുന്നത് ഇത് കോപ്പറേറ്റീവ് ഫെഡറിലസമാണെന്നാണ്. പക്ഷെ ഇത് സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ അധികാരം സ്ഥാപിക്കാനുള്ള വഴി മാത്രമാണ്.

പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് വിവരാവകാശനിയമം 2005 ല്‍ പാസാക്കുന്നത്. വിവരാവകാശ നിയമം തിടുക്കപ്പെട്ട് പാസാക്കിയതാണെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ പാര്‍ലമെന്റിലെ രണ്ട് സഭകളിലും കൃത്യമായി ചര്‍ച്ച ചെയ്ത് സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് കമ്മീഷണര്‍മാരെ മുക്തമാക്കുന്ന തരത്തില്‍ ഏകകണ്ഠമായാണ് ബില്‍ പാസാക്കുന്നത്. സ്വതന്ത്രമായും പരമാധികാരത്തോടും കൂടിയായിരിക്കും കമ്മീഷന്‍ പ്രവര്‍ത്തിക്കുക എന്ന് പാര്‍ലമെന്ററി കമ്മിറ്റിയുടെ മൂന്നാമത്തെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇപ്പോള്‍ നിങ്ങള്‍ അത് ഭേദഗതി ചെയ്യാന്‍ വേണ്ടി പാര്‍ലമെന്ററി കമ്മിറ്റിയ്ക്ക് മുന്നില്‍വെക്കുന്നില്ല, അതിനായി സൂക്ഷ്മപരിശോധന നടത്തുന്നില്ല.

ഇത് ‘മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേണന്‍സ്’ എന്ന നയമല്ല, അതിന്റെ വിപരീതമാണ്. രാഷ്ട്രീയ അപകര്‍ഷതകൂടിയാണിത് വെളിവാക്കുന്നത്. പൊതുവായ ചര്‍ച്ചകള്‍ക്കും വിദഗ്ദ്ധാഭിപ്രായങ്ങള്‍ക്കും കാത്തുനില്‍ക്കാതെ ഭേദഗതി പാസാക്കാനുള്ള നീക്കം സര്‍ക്കാര്‍ എത്രത്തോളം അസ്വസ്ഥമാണെന്ന് വെളിവാക്കുന്നു. 2014 ലെ മാന്‍ഡേറ്ററി പ്രീ ലെജിസ്ലേറ്റീവ് കണ്‍സുല്‍ടേറ്റീവ് ഓഫ് ഗവര്‍ണമെന്റ് പ്രകാരം കരട് നിയമങ്ങളില്‍ മാറ്റംവരുത്തുമ്പോള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തുകയും പൊതുജനാഭിപ്രായം തേടുകയും വേണം. കഴിഞ്ഞ യു.പി.എ, എന്‍.ഡി.എ സര്‍ക്കാരുകള്‍ ആര്‍.ടി.ഐ ഭേദഗതികള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.

പക്ഷെ ഈ ബില്ല് യാതൊരു സംവാദവും നടത്താതെയാണ് ലോക്‌സഭയില്‍ വെച്ചത്. 2019 ജൂലൈ 18 ന് മാത്രമാണ് ബില്ലിലെ ഉള്ളടക്കത്തെക്കുറിച്ച് പുറത്തറിയുന്നത്, അതും ലോക്‌സഭയില്‍ എം.പിമാര്‍ക്ക് വിതരണം ചെയ്തപ്പോള്‍ മാത്രം. ആര്‍.ടി.ഐ ആക്ട് സെക്ഷന്‍ 4(1) പ്രകാരം ആര്‍.ടി.ഐ നയത്തില്‍ മാറ്റം വരുത്തുമ്പോള്‍ പരസ്യപ്പെടുത്തണമെന്നുണ്ട്. സര്‍ക്കാര്‍ ബില്‍ പാസാക്കുമ്പോഴോ നിര്‍മ്മിക്കുമ്പോഴോ ഒന്നും ഈ നടപടി പിന്തുടര്‍ന്നിട്ടില്ല. ആര്‍.ടി.ഐ ആക്ടിന് തന്നെ വിരുദ്ധമാണിത്.

പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന് മുമ്പുതന്നെ നിയമനിര്‍മ്മാണം വേഗത്തില്‍ നടപ്പാക്കാനുള്ള ഗവണ്‍മെന്റിന്റെ വിവേചനരഹിതമായ തിടുക്കം അപകടസൂചനയാണ്.

എന്തുകൊണ്ടാണ് ബില്ലില്‍ ഭേദഗതി വരുത്തുന്നതിന് മുമ്പായി സര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത്. യഥാര്‍ത്ഥത്തില്‍ അവരുടെ താല്‍പ്പര്യം വെളിച്ചത്ത് വരുമോയെന്ന് അവര്‍ ഭയപ്പെടുന്നുവോ?

മിസ്റ്റര്‍ സ്പീക്കര്‍, അവസാനമായി താങ്കളുടെ സത്വരശ്രദ്ധയിലേക്ക് എനിക്കൊരു കാര്യം കൂടി പറയാനുണ്ട്. വിവരാവകാശകമ്മീഷനിലെ ഒഴിവുകള്‍ നികത്താനായി ബഹുമാനപ്പെട്ട മന്ത്രി 2018 ജൂലൈ 26 ന് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. അതില്‍ മുമ്പത്തെ പരസ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, 5 വര്‍ഷത്തെ കാലാവധിയും ശമ്പളവും പരാമര്‍ശിച്ചിരുന്നില്ല. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നത് ഒഴിവുകള്‍ നികത്തിയിട്ടില്ലെന്നും ആര്‍.ടി.ഐ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണെന്നുമാണ്.

സര്‍ക്കാരിനെ സംബന്ധിച്ച് പാര്‍ലമെന്റ് എന്ന് പറയുന്നത് എല്ലാ ബില്ലുകളും പാസാക്കിയെടുക്കാനുള്ള റബ്ബര്‍ സ്റ്റാംപ് മാത്രമാണ് എന്നാണ് ഇത് വെളിവാക്കുന്നത്. പാര്‍ലമെന്റിന്റെ അധികാരത്തേയും മൂല്യങ്ങളേയും നിരാകരിക്കുന്നുവെന്നാണ് ഇതില്‍ നിന്ന് മനസിലാക്കുന്നത്. കൃത്യമായും പാര്‍ലമെന്റിനെ അവഹേളിക്കലാണ് ഇത്. ഞാന്‍ പാര്‍ലമെന്റ് അലക്ഷ്യ നോട്ടീസിന് വേണ്ടി ശ്രമിക്കുന്നില്ല. പക്ഷെ മിസ്റ്റര്‍ സ്പീക്കര്‍ പാര്‍ലമെന്ററി അവകാശങ്ങളെ സംരക്ഷിക്കാന്‍ താങ്കള്‍ സ്വയം അതിനായി മുന്നിട്ടിറങ്ങുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

എല്ലാ നിരാശയും അസ്വസ്ഥതയും എന്തിനാണ് ഈ ബില്ലിലൂടെ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നത്. മിസ്റ്റര്‍ സ്പീക്കര്‍ എന്ത് പ്രകോപനമാണ് ഈ ബില്ല് ഭേദഗതി ചെയ്യാനായി ഉണ്ടായത്.? പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യതകളെക്കുറിച്ച് വിവരാവകാശ കമ്മീഷണര്‍ ഉത്തരവിറക്കിയതാണോ ഇതിന് പിന്നിലെ മൂലകാരണം.? അതോ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചില സ്ഥാനാര്‍ത്ഥികളുടെ നോമിനേഷനുകള്‍ ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ പുനപരിശോധിക്കേണ്ടിവന്നതാണോ? അതോ ചില വിവരാവകാശ കമ്മീഷണര്‍മാര്‍ നിങ്ങളുടെ ഇംഗിതത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതാണോ?

ഞങ്ങള്‍ക്കറിയില്ല, പക്ഷെ സന്നദ്ധ സംഘടനകളും വിവരാവകാശ പ്രവര്‍ത്തകരും ഇത്തരത്തിലുള്ള ആശങ്കകള്‍ പങ്കുവെക്കുകയും ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.

അവസാനമായി മിസറ്റര്‍ സ്പീക്കര്‍, ഒരു സര്‍ക്കാര്‍ സ്വതന്ത്രവും സുതാര്യവുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കപ്പെടുന്നത് ജനാധിപത്യരാജ്യത്ത് പ്രധാനമാണ്. അധികാരത്തിലിരിക്കുന്നവരുടെ കൈകളിലേക്ക് മാത്രമായി അധികാരം കേന്ദ്രീകരിക്കപ്പെടുന്നത് സ്വാതന്ത്രത്തിന് ഭീഷണിയും ജനാധിപത്യത്തിന് അപകടവുമാണ്. അതുകൊണ്ടാണ് ഈ ഭേദഗതിയെ ഞങ്ങള്‍ക്ക് സാധാരണമായി കാണാനാകാത്തതും ഗൗരവമുള്ള വിഷയമാകുന്നതും. സ്വതന്ത്രതയെ തടഞ്ഞും അധികാരസമവാക്യങ്ങളെ മാറ്റിയും ആര്‍.ടി.ഐ നിയമത്തെ ഉടച്ചുവാര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. 2005 ല്‍ നിയമപ്രകാരം രൂപീകൃതമായ കമ്മീഷന്‍ ഇനി കേന്ദ്രസര്‍ക്കാരിന്റെ ഒരു വകുപ്പ് മാത്രമായി മാറും.

ഈ സര്‍ക്കാരായിരിക്കില്ല എല്ലാ കാലത്തും അധികാരത്തിലുണ്ടാവുക എന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. ഒരുദിവസം അവര്‍ക്ക് ഈ വശത്ത് (പ്രതിപക്ഷത്ത്) ഇരിക്കേണ്ടിവരുമെന്നും ആര്‍.ടി.ഐയുടെ പരമാധികാരവും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തിയതില്‍ ഖേദിക്കേണ്ടിവരുമെന്നും കൂടി ഓര്‍മ്മിപ്പിക്കുന്നു.

ഈ ഭേദഗതി ബില്‍ ഭരണഘടനാതത്വങ്ങളായ ഫെഡറലിസത്തെ തകര്‍ക്കും, വിവരാവകാശകമ്മീഷന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും, വിവരാവകാശനിയമത്തിലെ വ്യവസ്ഥകളെ ദുര്‍ബലപ്പെടുത്തും. ആര്‍.ടി.ഐ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയ്ക്ക് മുന്നിലേക്ക് വിടണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഏറെ അപകടകരമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്ന ഈ ഭേദഗതിയെ എന്റെ പാര്‍ട്ടി പിന്തുണക്കുന്നില്ല. ബഹുമാനപ്പെട്ട മന്ത്രി ഒരു ആദരണീയ വ്യക്തിത്വമാണ്. ഇത്തരമൊരു തെറ്റ് ചെയ്യുന്നത് അദ്ദേഹത്തിന് ഭൂഷണമല്ലെന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. ഏറെ വൈകുന്നതിന് മുമ്പ് ഈ ബില്‍ പിന്‍വലിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഡെക്കാണ്‍ ക്രോണിക്കിള്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്രപരിഭാഷ

മൊഴിമാറ്റം: ജിതിന്‍ ടി.പി

ശശി തരൂര്‍

We use cookies to give you the best possible experience. Learn more