| Wednesday, 22nd July 2020, 4:39 pm

പരീക്ഷ മാറ്റിവെക്കണമെന്ന് പറഞ്ഞിട്ടും കേട്ടില്ല; കീം പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കരുതെന്ന് ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കീം പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ് നടപടിയ്‌ക്കെതിരെ ശശി തരൂര്‍ എം.പി. കീം പരീക്ഷ മാറ്റിവെക്കണമെന്ന് നേരത്തെ തന്നെ വിദ്യാര്‍ത്ഥികളും താനടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘കൊവിഡ് മാനദണ്ഡം ലംഘിച്ച് കീം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത നടപടി ഞെട്ടിപ്പിക്കുന്നതാണ്. പരീക്ഷ മാറ്റിവെക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ മുന്നൊരുക്കമില്ലാതെ പ്രവര്‍ത്തിച്ചു. കേസെടുത്ത നടപടി അപലപനീയമാണ്’, ശശി തരൂര്‍ പറഞ്ഞു.

വീഴ്ച മറയ്ക്കാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ പഴി ചാരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടം കൂടിയതിനാണ് കണ്ടാലറിയാവുന്ന രക്ഷിതാക്കള്‍ക്കെതിരെ മെഡിക്കല്‍ കോളജ്, മ്യൂസിയം പൊലീസ് കേസെടുത്തത്.

ഈ രണ്ടു സ്റ്റേഷന്‍ പരിധിയിലുള്ള കോട്ടണ്‍ഹില്‍ സ്‌കൂളിലും പട്ടം സെന്റ് മേരീസ് സ്‌കൂളിലും മുന്നൂറിലധികംപേര്‍ കൂട്ടംകൂടിയെന്നാണു പൊലീസ് പറയുന്നത്.

മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടംകൂടിയവര്‍ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരുന്നു.

പരീക്ഷയ്‌ക്കെത്തിയ അഞ്ചു വിദ്യാര്‍ഥികള്‍ക്കും കൂടെയെത്തിയ ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ മാസം 16നാണ് പരീക്ഷ നടന്നത്.

80,000 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. രക്ഷിതാക്കളും വിദ്യാര്‍ഥികളും കൂട്ടത്തോടെ എത്തിയപ്പോള്‍ തലസ്ഥാന നഗരിയില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാളി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more