മുസ്‌ലിം ലീഗ് റാലിയിലെ ഹമാസ് പരാമർശം തിരുത്തില്ല; പറഞ്ഞത്‌ പാർട്ടിയുടെയും നിലപാട്: ശശി തരൂർ
Kerala News
മുസ്‌ലിം ലീഗ് റാലിയിലെ ഹമാസ് പരാമർശം തിരുത്തില്ല; പറഞ്ഞത്‌ പാർട്ടിയുടെയും നിലപാട്: ശശി തരൂർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th December 2023, 10:38 am

തിരുവനന്തപുരം: മുസ്‌ലിം ലീഗ് റാലിയിലെ ഹമാസ് പരാമർശത്തിൽ തിരുത്തില്ലെന്ന് ശശി തരൂർ എം.പി. താൻ പറഞ്ഞത്‌ പാർട്ടി നിലപാടാണ് എന്നും ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ഫേസ് ദി പീപ്പിൾ പരിപാടിയിൽ ശശി തരൂർ പറഞ്ഞു.

‘ഞാൻ ആ സമയത്ത് പറഞ്ഞതിലും ഇപ്പോൾ പറയുന്നതിലും ഒരു വ്യത്യാസവുമില്ല. ഞാൻ പറഞ്ഞത് എന്റെ ലൈൻ മാത്രമല്ല എന്റെ പാർട്ടിയുടെയും ലൈനാണ്.

ഫലസ്തീൻ രാഷ്ട്രീയത്തിലുള്ള ചില അഭിപ്രായ വ്യത്യാസങ്ങൾ, ഹമാസും ഫത്ഹും തമ്മിലുള്ള വ്യത്യാസങ്ങൾ അനാവശ്യമായി നമ്മുടെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നിട്ട് അതിനെ കേരള രാഷ്ട്രീയത്തിലെ അഭിപ്രായ വ്യത്യാസങ്ങളായി മാറ്റാനുള്ള ഒരു ആവശ്യവും ഞാൻ കാണുന്നില്ല.

ഗസ യുദ്ധത്തിൽ അന്നും അതിനു ശേഷം നടത്തിയ പ്രസംഗത്തിലും ഇപ്പോഴും ഒരേ നിലപാട് തന്നെയാണ് എനിക്കുള്ളത്. നമ്മൾ ജനങ്ങൾക്കൊപ്പം നിൽക്കണം, അവരുടെ ദുഃഖത്തിന് നമ്മൾ പരിഹാരം കൊണ്ടുവരണം, യുദ്ധം നിർത്തണം.

ഐക്യരാഷ്ട്രസഭയുടെ അംഗമായിട്ടും ഒരു ഭാരതീയ പൗരൻ ആയിട്ടും നന്നായി മനസ്സിലാക്കി പ്രവർത്തിച്ചതാണ്. ഇതിനെക്കുറിച്ച് ആരും എന്നെ പഠിപ്പിക്കേണ്ട ആവശ്യമില്ല,’ ശശി തരൂർ പറഞ്ഞു.

ജനങ്ങൾക്ക് താൻ പറഞ്ഞത് ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ തനിക്ക് വോട്ട് ചെയ്യാതിരിക്കാൻ അവർക്ക് പൂർണ അവകാശം ഉണ്ട് എന്നും തരൂർ പറഞ്ഞു.

മുസ്‌ലിം ലീഗിന്റെ പാലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ശശി തരൂർ ഹമാസ് ഭീകരവാദികൾ ആണെന്ന് പരാമർശം നടത്തിയിരുന്നു. വേദിയിൽ വച്ച് തന്നെ ലീഗ് നേതാക്കൾ ഇതിനെ പരോക്ഷമായി തിരുത്തിയിരുന്നു.

തരൂർ തന്റെ നിലപാട് തിരുത്തുമെന്ന് കെ. മുരളീധരൻ കോൺഗ്രസ് റാലിക്ക് മുമ്പ് പറഞ്ഞിരുന്നുവെങ്കിലും തന്റെ പരാമർശങ്ങളിൽ അനാവശ്യ വിവാദം സൃഷ്ടിക്കുകയാണ് എന്നായിരുന്നു തരൂർ പ്രസംഗത്തിൽ പറഞ്ഞത്‌.

Content Highlight: Sasi Tharoor says he won’t change his remarks on Hamas in Muslim League Rally