തിരുവനന്തപുരം: പാർട്ടിയുടെ തീരുമാനം വരുമ്പോൾ തിരുവനന്തപുരത്ത് താൻ തന്നെ സ്ഥാനാർത്ഥിയാകും എന്നാണ് കരുതുന്നതെന്നും മനസുകൊണ്ട് തയ്യാറാണെന്നും ശശി തരൂർ എം.പി.
അതേസമയം പ്രഖ്യാപനം വരും മുമ്പ് പറയാൻ കഴിയില്ലെന്നും തിരുവനന്തപുരത്ത് നിരവധി പരിപാടികളിൽ പങ്കെടുക്കുന്നത് വേണമെങ്കിൽ പ്രചരണമായി കാണാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തരൂർ അല്ലാതെ തിരുവനന്തപുരത്ത് കോൺഗ്രസിന് മറ്റൊരു സ്ഥാനാർത്ഥി ഇല്ലല്ലോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്കും തോന്നുന്നു പാർട്ടിയുടെ തീരുമാനം വരുമ്പോൾ അങ്ങനെ തന്നെ ആയിരിക്കുമെന്ന്. ഞാൻ എന്തായാലും മനസുകൊണ്ട് തയ്യാറായിട്ടുണ്ട്. പക്ഷേ പ്രഖ്യാപനം വരുന്നതിനുമുമ്പ് ഇറങ്ങാൻ ബുദ്ധിമുട്ടാണ്.
ഞാൻ ജനങ്ങളെ കാണുന്നുണ്ട്. ഓരോ ദിവസവും ഏഴെട്ട് ചടങ്ങിൽ പങ്കെടുക്കുന്നു. അതൊക്കെ ഒരു രീതിയിൽ നിങ്ങൾ പ്രചരണമായി കണ്ടോളൂ,’ തരൂർ പറഞ്ഞു.
തലസ്ഥാനത്ത് ശക്തരായ സ്ഥാനാർത്ഥികൾ തന്നെ വരണമെന്നും ജനങ്ങൾക്ക് കൂടുതൽ മികച്ച തെരഞ്ഞെടുപ്പ് നടത്താനാവണമെന്നും അദ്ദേഹം പറഞ്ഞു.
ഇത് തന്റെ അവസാന ലോക്സഭാ തെരഞ്ഞെടുപ്പായിരിക്കുമെന്ന് തരൂർ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയത്തിനുള്ള തയ്യാറെടുപ്പിന് ഒരുങ്ങുകയാണ് കോൺഗ്രസ്. ഫെബ്രുവരി നാലിന് തൃശൂരിൽ കെ.പി.സി.സിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആദ്യ യോഗം ചേരും.
Content Highlight: Sasi Tharoor says he will be the candidate in Thiruvananthapuram