| Wednesday, 26th August 2020, 10:45 am

തിരുവനന്തപുരം വിമാനത്താവളം; കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച നയത്തിന് പിന്തുണ നല്‍കുകയാണ് വേണ്ടത്; നിലപാടിലുറച്ച് തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് നിലപാട് ആവര്‍ത്തിച്ച് ശശി തരൂര്‍ എം.പി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച നയത്തിന് പിന്തുണ നല്‍കുകയാണ് വേണ്ടതെന്നും തിരുവനന്തപുരത്ത് കുടുതല്‍ കമ്പനികള്‍ വരാന്‍ അത്യാധുനിക വിമാനത്താവളം ആവശ്യമാണെന്നുമായിരുന്നു ശശി തരൂര്‍ പറഞ്ഞത്. ഐ.എം.എയുടെ വെബിനാറിലാണ് വിമാനത്താവള വിഷയത്തില്‍ ശശി തരൂര്‍ നിലപാട് ആവര്‍ത്തിച്ചത്.

രാജ്യാന്തരവിമാനത്താവളം പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും ലോക്‌സഭയിലെ തലസ്ഥാനത്തിന്റെ പ്രതിനിധി എന്ന നിലയില്‍ അത് തന്റെ ഉത്തരവാദിത്തമാണെന്നും ശശി തരൂര്‍ നേരത്തെ പറഞ്ഞിരുന്നു.

വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ കോണ്‍ഗ്രസ് പരസ്യമായി രംഗത്തെത്തിയ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു തരൂരിന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരാണ് വിമാനത്താവളങ്ങളില്‍ പൊതുസ്വകാര്യപങ്കാളിത്തത്തിനു തുടക്കമിട്ടതെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണമെന്നും തരൂര്‍ പറഞ്ഞിരുന്നു.

തിരുവനന്തപുരം വിമാനത്താവളം രാജ്യാന്തരനിലവാരമുള്ള വിമാനത്താവളമായി വികസിപ്പിക്കാന്‍ ഈ തീരുമാനം സഹായിക്കും എന്നതുമാത്രമാണ് തീരുമാനത്തെ പിന്തുണയ്ക്കാനുള്ള കാരണമെന്നും കൂടുതല്‍ സര്‍വീസുകള്‍ വരുമെന്നുമെന്നും. അതുവഴി കൂടുതല്‍ യാത്രക്കാര്‍ക്കു പ്രയോജനം ലഭിക്കുമെന്നും തരൂര്‍ പറഞ്ഞിരുന്നു.

തലസ്ഥാനം വികസിക്കണമെങ്കില്‍ കൂടുതല്‍ നിക്ഷേപകര്‍ എത്തണം. അവരില്‍ പലരും പറഞ്ഞ ഒരു പോരായ്മ തിരുവനന്തപുരത്തേയ്ക്ക് വേണ്ടത്ര വിമാന സര്‍വീസുകളില്ല എന്നതാണ്.

നിലവിലുള്ള സര്‍വീസുകള്‍ പോലും അടുത്തകാലത്തായി നിര്‍ത്തിപ്പോകുന്ന സാഹചര്യവുമുണ്ട്. കൂടുതല്‍ നിക്ഷേപകര്‍ വന്നാല്‍ അതിന് ആനുപാതികമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും തരൂര്‍ പറഞ്ഞിരുന്നു.

കെ.പി.സിസി ഇക്കാര്യത്തെ എതിര്‍ക്കുന്നതിനു മുന്‍പ് തന്നോട് അഭിപ്രായം തേടിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ എന്റെ നിലപാട് 2018ല്‍ തന്നെ വ്യക്തമാക്കിയതാണെന്നും തിരുവനന്തപുരത്തിന്റെ എം.പി എന്ന നിലയില്‍ തിരുവനന്തപുരത്തിന്റെ നല്ലതിനു വേണ്ടി മാത്രമാണ് തന്റെ നിലപാടെന്നും തരൂര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more