ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എം.പിയുമായ ശശി തരൂര്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
ഒരു കെറ്റിലില്‍ നിന്ന് ത്രിവര്‍ണ പതാകയുടെ നിറത്തില്‍ അരിപ്പയിലേക്ക് ഒഴിക്കുന്ന ‘ചായ’, അരിപ്പയില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ കാവി നിറം മാത്രമായി മാറുന്ന ഒരു ചിത്രമായിരുന്നു ശശി തരൂര്‍ ട്വീറ്റില്‍ പങ്കുവെച്ചിരുന്നത്.
മുംബൈയിലെ കലാകാരനായ അഭിനവ് കഫാരെയുടെ ഈ സൃഷ്ടി രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്നതാണ് എന്ന കുറിപ്പോടെയായിരുന്നു തരൂര്‍ ചിത്രം പങ്കുവെച്ചിരുന്നത്.
എന്നാല്‍ ഇങ്ങനയൊരു ചിത്രം കൊണ്ട് ശശിതരൂര്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന ചോദ്യമായിരുന്നു പലരും ഉയര്‍ത്തിയത്.
ഇന്ത്യ ഒന്നാകെ കാവിവത്ക്കരിപ്പെടുന്നു എന്നാണോ അതോ കോണ്‍ഗ്രസ് കാവിവത്ക്കരിക്കപ്പെടുകയാണോ എന്നായിരുന്നു ചിലരുടെ ചോദ്യം. ചര്‍ച്ച ചൂടുപിടിച്ചതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തരൂര്‍.
തന്റെ ട്വീറ്റിന്റെ അര്‍ത്ഥത്തിന് ചിലര്‍ ആര്‍.എസ്.എസ് അനുകൂല വ്യാഖ്യാനം നല്‍കുന്നുവെന്നത് ഏറെ അസഹനീയമാണെന്നും താന്‍ ഉദ്ദേശിച്ചത് ‘ചായക്കാരന്‍’ ഇന്ത്യയുടെ മൂവര്‍ണക്കൊടിയെ കാവിനിറത്തിലേക്ക് മാറ്റുകയാണ് എന്നതാണെന്നാണ് തരൂരിന്റെ വിശദീകരണം.
‘എന്റെ ട്വീറ്റിന്റെ അര്‍ത്ഥത്തിന് ചിലര്‍ ആര്‍.എസ്.എസ് അനുകൂല വ്യാഖ്യാനം നല്‍കുന്നുവെന്നത് ഏറെ അസഹനീയമാണ്. അഭിനവ് കഫാരെ എന്ന കലാകാരനെ എനിക്കറിയില്ല. പക്ഷേ, ഞാന്‍ ഇത് പോസ്റ്റ് ചെയ്തതിന് കാരണം, ചായക്കാരന്‍ ഇന്ത്യയുടെ മൂവര്‍ണ്ണക്കൊടിയെ കാവിനിറത്തിലേക്ക് മാത്രമായി മാറ്റുകയാണ്. നമ്മള്‍ അതിനെ ശക്തമായി ചെറുക്കണം. അതുതന്നെയാണ് എന്റെ പുസ്തകങ്ങള്‍ നല്‍കുന്ന സന്ദേശവും’ എന്നായിരുന്നു തരൂരിന്റെ വിശദീകരണ കമന്റ്. ഇംഗ്ലീഷിലും മലയാളത്തിലും തരൂര്‍ കമന്റ് പങ്കുവെച്ചിട്ടുണ്ട്.
ചൊവ്വാഴ്ച തരൂര്‍ ട്വീറ്റ് പങ്കുവെച്ചതിന് പിന്നാലെ ഇത് കോണ്‍ഗ്രസിന്റെ തന്നെ പതാകയാണെന്നും കാവിവത്ക്കരിക്കുന്ന കോണ്‍ഗ്രസിനെയാണ് ചിത്രം വരച്ചുകാട്ടുന്നതെന്നും ചിലര്‍ വാദിച്ചിരുന്നു. എന്നാല്‍ കാവിവത്ക്കരിക്കപ്പെടുന്ന ഇന്ത്യയെ കുറിച്ചാണ് ചിത്രം പറയുന്നതെന്നായിരുന്നു ചിലരുടെ വിലയിരുത്തല്‍.
ഈ മൂന്ന് നിറങ്ങളും കൂടി ചേര്‍ന്ന് പച്ച നിറം വരണമെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത് എന്നും ചിലര്‍ തരൂരിനോട് ചോദിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക