| Thursday, 3rd March 2022, 11:22 am

മാധ്യമസ്വാതന്ത്ര്യം പരമപ്രധാനം; കാരണമില്ലാത്ത വിലക്കുകളോട് യോജിപ്പില്ല: ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തില്‍ പരമപ്രധാനമാണെന്നും വ്യക്തമായ കാരണമില്ലാതെ ഒരു വാര്‍ത്താമാധ്യമത്തെ വിലക്കുന്നതിനോട് യോജിക്കാനാവില്ലെന്നും ശശി തരൂര്‍ എം.പി.

വാര്‍ത്താവിതരണകാര്യ പാര്‍ലമെന്ററി സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ മീഡിയവണ്‍ വിലക്കില്‍ ഇടപെട്ടിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

മീഡിയ വണ്‍ വിലക്കിനെതിരെ ബിനോയ് വിശ്വം എം.പിയും ഇന്നലെ രംഗത്തെത്തിയിരുന്നു. ഒരു മാധ്യമസ്ഥാപനത്തെ മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്ന് വിലക്ക് പ്രഖ്യാപിച്ച്, അതിന്റെ വായ മൂടിക്കെട്ടാനുള്ള നീക്കം എങ്ങനെയാണ് അംഗീകരിക്കാനാവുകയെന്നും അതിന്റെ ഉത്തരം പറയേണ്ടത് ഗവണ്‍മെന്റാണെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

മീഡിയവണ്‍ ചെയ്ത തെറ്റെന്താണെന്നും അപരാധമെന്താണെന്നുമറിയാന്‍ ഈ നാടിന് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്താണ് കാരണമെന്ന് പറയാതെ, അതിനെക്കുറിച്ച് ചോദ്യങ്ങളോ, ഉത്തരങ്ങളോ ഇല്ലാതെ കോടതി അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിലപാട് പറയുന്നത് ഇന്ത്യയില്‍ ജനാധിപത്യ അവകാശങ്ങളെ മാനിക്കുന്ന, സ്നേഹിക്കുന്ന എല്ലാവരെയും ഞെട്ടിക്കുന്നതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

മീഡിയവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് തുടരുമെന്നാണ് ഇന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞത്. ചാനല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളികൊണ്ടാണ് ചീഫ് ജസ്റ്റിസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഹരജിയില്‍ ഉത്തരവ് പറഞ്ഞത്.

അതേസമയം, ചാനല്‍ വിലക്കിനെതിരെ മീഡിയവണ്‍ ഇന്നലെ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു.മീഡിയവണ്‍ ചാനല്‍ നല്‍കിയ ഹരജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ചാനല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നത്.

ചാനലിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ എന്തൊക്കെ കാരണങ്ങളാലാണ് വിലക്കിയതെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നുമാണ് ചാനലിന്റെ വാദം.

ചാനലിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ നീക്കമെന്നും ഹരജിക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ രേഖകള്‍ കൂടി പരിശോധിച്ച ശേഷമാണ് ഇന്ന് അന്തിമ വിധി പുറപ്പെടുവിച്ചത്.

Content Highlight: Sasi Tharoor Mp About Mediaone Ban

We use cookies to give you the best possible experience. Learn more