| Tuesday, 16th February 2021, 10:22 pm

ബാബാ രാംദേവിനെ പോലെ യോഗ അറിയാമെങ്കില്‍ ഇന്ധന വില ലിറ്ററിന് 6 രൂപയാകും; കേന്ദ്രത്തെ പരിഹസിച്ച് തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. പെട്രോള്‍ വില കുറയാന്‍ ബാബാ രാംദേവിന്റെ യോഗ ശീലമാക്കിയാല്‍ മതിയെന്ന് കാര്‍ട്ടൂണ്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തായിരുന്നു തരൂരിന്റെ വിമര്‍ശനം.

90 രൂപയിലെത്തി നില്‍ക്കുന്ന ഇന്ധവില കുറയ്ക്കാന്‍ ബാബാ രാദേവിനെ പോലെ യോഗ ശീലിച്ചാല്‍ മതിയെന്നും അദ്ദേഹത്തെപോലെ തലകീഴായി നിന്നുള്ള യോഗമുറകള്‍ ചെയ്യുമ്പോള്‍ ലിറ്ററിന് 6 രൂപയായി ഇന്ധനവില താഴുന്നത് കാണാമെന്നും പറയുന്ന കാര്‍ട്ടൂണാണ് തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

ബാബാ രാംദേവില്‍ നിന്ന് യോഗ അഭ്യസിച്ചാല്‍ നിങ്ങള്‍ക്ക് കാണാം പെട്രോള്‍ വില ലിറ്ററിന് 6 രൂപയാകുന്നത്’, എന്ന് തരൂര്‍ ട്വിറ്ററിലെഴുതി.

തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്ത് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം. ഉത്തരേന്ത്യയിലെ ഉള്‍ഗ്രാമങ്ങളില്‍ പെട്രോള്‍-ഡീസല്‍ വില 100 രൂപ കടന്നിരിക്കുകയാണ്. പ്രീമിയം പെട്രോളുകള്‍ക്കും ചില പ്രധാന നഗരങ്ങളില്‍ 100 രൂപയ്ക്ക് മുകളിലായിരിക്കുകയാണ്.

കൊവിഡ് മൂലം ലോകം മുഴുവന്‍ ലോക്ഡൗണിലായ ഘട്ടത്തിലാണ് അന്താരാഷ്ട്ര തലത്തില്‍ എണ്ണയുടെ മൊത്തം ഉത്പാദനത്തില്‍ കുറവുണ്ടായത്. ഇതിന് പിന്നാലെ ക്രൂഡ് ഓയിലിന്റെ വില കുത്തനെ കുറയുകയും ചെയ്തു.

2020 ജനുവരിയില്‍ അന്താരാഷ്ട്ര എണ്ണ വില ബാരലിന് 64 ഡോളറായിരുന്നപ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ ലിറ്ററിന് 77 രൂപയായിരുന്നു വില. 2020 മെയ് മാസത്തില്‍ അന്താരാഷ്ട്ര എണ്ണ വില കുത്തനെ കുറഞ്ഞ് ബാരലിന് 29 ഡോളറായപ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ വില 71 രൂപ.

അതായത് അന്താരാഷ്ട്ര എണ്ണവില പകുതിയോളം താഴ്ന്നിട്ടും പെട്രോള്‍ വിലയില്‍ ശരാശരി ആറ് രൂപയുടെ കുറവാണുണ്ടായത്.

2020 ഓക്ടോബര്‍ ആയപ്പോഴേക്കും അന്താരാഷ്ട്ര എണ്ണവില ബാരലിന് 40 ഡോളര്‍ ആയി. ആ ഘട്ടത്തില്‍ രാജ്യത്ത് പെട്രോള്‍ വില 80 രൂപയ്ക്ക് മുകളിലായി.

2021 ഫെബ്രുവരിയില്‍ അന്താരാഷ്ട്രതലത്തില്‍ എണ്ണ വില 60 ഡോളറായി വര്‍ധിച്ചപ്പോള്‍ പെട്രോള്‍ വില 90 രൂപയായി വര്‍ധിച്ചിരിക്കുന്നു. അതായത് നാല് മാസം കൊണ്ടാണ് 81 രൂപയില്‍ നിന്ന് 90 രൂപയിലേക്കുള്ള കുതിപ്പ് സംഭവിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sasi Tharoor Mocks Central Government On Fuel Hike

We use cookies to give you the best possible experience. Learn more