തിരുവനന്തപുരം: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തിടത്ത് നിര്‍മിച്ച ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയ രാം ലല്ലയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍.
തന്റെ ട്വീറ്റ് തെറ്റായി വ്യഖ്യാനിച്ചെന്നും ഒരു വരി ട്വീറ്റിന്റെ പേരില്‍ താന്‍ സെക്യുലര്‍ അല്ല എന്നാണ് എസ്.എഫ്.ഐ പറയുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
‘എന്റെ ട്വീറ്റ് തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണ്. കോണ്‍ഗ്രസുകാരനായ ഞാന്‍ എന്തിന് ശ്രീരാമനെ ബി.ജെ.പിക്ക് വിട്ടുകൊടുക്കണം. ബി.ജെ.പിയുടെ ആഗ്രഹം അതായിരിക്കും. എന്നാല്‍ ഞാന്‍ രാമനെ ബി.ജെ.പിക്ക് വിട്ടുകൊടുക്കാന്‍ തയ്യാറല്ല. രാമനെ പ്രാര്‍ത്ഥിക്കുന്ന ഹിന്ദുക്കളെല്ലാം ബി.ജെ.പിയല്ല. എസ്.എഫ്.ഐയുടെ പ്രതിഷേധം എന്റെ മതേതരത്വത്തില്‍ സംശയിച്ചുകൊണ്ടാണ്. ഒരു വരി ട്വീറ്റിന്റെ പേരില്‍ ഞാന്‍ സെക്യുലര്‍ അല്ല എന്നാണ് എസ്.എഫ്.ഐ പറയുന്നത്,’ ശശി തരൂര്‍ പറഞ്ഞു.
‘ സീയാവര്‍ രാമചന്ദ്ര കീ ജയ്’ (Hail Ramchandra to Siyavar ) എന്ന് കുറിച്ചു കൊണ്ടാണ് ശശി തരൂര്‍ രാമവിഗ്രഹത്തിന്റെ ചിത്രം എക്‌സില്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെ തരൂരിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി തരൂര്‍ എത്തിയത്.
അയോധ്യയിലേക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളാരും പങ്കെടുക്കേണ്ടതില്ല എന്നായിരുന്നു എ.ഐ.സിസിയുടെ നിലപാട്.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസ് ആ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതെന്നും ശശി തരൂര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
പുരോഹിതരല്ല പകരം പ്രധാനമന്ത്രിയാണ് ചടങ്ങിന് നേതൃത്വം നല്‍കുന്നതെന്നും അതിലെ രാഷ്ട്രീയാര്‍ത്ഥം കാണണമെന്നും തരൂര്‍ പറഞ്ഞിരുന്നു.
ഹിന്ദു വിശ്വാസത്തെ കോണ്‍ഗ്രസ് അവഹേളിച്ചിട്ടില്ലെന്നും ഉദ്ഘാടനം കഴിഞ്ഞാല്‍ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.
‘എല്ലാവര്‍ക്കും അവരവരുടെ വിശ്വാസത്തില്‍ പൂര്‍ണ അധികാരമുണ്ട്. മറ്റവസരങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അയോധ്യ ഉള്‍പ്പെടെ പല ക്ഷേത്രങ്ങളിലും പോകും. ഞാന്‍ ക്ഷേത്രങ്ങളില്‍ പോകുന്നതിനു വലിയ പ്രചാരണം നല്‍കാറില്ല. അവസരം ലഭിക്കുമ്പോള്‍ ഞാനും അയോധ്യയില്‍ പോകുമായിരിക്കും.
ഞാന്‍ ക്ഷേത്രത്തില്‍ പോകുന്നതു പ്രാര്‍ഥിക്കാനാണ്, രാഷ്ട്രീയം കളിക്കാനല്ല. എല്ലാ വ്യക്തികള്‍ക്കും ദൈവവുമായുള്ള ബന്ധം സ്വകാര്യ വിശ്വാസമാണ്. ഞാന്‍ ആരുടെയും വിശ്വാസത്തെ കുറ്റംപറയില്ല. എന്റെ വിശ്വാസം എന്റെ സ്വകാര്യ വിഷയമാണ് ,’ എന്നായിരുന്നു തരൂരിന്റെ അന്നത്തെ പ്രതികരണം.
Content Highlight: Sasi Tharoor Explains his tweet about Ram lalla