ബി.ജെ.പിക്ക് വോട്ട് ചെയ്ത ജനങ്ങള്‍ വഞ്ചിക്കപ്പെട്ടു; മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് തരൂര്‍
national news
ബി.ജെ.പിക്ക് വോട്ട് ചെയ്ത ജനങ്ങള്‍ വഞ്ചിക്കപ്പെട്ടു; മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th May 2023, 11:50 am

ഇംഫാല്‍: മെയ്തി കുകി വിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം കൊണ്ടു വരണമെന്ന കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍. ബി.ജെ.പിയെ അധികാരത്തിലെത്തിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മണിപ്പൂരിലെ വോട്ടര്‍മാര്‍ കടുത്ത വഞ്ചനയാണ് നേരിടുന്നതെന്ന് തരൂര്‍ പറഞ്ഞു.

‘ബി.ജെ.പി അധികാരത്തിലെത്തി ഒരു വര്‍ഷം പിന്നിടുമ്പോള്‍ മണിപ്പൂരിലെ വോട്ടര്‍മാര്‍ കടുത്ത വഞ്ചനയാണ് നേരിടുന്നത്. രാഷ്ട്രപതി ഭരണത്തിന് സമയമായി, എന്തിന് വേണ്ടിയാണോ തെരഞ്ഞെടുക്കപ്പെട്ടത് ആ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല’ തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

മണിപ്പൂരിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, ബി.ജെ.പി വാഗ്ദാനം ചെയ്ത്, ഏറെ കൊട്ടിഘോഷിച്ച സദ്ഭരണത്തിന് എന്ത് സംഭവിച്ചുവെന്ന് ശരിയായ ചിന്താഗതിക്കാരായ എല്ലാ ഇന്ത്യക്കാരും സ്വയം ചോദിക്കണമെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ, കോണ്‍ഗ്രസും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെയ്ക്കണമെന്നും മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇതുവരെ 54 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 150തോളം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ആയിരത്തിലേറെ പേരെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. സംഘര്‍ഷ മേഖലകളില്‍ ഇപ്പോഴും സൈന്യത്തിന്റെ കാവല്‍ തുടരുകയാണ്. രാവിലെ ഏഴ് മുതല്‍ പത്ത് വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

53 ശതമാനം വരുന്ന മെയ്തി വിഭാഗത്തെ ഗോത്രവര്‍ഗമായി പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയായിരുന്നു മണിപ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

Content highlight: Sasi tharoor calls for presidential rule in manipur