മോദി സ്തുതി: ട്വീറ്റ് വളച്ചൊടിച്ചതെന്ന് ശശി തരൂര്‍; കെ.മുരളീധരനെതിരെയും വിമര്‍ശനം
Kerala News
മോദി സ്തുതി: ട്വീറ്റ് വളച്ചൊടിച്ചതെന്ന് ശശി തരൂര്‍; കെ.മുരളീധരനെതിരെയും വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th August 2019, 5:19 pm

തിരുവനന്തപുരം: മോദി അനുകൂല പ്രസ്താവനയില്‍ തന്നെ വിമര്‍ശിച്ച കെ.മുരളിധരന് മറുപടിയുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. താന്‍ മോദിയുടെ കടുത്ത വിമര്‍ശകനാണെന്നും തന്റെ ട്വീറ്റ് വളച്ചൊടിക്കപ്പെട്ടതാണെന്നും തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടായിരുന്നു തരൂര്‍ ആദ്യം രംഗത്തെത്തിയത്. പിന്നാലെ ഇത് കോണ്‍ഗ്രസിനുള്ളില്‍ വലിയ വിവാദമാവുകയായിരുന്നു.

‘മോദി സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിട്ടുള്ളത് താനാണെന്നും മൂല്യങ്ങളിലും ഭരണഘടനയിലും വിശ്വസിക്കുന്നത് കൊണ്ടാണ് താന്‍ മൂന്ന് തവണ ജയിച്ചത്. തന്റെ അഭിപ്രായത്തോട് യോജിപ്പില്ലെങ്കിലും സമീപനത്തെ ബഹുമാനിക്കണമെന്നും’ തരൂര്‍ വ്യക്തമാക്കി.

മുരളീധരന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിട്ട് എട്ടുവര്‍ഷമേ ആയുള്ളുവെന്നും തരൂര്‍ കുറ്റപ്പെടുത്തി.

ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി ശശി തരൂര്‍ വട്ടിയൂര്‍കാവിലേക്ക് വരണമെന്നില്ലെന്നും മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബി.ജെ.പിയിലേക്ക് പോകാമെന്നുമായിരുന്നു മുരളീധരന്റെ വിമര്‍ശനം.

2014നും 2019നും ഇടയില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രവര്‍ത്തനങ്ങളാണ് 30%ത്തിലേറെ വോട്ടു നേടി അധികാരത്തില്‍ തുടരാന്‍ സഹായകരമായത്. അത് പരിഗണിക്കേണ്ട സമയമാണിത്.’ എന്നായിരുന്നു ജയറാം രമേശ് പറഞ്ഞത്. പിന്നാലെ
നരേന്ദ്രമോദിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ പ്രശംസനീയമാണെന്നും പറഞ്ഞ് തരൂര്‍ രംഗത്തെത്തി.

ശശി തരൂരിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ശശി തരൂര്‍ നിലപാടില്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.