ന്യൂദല്‍ഹി: ഏതെങ്കിലും മുസ്‌ലിം യുവാവ് ഒരു ഹിന്ദു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയാല്‍ അവന്റെ അമ്മ പെങ്ങള്‍ അടക്കമുള്ള എല്ലാ മുസ്‌ലിം സ്ത്രീകളേയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഹിന്ദുത്വ പുരോഹിതന്‍ ബജ്‌രംഗ് മുനിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
ഒരു ഐ.എസ് തീവ്രവാദി എങ്ങനെയാണോ നിങ്ങളുടെ മതത്തിന്റെ പ്രതിനിധിയാകാത്തത് അതുപോലെ തന്നെ ഇത്തരം തെമ്മാടികള്‍ ഞങ്ങളുടെ മതത്തേയും പ്രതിനിധീകരിക്കുന്നില്ലെന്നും ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഇത്തരക്കാരെ അംഗീകരിക്കില്ലെന്നും ശശി തരൂര്‍ ട്വിറ്ററില്‍ എഴുതി.
ബജ്‌രംഗ് മുനിയുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
‘ഒരു ഹിന്ദു എന്ന നിലയില്‍ മുസ്‌ലിം സുഹൃത്തുക്കളോട് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്, ഒരു ഐ.എസ് തീവ്രവാദി എങ്ങനെയാണോ നിങ്ങളുടെ മതത്തിന്റെ പ്രതിനിധിയാകാത്തത് അതുപോലെ തന്നെ ഇത്തരം തെമ്മാടികള്‍ ഞങ്ങളുടെ മതത്തേയും പ്രതിനിധീകരിക്കുന്നില്ല.
ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഇത്തരക്കാരെ നിരസിക്കുന്നവരാണ്. അവര്‍ എവിടെയും ഞങ്ങള്‍ക്കുവേണ്ടിയോ ഹിന്ദുക്കള്‍ക്കു വേണ്ടിയോ സംസാരിക്കുന്നവരല്ല. അവര്‍ അവര്‍ക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നത്’ ശശി തരൂര്‍ ട്വിറ്ററില്‍ എഴുതി.
ഏതെങ്കിലും മുസ്‌ലിം യുവാവ് ഒരു ഹിന്ദു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയാല്‍ അവന്റെ അമ്മ പെങ്ങന്മാര്‍ അടക്കമുള്ള എല്ലാ മുസ്‌ലിം സ്ത്രീകളേയും ബലാത്സംഗം ചെയ്യണമെന്നായിരുന്നു ബജ്‌രംഗ് മുനിയുടെ ആഹ്വാനം. തടയാന്‍ ധൈര്യമുള്ളവര്‍ അതിന് വരട്ടെയെന്നും ഇവിടെ
മുസ്‌ലിം രാജല്ല നടക്കുന്നതെന്നും ഇയാള്‍ പറഞ്ഞിരുന്നു.
അതേസമയം മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമെന്ന ഭീഷണി പ്രസംഗത്തില്‍ ബജ്‌രംഗ് മുനിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നടി നടി സ്വര ഭാസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയരുന്നു.
‘നമസ്‌കാരം! ലോകം നിങ്ങളെ ശ്രദ്ധിക്കുന്നു(ദുനിയ ദേഖ് രഹി ഹേ)’ എന്ന് എഴുതി ദല്‍ഹി പൊലീസിനെ മെന്‍ഷന്‍ ചെയ്താണ് സ്വരയുടെ ട്വീറ്റ്. ഒപ്പം #ArrestBajrangMuni എന്ന ഹാഷ് ടാഗും സ്വര ഭാസ്‌കര്‍ പങ്കുവെച്ചിട്ടുണ്ട്.
വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദുത്വ പുരോഹിതനെതിരെ ട്വിറ്ററില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നുണ്ട്.
#ArrestBajrangMuni എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രന്റിംഗാണ്. പുരോഹിതന്റെ പ്രസംഗങ്ങളുടെ വിവിധ വീഡിയോകള്‍ പങ്കുവെച്ചാണ് ആളുകള്‍ പ്രതിഷേധമുയര്‍ത്തുന്നത്. ട്വിറ്റര്‍ ഇന്ത്യയുടെ കണക്ക് പ്രകാരം ആദ്യ അഞ്ചില്‍ #ArrestBajrangMuni എന്ന ഹാഷ് ടാഗ് ട്രന്റിംഗിലുള്ളത്.
അതേസമയം, പ്രതിഷേധം കനക്കുന്നതിനിടെ സംഭവം നടന്ന് ആറ് ദിവസങ്ങള്‍ക്ക് ശേഷം അന്വേഷണം ആരംഭിച്ചിരിക്കുകയാണ് യു.പി പൊലീസ്. പുരോഹിതന്റെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്.
സീതാപൂര്‍ ജില്ലയിലെ പള്ളിക്ക് പുറത്ത് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന് ഹിന്ദുത്വ പുരോഹിതന്‍ പറഞ്ഞത്.
പുരോഹിതന്‍ ജീപ്പിനുള്ളില്‍ നിന്ന് പ്രസംഗിക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. വീഡിയോയില്‍ പൊലീസുകാരെയും ഇയാള്‍ക്ക് പിന്നില്‍ കാണാന്‍ സാധിക്കും.
ഇയാളുടെ പ്രസംഗത്തിനിടക്ക് ആള്‍കൂട്ടം ജയ് ശ്രീറാമെന്ന് വിളിച്ച് ആക്രോശിക്കുന്നതും വര്‍ഗീയവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതായും വീഡിയോയില്‍ കാണാം.
തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും ഇതിനായി 28 ലക്ഷം രൂപയോളം പിരിച്ചെടുത്തതായും പുരോഹിതന്‍ പ്രസംഗത്തില്‍ ആരോപിക്കുന്നുണ്ട്.
Content Highlight: Sasi Tharoor against Bajrang Muni speech against muslims