ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് 19 ജാഗ്രത തുടരുന്നതിനിടെ അശാസ്ത്രീയ ഉപദേശവുമായി രംഗത്തെത്തിയ കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി ചൗബേക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പൊള്ളുന്ന വെയിലത്ത് പോയി നിന്നാല്‍ കൊവിഡ് 19 പോലുള്ള വൈറസ് ബാധയില്‍ നിന്ന് രക്ഷനേടാമെന്ന മന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് തരൂര്‍ രംഗത്തെത്തിയത്.
‘നട്ടുച്ചയ്ക്ക് പേപ്പട്ടിയും സായിപ്പും മാത്രമേ വെയില്‍ കൊള്ളാന്‍ പുറത്തിറങ്ങാറുള്ളൂ എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിനെ പേപ്പട്ടിയും സായിപ്പും ആരോഗ്യമന്ത്രിയും എന്ന് മാറ്റി പറയേണ്ടി വരും. ആരോഗ്യം സംരക്ഷിക്കാനായി ആരോഗ്യസഹമന്ത്രി ഒരുപാട് ഉച്ചവെയില്‍ല കൊള്ളുന്നുണ്ടെന്നാണ് തോന്നുന്നത്’, എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
’11 മണിയ്ക്കും 12 മണിയ്ക്കും ഇടയില്‍ സൂര്യന്‍ നല്ല ചൂടിലായിരിക്കുമെന്നും അപ്പോള്‍ നമ്മള്‍ പുറത്തിറങ്ങി ഇരുന്നാല്‍ നമ്മുടെ ശരീരത്തിലെ വിറ്റാമിന്‍ ഡി കൂടുമെന്നും ഇത് വഴി രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച് നമുക്ക് കൊറോണ വൈറസിനെ കൊല്ലാമെന്നും’, ആയിരുന്നു അശ്വിനി ചൗബേ പ്രതികരിച്ചത്.
രാജ്യത്ത് ഇതിനോടകം കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 160 ലേറെയായിരിക്കെയാണ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യസഹമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്. സൂര്യവെളിച്ചത്തില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ടെങ്കിലും ഇത് കൊവിഡ് 19 നെ പ്രതിരോധിക്കുമെന്ന് കണ്ടെത്തിയിട്ടില്ല.
ആള്‍ക്കൂട്ടം ഒഴിവാക്കിയും വ്യക്തിശുചിത്വം പാലിച്ചും ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ തുടര്‍ച്ചയായി നിര്‍ദ്ദേശങ്ങള്‍ പുറത്തുവിടുന്നുണ്ട്. മാത്രമല്ല തിങ്കളാഴ്ച അശ്വിനി ചൗബേ കൂടി അംഗമായ ആരോഗ്യമന്ത്രാലയം കൊവിഡ് 19 മുന്‍കരുതലുകള്‍ക്കായി മൂന്ന് പേജുള്ള ലഘുലേഖ പുറത്തിറക്കിയിരുന്നു.
ഇതിലൊന്നും അശ്വിനി ചൗബേ പറഞ്ഞതുപോലുള്ള വിറ്റാമിന്‍ ഡിയോ സൂര്യവെളിച്ചം കൊള്ളുന്നതോ കൊവിഡ് 19 നെ പ്രതിരോധിക്കുമെന്ന് പറഞ്ഞിട്ടില്ല.
മാത്രമല്ല ക്യാന്‍സര്‍ രോഗം ഭേദഗമാകാന്‍ ഗോമൂത്രം കുടിച്ചാല്‍ മതിയെന്ന പ്രസ്താവനയും നേരത്തെ അശ്വിനി ചൗബേ നടത്തിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ