| Monday, 15th April 2019, 9:46 pm

ത്രാസ് പൊട്ടിവീണ് പരിക്കേറ്റ സംഭവം; തരൂരിനെ അപായപ്പെടുത്താനുള്ള ശ്രമമോയെന്ന് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. തരൂരിനെ അപായപ്പെടുത്താനുള്ള ശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നതായും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് സനല്‍ തമ്പാനൂരാണ് പോലീസില്‍ പരാതി നല്‍കി.

ഇന്ന് രാവിലെയാണ് തമ്പാനൂരിലെ ഗാന്ധാരിയമ്മന്‍ കോവിലില്‍ വഴിപാടിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരിക്കേറ്റത്. പഞ്ചസാര കൊണ്ടുള്ള തുലാഭാര നേര്‍ച്ചക്കിടെയായിരുന്നു അപകടം.

ത്രാസിന്റെ കൊളുത്ത് ഇളകിവീണതാണ് അപകടകാരണം. ശശി തരൂരിന്റെ തലയില്‍ മുറിവേറ്റിട്ടുണ്ട്. തലയില്‍ ആറ് സ്റ്റിച്ചിട്ടുണ്ട്. അപകടം നടന്ന ഉടന്‍ പ്രവര്‍ത്തകര്‍ തരൂരിനെ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തരൂരിനെ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വിദഗ്ധ പരിശോധനയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തരൂരിന്റെ ഇന്നത്തെ പ്രചാരണ പരിപാടികളെല്ലാം റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ചത്തെ പരിപാടികള്‍ മുന്‍നിശ്ചയപ്രകാരം നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ തമ്പാനൂര്‍ രവി അറിയിച്ചു.

We use cookies to give you the best possible experience. Learn more