| Sunday, 28th May 2023, 5:50 pm

ചെങ്കോല്‍ പാരമ്പര്യത്തിന്റെ പ്രതീകം; സ്വീകരിക്കണമെന്ന് ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചെങ്കോല്‍ വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. വിഷയത്തില്‍ ഇരുപക്ഷത്തിനും നല്ല വാദങ്ങളാണ് ഉള്ളതെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

പരമാധികാരവും ധര്‍മ്മ ഭരണവും ഉള്‍ക്കൊണ്ട് പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ചെങ്കോല്‍ പ്രതിഫലിപ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ പരമാധികാരം ഇന്ത്യന്‍ ജനതയില്‍ നിലനില്‍ക്കുന്നുവെന്ന് പ്രതിപക്ഷം വാദിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.

‘ഭരണഘടന അംഗീകരിച്ചത് ജനങ്ങളുടെ പേരിലാണെന്നും പരമാധികാരം ഇന്ത്യന്‍ ജനതയില്‍ നിലനില്‍ക്കുന്നുവെന്നും, അത് ദൈവിക അവകാശത്താല്‍ കൈമാറ്റം ചെയ്യപ്പെടുന്ന രാജകീയ പദവി അല്ലെന്നും പ്രതിപക്ഷം നന്നായി വാദിക്കുന്നു,’ തരൂര്‍ ട്വിറ്ററില്‍ കുറിക്കുന്നു.

അധികാര കൈമാറ്റത്തിന്റെ ഭാഗമായി മൗണ്ട് ബാറ്റണ്‍ നെഹ്‌റുവിന് ചെങ്കോല്‍ കൈമാറിയെന്നതിന് തെളിവുകളില്ലെന്നും നമ്മുടെ വര്‍ത്തമാന മൂല്യങ്ങളെ ഉറപ്പിക്കാന്‍ ഈ ചിഹ്നം ഭൂതകാലത്തില്‍ നിന്നും സ്വീകരിക്കാമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

‘അധികാര കൈമാറ്റത്തിന്റെ ഭാഗമായി മൗണ്ട് ബാറ്റണ്‍ നെഹ്‌റുവിന് ചെങ്കോല്‍ കൈമാറിയെന്നതിന് തെളിവുകളില്ല. ചെങ്കോല്‍ അധികാരത്തിന്റെ പരമ്പരാഗത പ്രതീകമാണെന്നും അത് ലോക്‌സഭയില്‍ പ്രതിഷ്ഠിക്കുന്നതിലൂടെ പരമാധികാരത്തെ അവിടെ നിലനിര്‍ത്തുന്നുവെന്നും ഒരു രാജാവിനും ഒപ്പമല്ലെന്നും ഇന്ത്യ ഉറപ്പിച്ച് പറയുകയാണ്. നമ്മുടെ വര്‍ത്തമാന മൂല്യങ്ങളെ ഉറപ്പിക്കാന്‍ ഈ ചിഹ്നം ഭൂതകാലത്തില്‍ നിന്നും സ്വീകരിക്കാം,’ തരൂര്‍ പറയുന്നു.

അതേസമയം, അധികാര കൈമാറ്റത്തിന്റെ ചിഹ്നമായാണ് ബ്രിട്ടീഷുകാര്‍ ജവഹര്‍ലാല്‍ നെഹ്റുവിന് ചെങ്കോല്‍ കൈമാറിയതെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിജയറാം രമേശ് തള്ളിയിരുന്നു.

മൗണ്ട് ബാറ്റണോ രാജാജിയോ നെഹ്‌റുവോ ചെങ്കോലിനെ ബ്രിട്ടീഷ് അധികാരം ഇന്ത്യയിലേക്ക് കൈമാറുന്നതിന്റെ പ്രതീകമായി വിശേഷിപ്പിച്ചതിന് യാതൊരു തെളിവുമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വാട്സാപ്പ് യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് ഇത്തരത്തിലുള്ള തെറ്റായ പ്രചരണമുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്‌സഭാ സ്പീക്കറുടെ ചെയറിന് സമീപം പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് ചെങ്കോല്‍ സ്ഥാപിച്ചു.

CONTENTHIGHLIGHT: Sasi tharoor about senghol contraversy

We use cookies to give you the best possible experience. Learn more