| Friday, 4th August 2023, 2:34 pm

'മണിപ്പൂരിനേക്കാള്‍ ഗൗരവതരമായ പ്രശ്‌നം രാജ്യത്തില്ല; എങ്ങനെയാണ് പ്രധാനമന്ത്രിക്ക് നിശബ്ദനായി ഇരിക്കാന്‍ സാധിക്കുന്നത്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍ എം.പി. മണിപ്പൂരിനേക്കാള്‍ ഗൗരവതരമായ ഒരു പ്രശ്‌നവും ഇന്ന് രാജ്യം നേരിടുന്നില്ലെന്നും എങ്ങനെയാണ് പ്രധാനമന്ത്രിക്ക് നിശബ്ദനായി ഇരിക്കാനാകുന്നതെന്നും അദ്ദേഹം ചോദിച്ചു. വ്യക്തിപരമായി താന്‍ പാര്‍ലമെന്റിനെ തടസപ്പെടുത്തണമെന്ന് വിചാരിക്കുന്ന ആളല്ലെന്നും എന്നാല്‍ പൂര്‍ണമായും തങ്ങളെ ഒരു മൂലയിലേക്ക് ഒതുക്കിയതായി തോന്നിയതിനാലാണ് പ്രതിപക്ഷത്തിന് പ്രതിഷേധിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍.

‘എം.പിമാരുടെ പെരുമാറ്റത്തില്‍ സ്പീക്കര്‍ അസ്വസ്ഥത പ്രകടിപ്പിച്ചതില്‍ ഞങ്ങള്‍ക്കും വിഷമമുണ്ട്. എന്നാല്‍ ഇത് ജനാധിപത്യത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ബി.ജെ.പിയും സഭയില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷം എന്തിനാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് മനസിലാക്കണം. നമ്മുടെ രാജ്യം വളരെ വലിയ ഒരു പ്രശ്‌നമാണ് നേരിടുന്നത്. മണിപ്പൂരില്‍ നിരവധിയാളുകള്‍ മരണപ്പെട്ടു, 60,000 ആളുകളെ മാറ്റിപാര്‍പ്പിച്ചു, വീടുകളും പള്ളികളും ആക്രമിക്കപ്പെട്ടു. ഇതിലും വലിയ മറ്റെന്ത് ഗൗരവതരമായ പ്രശ്‌നമാണ് രാജ്യം നേരിടാനുള്ളത്? എങ്ങനെയാണ് പ്രധാനമന്ത്രിക്ക് നിശബ്ദനായി ഇരിക്കാനാകുന്നത്? പ്രധാനമന്ത്രി എന്താണ് മണിപ്പൂരില്‍ സംഭവിക്കുന്നതെന്നതിനെ കുറിച്ച് മറുപടി പറയണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി സഭയില്‍ അഭിസംബോധന ചെയ്തത് നമുക്ക് മുന്‍പിലുണ്ട്. ഞങ്ങളുടേത് ന്യായമായ ആവശ്യമാണ്,’ ശശി തരൂര്‍ വ്യക്തമാക്കി.

പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സമ്മേളനത്തിന്റെ അവസാനത്തേക്ക് നീട്ടികൊണ്ടുപോകുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഇത് അസാധാരണമായ ഒന്നാണെന്നും ശശി തരൂര്‍ പറഞ്ഞു. പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ ലംഘിച്ചുകൊണ്ട് ബി.ജെ.പി ഒന്നിന് പിറകെ ഒന്നായി ബില്ല് പാസാക്കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു

‘മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കൊണ്ട് പരാമര്‍ശം നടത്തിക്കുന്നതിനായി പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ എന്താണ് സംഭവിച്ചത്. സമ്മേളനത്തിന്റെ അവസാനത്തേക്ക് ചര്‍ച്ച നീട്ടികൊണ്ടുപോകുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത് തീര്‍ത്തും അസാധാരണമായ ഒന്നാണ്. നിയമമനുസരിച്ച് പത്ത് ദിവസമാണ് ഷെഡ്യൂള്‍ ചെയ്യാനായി ഉള്ളത്. ആഗസ്റ്റ് അഞ്ചിന് മുന്‍പ് നടക്കേണ്ടതാണ് ചര്‍ച്ച, അതായത് 10 ദിവസത്തില്‍. എന്നാല്‍ സ്പീക്കറുടെ റൂളിങ്ങാണ് അന്തിമം, അദ്ദേഹം സര്‍ക്കാരിന് അനുകൂലമായി റൂളിങ് നടത്തുകയായിരുന്നു. പ്രശ്‌നമെന്തെന്നാല്‍ പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ ലംഘിച്ചുകൊണ്ട് അവര്‍ ഒന്നിന് പിറകെ ഒന്നായി ബില്ല് പാസാക്കികൊണ്ടിരിക്കുകയാണ്. അവിശ്വാസ പ്രമേയം തീര്‍പ്പുകല്‍പിക്കാതെ നയപരമായ തീരുമാനങ്ങളൊന്നും എടുക്കാന്‍ പാടില്ലെന്ന് പേജ് 772ല്‍ പറയുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷമുണ്ടായിട്ടുള്ള 27 അവിശ്വാസ പ്രമേയത്തിലും ഇത് പാലിക്കപ്പെട്ടു. 2018ലും ബി.ജെ.പി സര്‍ക്കാര്‍ ഇത്തരത്തില്‍ രണ്ട് ബില്ലുകള്‍ പാസാക്കി. ഇപ്പോള്‍ എട്ട്-ഒന്‍പത് ബില്ലുകളാണ് അവര്‍ പാസാക്കിയത്. സഭ നടത്തികൊണ്ടുപോകേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സഭ നടത്തിപ്പിനായി പ്രതിപക്ഷത്തോട് വിട്ടുവീഴ്ച ചെയ്യണമെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു,’ ശശി തരൂര്‍ പറഞ്ഞു.

ഞങ്ങളുടെ നിലപാട് മാറാന്‍ പോകുന്നില്ല. തുടക്കം മുതല്‍ തന്നെ പ്രധാനമന്ത്രി സംസാരിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ഇന്ന് ഇതിലും വലിയ പ്രശ്‌നം രാജ്യത്തില്ല. പാര്‍ലമെന്റില്‍ ഒരു പ്രസ്താവന നടത്തുന്നത് പ്രധാനമന്ത്രി ഗൗരവമായി കാണാത്തത് ഞങ്ങളില്‍ ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Sasi tharoor about opposition protest in parliament

We use cookies to give you the best possible experience. Learn more