| Thursday, 3rd August 2023, 4:22 pm

'പറഞ്ഞതൊക്കെ ശരിയാണ്, എന്നാല്‍ ഷംസീര്‍ വിഷയത്തിലത് കൂട്ടിക്കുഴക്കേണ്ട'; എന്‍.ഡി.ടി.വി അഭിമുഖത്തെക്കുറിച്ച് തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്പീക്കര്‍ എ.എന്‍. ഷംസീറുമായി ബന്ധപ്പെട്ട വിവാദത്തിനിടെ തന്റെ പഴയ പ്രസംഗം ചര്‍ച്ചയായതില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി. ഇന്ത്യയിലാണ് പ്ലാസ്റ്റിക് സര്‍ജറി കണ്ടുപിടിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഇതില്‍ ദൈവത്തിനെ കൊണ്ടുവരേണ്ട ഒരു ആവശ്യവുമില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ശാസ്ത്ര ബോധം വളര്‍ത്തണമെന്ന സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്തെത്തിയതിന് പിന്നാലെ ശശി തരൂര്‍ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖം ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ശശി തരൂരിന്റെ പ്രതികരണം. ഒരു ആനയുടെ തലയും മനുഷ്യന്റെ കഴുത്തും ഒരിക്കലും ഒരുമിച്ച് വരില്ലെന്ന തന്റെ മുന്‍നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ എട്ട് വര്‍ഷം മുന്‍പ് സംസാരിച്ച കാര്യത്തെ ഇപ്പോള്‍ വിവാദമാക്കേണ്ടതില്ലെന്നും തരൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

‘പ്രധാനമന്ത്രി ഒരു പ്രസംഗത്തില്‍ പറഞ്ഞു പ്ലാസിറ്റിക് സര്‍ജറി കണ്ടുപിടിച്ചതിന്റെ തെളിവായിരുന്നു ഗണേഷ് ജിയുടെ തല ഒരു മനുഷ്യന്റെ ദേഹത്ത് വെച്ചതെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇത് ശരിയല്ല പ്രധാനമന്ത്രി, കാരണം നമ്മുടെ രാജ്യം പ്ലാസ്റ്റിക് സര്‍ജറി കണ്ടുപിടിച്ചത് ശരിയാണ്, ശുശ്രുതന്റെ മൂക്കിന്റെ ഓപ്പറേഷന്‍ റെയ്‌നോ പ്ലാസ്റ്റിക് ചെയ്തത് അത് എങ്ങനെയാണ് നടത്തുന്നത് എന്നുകൂടി കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ചില സര്‍ജിക്കല്‍ ഉപകരണങ്ങള്‍ കണ്ടുപിടിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അപ്പോള്‍ എല്ലാവര്‍ക്കും അറിയാം ഇന്ത്യയാണ് പ്ലാസ്റ്റിക് സര്‍ജറി കണ്ടുപിടിച്ചതെന്ന്. ഇതില്‍ ദൈവത്തിനെ കൊണ്ടുവരേണ്ട ഒരു ആവശ്യവുമില്ല. കാരണം ഒരു ആനയുടെ തലയും മനുഷ്യന്റെ കഴുത്തും ഒരിക്കലും ഒരുമിച്ച് വരില്ല. ഇത് നമ്മുടെ ഒരു സങ്കല്‍പമാണ്. നമുക്കൊക്കെ വിചാരിക്കാനും പ്രാര്‍ത്ഥിക്കാനുമുള്ള ഒരു ഐഡിയ ആണ്.

ഹിന്ദുമതത്തില്‍ ദൈവത്തിനെ ഏത് വഴിക്ക് വേണമെങ്കിലും നിങ്ങള്‍ക്ക് മനസില്‍ കാണാമെന്നാണ് നമ്മുടെ ഋഷിമാര്‍ പറഞ്ഞിട്ടുള്ളത്. ഇതിനെ പ്ലാസ്റ്റിക് സര്‍ജറിയുമായി കൂട്ടിക്കലര്‍ത്തുന്നത് യാഥാര്‍ത്ഥ്യമായ നമ്മുടെ സയന്റിഫിക് വിവരങ്ങളും റിസര്‍ച്ചും പ്രകാരം നമ്മള്‍ നടത്തിയിട്ടുണ്ടായിരുന്ന പ്ലാസ്റ്റിക് സര്‍ജറിയെ നമ്മള്‍ അണ്ടര്‍മൈന്‍ഡ് ചെയ്യരുത് എന്നാണ് ഞാന്‍ ആ സമയത്ത് പറഞ്ഞത്. അതിനെ കുറിച്ച് തര്‍ക്കമില്ല. അതിന് ശേഷം പ്രധാനമന്ത്രി ആ ഉദാഹരണം ഉപയോഗിച്ചിട്ടില്ല. ഞാന്‍ പറഞ്ഞൊരു കാര്യം പിന്‍വലിക്കേണ്ട ആവശ്യമില്ല.

ഈ വിവാദത്തില്‍ ഞാനൊരു വിശ്വാസിയായിട്ട് വിശ്വാസികള്‍ക്കിടയിലെ വിഷയങ്ങളെ കുറിച്ചും കമ്മിറ്റ് ചെയ്യാതിരിക്കുകയാണ് ഭേദം. എന്റെ അഭിപ്രായത്തില്‍ എനിക്ക് വേറെ മതത്തെ കുറിച്ച് പറയാന്‍ അഭിപ്രായമില്ല, അവര്‍ക്ക് എന്റെ വിശ്വാസത്തെ കുറിച്ചോ എന്റെ മതത്തെ കുറിച്ചോ സംസാരിക്കേണ്ട ആവശ്യവുമില്ല. ഇങ്ങനെയൊരു വിഷയം നമ്മള്‍ വിവാദമാക്കുന്നതേ മോശമാണ്. ഞാന്‍ എട്ട് വര്‍ഷം മുന്‍പ് സംസാരിച്ച കാര്യമാണ്, ഇപ്പോള്‍ അതിനെ അവര്‍ ഏറ്റെടുത്തൊരു വിഷയമുണ്ടാക്കുന്നത്. ഇന്നത്തെ വിവാദത്തില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. ഒരു ഗണേഷ് ഭക്തനായി ഞാന്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുമില്ല,’ തരൂര്‍ പറഞ്ഞു.

ഗമപതിയുടെ തലവെട്ടി, ആനത്തല ഉപയോഗിച്ചാണ് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി എന്ന് പ്രധാനമന്ത്രി പറയുന്നത് എങ്ങനെ വിശ്വസിക്കുമെന്ന് ശശി തരൂര്‍ പറയുന്ന വീഡിയോയായിരുന്നു ശ്രദ്ധനേടിയിരുന്നത്. ചിന്താശേഷി കുറഞ്ഞ ആനയുടെ തലയും ചിന്താശേഷി കൂടിയ മനുഷ്യന്റെ തലയും എങ്ങനെയാണ് ഒരുമിക്കുകയെന്നും അഭിമുഖത്തില്‍ തരൂര്‍ ചോദിച്ചിരുന്നു.

Content Highlights: Sasi tharoor about his previos interview in ndtv

We use cookies to give you the best possible experience. Learn more